ഇക്കുറിയും സൗദിയുടെ അനുമതിയില്ല; ഹജ്ജ് അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ. വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതിനേത്തുടര്‍ന്നാണ് നടപടി. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷന്‍ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താന്‍ സൗദി തീരുമാനിച്ചിരുന്നു. ഇത്തവണ 60,000 തീര്‍ഥാടകരെ മാത്രമാവും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുവദിക്കുകയെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചിരുന്നു.

തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തരായവരും രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് നടപടികള്‍ അനുസരിച്ച് വാക്സിനേഷന്‍ എടുത്തവരുമായിരുക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.