ദിലീപിനെതിരായ തെളിവുകൾ പ്രമുഖ ചാനലുകൾ മുക്കിയെന്ന് ബാലചന്ദ്രകുമാർ; ‘ഒടുവിൽ നികേഷ് കുമാറിനെ നേരിൽക്കണ്ടു’

ദിലീപിനെതിരായ പുതിയ തെളിവുകൾ കേരളത്തിലെ പല പ്രമുഖ മാധ്യമസ്ഥാപനങ്ങളും വാർത്തയാക്കാൻ തയ്യാറായില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഒടുവിൽ എംവി നികേഷ് കുമാറിനെ നേരിട്ട്പോയി കണ്ടാണ് റിപ്പോർട്ടർ ചാനലിലൂടെ തെളിവുകൾ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം നമ്പർ വാർത്താ ചാനൽ മുതൽ മറ്റെല്ലാവരും നിഷേധാത്മകമായി ഈ വെളിപ്പെടുത്തലിനോട് പ്രതികരിച്ചു എന്നാണ് ബാലചന്ദ്രകുമാർ കുറ്റപ്പെടുത്തുന്നത്. കോഴിക്കോടുള്ള ചാനലിന് തെളിവുകൾ എഡിറ്റ് ചെയ്‌ത് അയച്ചുകൊടുത്തുവെന്നും എന്നിട്ടും വാർത്ത നൽകാൻ തയാറായില്ലെന്നും അദ്ദേഹം പറയുന്നു. നവകേരള ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബാലചന്ദ്രകുമാർ തന്റെ അനുഭവം വിശദീകരിച്ചത്.

നടനെതിരെയുള്ള പുതിയ തെളിവുകൾ റിപ്പോർട്ടർ ചാനൽ പുറത്തുവിടുകയും ബാലചന്ദ്രകുമാറിന്റെ അഭിമുഖം നൽകുകയും ചെയ്‌തതിന്‌ പിന്നാലെ വിഷയം ചർച്ചയായതോടെ മറ്റ് ചാനലുകളും വാർത്തകൾ നൽകി.

ALSO READ: ‘തനിച്ചല്ല ഞാനെന്ന് തിരിച്ചറിയുന്നു, ഈ പോരാട്ടം തുടരും’, അക്രമിക്കപ്പെട്ട നടിയുടെ പ്രതികരണം

റിപ്പോർട്ടർ ചാനലിനെതിരെ ദിലീപ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഡിസംബര്‍ 25ന് സംപ്രേഷണം ചെയ്ത അഭിമുഖം മനപാഠം പഠിച്ച് തയ്യാറാക്കിയതാണെന്നും ദിലീപിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ ആരോപിക്കുന്നു. നിരന്തരമായ റിഹേഴ്സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തതെന്നും ദിലീപ് ആരോപിച്ചു.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.

ALSO READ: ദിലീപിനെതിരെ ജാമ്യമില്ലാ കേസ്; ‘പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി’