‘ലോകത്ത് മനുഷ്യരുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം’; ഒരു അച്ഛന്റെയും മകന്റെയും ജീവിതം പറഞ്ഞ്‌ അലി കടുകശ്ശേരി

‘കെട്ടിപ്പിടിച്ച് എന്റെ മോന്‍ അന്ന് കരഞ്ഞ ആ കരച്ചില്‍ മരണം വരെ മറക്കാനാവില്ല. ആര് വന്നാലും എനിക്ക് ഈ അച്ഛന്‍ മതി. ഈ അച്ഛനെ വിട്ട് എങ്ങും പോകില്ല എന്നും പറഞ്ഞ് അവന്‍ ഇന്ന് എന്നെ ആശ്വസിപ്പിക്കുന്നു. ലോകത്ത് ഒരു മകനും ഒരു അച്ഛനും ഇത്തരം ഒരു സന്ദര്‍ഭത്തിലൂടെ കടന്നുപോകാന്‍ ഇടവരരുതേ എന്ന് ഹൃദയം നുറുങ്ങി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’, അലി കടുകശ്ശേരി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍നിന്നാണിത്. ജീവിതത്തിന്റെ ഒരേടുചീന്തി അലിയെഴുതിയ വാക്കുകള്‍.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അലി എഴുതിയ ഈ വാക്കുകള്‍ക്ക് പിന്നില്‍ മൂന്ന് ജീവിതങ്ങളും പതിനൊന്ന് വര്‍ഷത്തെ ജീവിതവുമാണുള്ളത്. ഒരു ഘട്ടത്തില്‍ താനെടുത്ത എടുത്ത തീരുമാനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചതിന് പിന്നാലെ നാനാഭാഗങ്ങളില്‍നിന്നും നിരവധിപ്പേര്‍ അലിക്ക് പിന്തുണയുമായെത്തി. ലോകത്ത് മനുഷ്യരുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമെന്നാണ് അലി തന്നെ ഇതിനെക്കുറിച്ച് പറയുന്നത്. ജീവിതത്തിലെടുത്ത നിര്‍ണായക തീരുമാനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അലി തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിട്ടത്.

ഒരു ട്രെയിന്‍ യാത്രയ്ക്കിടെ ആത്മഹത്യയുടെ വക്കില്‍നിന്നും തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ച ഒരു യുവതിയെയും മകനെയും കുറച്ചാണ് അലിയെഴുതിയത്. അറ്റമറിയാത്ത യാത്രയ്ക്കിടെ അവര്‍ പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മതമില്ലാതെ വിവാഹിതരായി. അലി ആ കുഞ്ഞിന്റെ അച്ഛനായി. പിന്നീട് കുഞ്ഞിന്റെ പന്ത്രണ്ടാം വയസ്സില്‍ ‘ഞാന്‍ നിന്റെ ബയോളജിക്കല്‍ ഫാദറല്ല’, എന്ന് മകനോട് പറയേണ്ടി വന്നപ്പോഴുണ്ടായ വേദനയും അലി വിവരിക്കുന്നു. കുട്ടിയുടെ പിതാവ് അവകാശവാദമുന്നയിച്ച് വന്നപ്പോഴാണ് ഇത് പറയേണ്ടി വന്നതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. പതിനൊന്നു വര്‍ഷം എത്തി നില്‍ക്കുന്ന ഈ ജീവിതം അലി വിവരിച്ചതോടെ പിന്തുണയുമായി ആളുകളെത്തി.

‘ലോകത്ത് മനുഷ്യരുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ്. ആയിരക്കണക്കിന് ആളുകളാണ് എനിക്ക് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണ നല്‍കിത്. അനേകം പേര്‍ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. സമൂഹത്തിന്റെ പൊതു മനസാക്ഷി എങ്ങനെയാണ് പെരുമാറുക എന്നത് വളരെ മനോഹരമായി തോന്നിയ സന്ദര്‍ഭമാണ്. ഞാന്‍ ചെയ്തത് വലിയൊരു ശരിയാണെന്ന് സമൂഹം എന്നെ ബോധ്യപ്പെടുത്തുന്ന നിമിഷം. നേരിനൊപ്പം നില്‍ക്കുന്ന പൊതു സമൂഹത്തിന്റെ സ്നേഹമാണ് ഏറ്റവും വലിയ അംഗീകാരം. ആളുകള്‍ക്ക് എന്നെ മനസിലായി. വലിയ വെളിച്ചമുള്ള മനുഷ്യരുണ്ടെന്ന് എനിക്കും. ഞാന്‍ മനുഷ്യരെ കണ്ട് വന്നവനാണ്. അതുകൊണ്ട് ഇവിടെ മനുഷ്യരുണ്ട് എന്നതില്‍ എനിക്കൊരു സംശയവുമില്ല’, തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ച് അലി ന്യൂസ്റപ്റ്റിനോട് പറഞ്ഞു.

വര്‍ഗ്ഗീയതയുടെയും ജാതീയതയുടെയും വാര്‍ത്തകളാണ് നാം നിരന്തരം കാണുന്നത്. അതിനിടയില്‍ വിശാലമായൊരു ലോകമുണ്ടെന്ന് കാണുമ്പോള്‍ വലിയൊരു തുറസ്സിലേക്ക് നോട്ടം കിട്ടിയതുപോലെയാണ് ആളുകള്‍ക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ തയ്യാറായാല്‍ മാത്രമാവും എന്തിനുവേണ്ടി നമ്മള്‍ ജീവിച്ചു എന്നതിന് ഉത്തരമുണ്ടാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.