ഏറ്റവും കൂടുതല്‍ ഹാട്രിക്, പത്ത് ടൂര്‍ണമെന്റുകളില്‍ ഗ്യാപ്പില്ലാതെ ഗോളടി; ലോകഫുട്‌ബോളിലെ റോണോ റെക്കോര്‍ഡുകള്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ റെക്കോഡുകള്‍ തകര്‍ക്കുന്നത് തുടരുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനെന്ന ഖ്യാതിയാണ് ഏറ്റവും ഒടുവിലത്തേത്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ (21) പോര്‍ച്ചുഗീസ് ക്യാപ്റ്റന്റെ ഇന്റര്‍നാഷണല്‍ അക്കൗണ്ടിലെ ഗോളെണ്ണം 111 ആയി. 1993 മുതല്‍ 2006 വരെ ഇറാന് വേണ്ടി കളിച്ച അലി ദേയിയുടെ 109 ഗോള്‍ എന്ന ചരിത്രനേട്ടമാണ് റോണോ മറികടന്നത്. കഴിഞ്ഞ യൂറോയില്‍ ഫ്രാന്‍സിനെതിരായ രണ്ട് ഗോളോടെ റൊണാള്‍ഡോ അലിദേയിക്ക് ഒപ്പമെത്തിയിരുന്നു.

നിലവില്‍ 90 ഗോളുകള്‍ക്ക് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള രണ്ടേ രണ്ട് പുരുഷതാരങ്ങള്‍ ക്രിസ്റ്റ്യാനോയും അലി ദേയിയുമാണ്. ഗോട്ട് റൈവലായ മെസ്സി 35 ഗോള്‍ പിന്നിലാണ്. 76 ഗോളുകളാണ് മെസ്സി അര്‍ജന്റീനിയന്‍ ജേഴ്‌സിയണിഞ്ഞ് സ്‌കോര്‍ ചെയ്തത്. അന്തര്‍ദേശീയ ഗോളെണ്ണത്തില്‍ 36കാരനായ ക്രിസ്റ്റിയാനോയെ 34കാരനായ മെസ്സി കാലക്രമേണ മറികടക്കുമെന്നാണ് ആരാധകരുടെ അവകാശവാദം. എന്തൊക്കെയായാലും ദേശീയ ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ റെക്കോഡുകള്‍ നേടിയ താരങ്ങളിലൊരാളാണ് ക്രിസ്റ്റിയാനോ. ഗോളെണ്ണം കൂടാതെയുള്ള ക്രിസ്റ്റിയാനോയുടെ ലോകഫുട്‌ബോള്‍ റെക്കോഡുകള്‍ ഇങ്ങനെ.

1, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഗോളുകള്‍ നേടുന്ന താരം

2017ല്‍ 32 ഗോളുകളാണ് പറങ്കിക്കപ്പിത്താന്‍ അടിച്ചുകൂട്ടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അത്രയും തവണ മറ്റൊരു ദേശീയ ഫുട്‌ബോള്‍ താരവും വല കുലുക്കിയിട്ടില്ല.

2, തുടര്‍ച്ചയായി നാല് ലോകകപ്പില്‍ സ്‌കോര്‍ ചെയ്ത ഏക താരം

2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലും 2010ല്‍ ആഫ്രിക്കയില്‍ സംഘടിപ്പിച്ച വേള്‍ഡ് കപ്പിലും ബ്രസീല്‍ ആതിഥേയത്വം വഹിച്ച 2014ലെ ടൂര്‍ണമെന്റിലും ക്രിസ്റ്റ്യാനോ ഗോള്‍ നേടിയിട്ടുണ്ട്. 2018 ജൂണ്‍ 15ന് റഷ്യയില്‍ സ്‌പെയ്‌നെതിരെ നേടിയ ആദ്യ ഗോളോടെ പുതിയ റെക്കോര്‍ഡ്.

3, ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

2018 റഷ്യന്‍ ലോകകപ്പില്‍ സ്‌പെയ്‌നെതിരെ കളിച്ച ഗ്രൂപ്പ് മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടി ക്രിസ്റ്റിയാനോ കുറിച്ചു. സ്‌പെയ്‌നെ സമനിലയില്‍ തളച്ച മൂന്ന് ഗോളുകളും പിറന്നത് ക്രിസ്റ്റ്യാനോയില്‍ നിന്നാണ്. 33 വയസും 130 ദിവസവുമായിരുന്നു റോണോയുടെ അപ്പോഴത്തെ പ്രായം.

