ആവശ്യമില്ലാത്ത നിയമങ്ങള്‍ ലക്ഷദ്വീപില്‍ നടപ്പാക്കരുതെന്ന് അലി മണിക്ഫാന്‍; ‘ജീവിതത്തില്‍ കൈകടത്തിയാല്‍ പ്രശ്‌നങ്ങളുണ്ടാകും’

കോഴിക്കോട്: ലക്ഷദ്വീപില്‍ ആവശ്യമില്ലാത്ത നിയമങ്ങള്‍ നടപ്പാക്കരുതെന്ന് പത്മശ്രീ ജേതാവും ഗോളശാസ്ത്രജ്ഞനുമായ അലി മണിക്ഫാന്‍. ജനങ്ങളുമായി ജീവിത രീതിയും സംസ്‌കാരവും പഠിച്ച് അവരുമായി കൂടിയാലോചന നടത്തി വേണം അധികാരികള്‍ കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തോന്നുന്നതാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്നത്. നിരവധി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ദ്വീപില്‍ ഭരണം നടത്തിയിട്ടുണ്ട്. ദ്വീപ് നിവാസികളുടെ ജീവിതം പഠിച്ച ശേഷമാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഭരണം നടത്താറുള്ളത്. ദ്വീപുകാരുടെ ജീവിതത്തില്‍ കൈകടത്തിയാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും മണിക്ഫാന്‍ പറഞ്ഞു.

ലക്ഷദ്വീപ് കുറ്റകൃത്യങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്ത സ്ഥലമാണ്. ഗുണ്ടാ നിയമത്തിന്റെ ആവശ്യമില്ല. വെറുതെ കുറച്ചു പേര്‍ക്ക് ജോലി കൊടുക്കാന്‍ വേണ്ടിയാണ് ദ്വീപില്‍ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലക്ഷദ്വീപിന് പ്രത്യേക നിയമം തന്നെയുണ്ട്. അതാണ് ഇത്രയും കാലമായി നടപ്പാക്കിയിരുന്നത്. വളരെ സമാധാനത്തോടെ കഴിയുന്ന ജനങ്ങളാണ് ദ്വീപിലുള്ളതെന്നും മണിക്ഫാന്‍ പറഞ്ഞു.

പട്ടിക വര്‍ഗവിഭാഗകത്തിലാണ് ദ്വീപിലുള്ളവരെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെ പോലെ ദ്വീപ് നിവാസികളെ കാണാന്‍ സാധിക്കില്ല. ആദിവാസി നിയമത്തിന്റെ സംരക്ഷമുണ്ടെന്നും മണിക്ഫാന്‍ പറഞ്ഞു.

ഗോവധ നിരോധനത്തിന്റെ ആവശ്യമില്ല. ഒരാള്‍ കഴിക്കുന്നത് തന്നെ മറ്റൊരാള്‍ കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഏത് ഭക്ഷണം കഴിക്കാനും ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും മണിക്ഫാന്‍ പറഞ്ഞു.