അയര്‍ലന്‍ഡിനെതിരായ ഹെഡ്ഡര്‍ വിന്നര്‍

4, ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരെ ഗോള്‍

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെ നേടിയ ഗോളുകളോടെ ക്രിസ്റ്റിയാനോ വല കുലുക്കിയ രാജ്യങ്ങളുടെ എണ്ണം 44 ആയി. ഏറ്റവും കൂടുതല്‍ ദേശീയ ടീമുകള്‍ക്കെതിരെ ഗോളടിക്കുന്ന താരമെന്ന റെക്കോഡില്‍ ഒരു രാജ്യം കൂടി. മെസ്സി 29 നാഷണല്‍ ടീമുകള്‍ക്കെതിരെയാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.

5, അഞ്ച് യൂറോകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരന്‍

2004 യൂറോ മുതല്‍ ഈ വര്‍ഷം നടന്ന 2020 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് വരെ റോണോ ഗോളില്ലാതെ ഒരു ടൂര്‍ണമെന്റും കടന്നുപോയിട്ടില്ല. അഞ്ച് വ്യത്യസ്ത യൂറോകളില്‍ അതും തുടര്‍ച്ചയായി ഗോളടിച്ച ഏക പ്ലെയര്‍.

6, യൂറോയിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരന്‍

2020 യൂറോയ്ക്ക് മുന്‍പേ വരെ ഏറ്റവും കൂടുതല്‍ യൂറോ ഗോളുകളെന്ന നേട്ടം മിഷേല്‍ പ്ലാറ്റിനിയുടേതായിരുന്നു. ഇത്തവണ നാല് കളികളില്‍ നിന്നായി അഞ്ച് ഗോളിട്ട ക്രിസ്റ്റിയാനോ അത് 14 ആക്കി.

7, ഏറ്റവും കൂടുതല്‍ മത്സരം കളിച്ച യൂറോപ്യന്‍ ഇന്റര്‍നാഷണല്‍

സെപ്റ്റംബര്‍ ഒന്നിന് റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ജേഴ്‌സിയണിഞ്ഞത് 180-ാം തവണയാണ്. സ്പാനിഷ് ക്യാപ്റ്റനും റയലിലെ സഹതാരവുമായിരുന്ന റാമോസുമായാണ് ക്രിസ്റ്റിയാനോ ഈ നേട്ടം പങ്കിടുന്നത്. 195 തവണ മൈതാനത്തിറങ്ങിയ മലേഷ്യന്‍ താരം സോ ചിന്‍ ആന്‍ ആണ് ഏറ്റവും കൂടുതല്‍ ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ചത്. ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബഫണെ (176) ക്രിസ്റ്റ്യാനോ മൂന്ന് മത്സരങ്ങള്‍ക്ക് മുന്‍പ് മറികടന്നിരുന്നു.

8, യൂറോയില്‍ ഏറ്റവും കൂടുതല്‍ ജയം

ഇക്കഴിഞ്ഞ യൂറോയില്‍ ഹംഗറിയുമായുള്ള മത്സരത്തിലെ ജയത്തോടെ റൊണാള്‍ഡോ തിരുത്തിയ മറ്റൊരു റെക്കോഡ്. 11 തവണ യൂറോ മത്സരങ്ങളില്‍ ജേതാക്കളായ ആന്ദ്രെ ഇനിയേസ്റ്റയേയും സെസ്‌ക് ഫാബ്രിഗാസിനേയുമാണ് കപ്പിത്താന്‍ മറികടന്നത്.

9, ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഹാട്രിക്ക്

ദേശീയ ജേഴ്‌സിയില്‍ ഒമ്പത് തവണ ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിട്ടുണ്ട്. രണ്ടെണ്ണം ലിത്വാനിയക്കെതിരെയാണ്. അലി ദേയിയുടെ എട്ട് ഹാട്രിക് എന്ന റെക്കോര്‍ഡ് റോണോ തിരുത്തി. മെസ്സിയുടെ അക്കൗണ്ടില്‍ ആറ് അന്തര്‍ദേശീയ ഹാട്രിക്കുകളാണ് ഉള്ളത്.

10, തുടര്‍ച്ചയായ 10 രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടിയ ഏകതാരം

അഞ്ച് യൂറോകള്‍ (2004, 2008, 2012, 2020), നാല് ലോകകപ്പുകള്‍ (2006, 2010, 2014, 2018) യൂറോപ്യന്‍ നേഷന്‍സ് കപ് (2018) എന്നിങ്ങനെ പത്ത് മേളകളില്‍ ക്രിസ്റ്റിയാനോ അല്ലാതെ മറ്റാരും തുടര്‍ച്ചയായി ഗോള്‍ വേട്ട നടത്തിയിട്ടില്ല.

Also Read: ഫ്രീകിക്ക് 10, തലകൊണ്ട് മാത്രം 28 ഗോള്‍; ക്രിസ്റ്റാനോയുടെ ഇന്റര്‍നാഷണല്‍ റെക്കോര്‍ഡ് ബ്രേക്ഡൗണ്‍