കെ റെയിലിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? വിവാദങ്ങളിൽ തലയിടേണ്ടവർക്ക് ഒരു മാർഗരേഖ

കെ റെയിൽ സിൽവർലൈൻ പദ്ധതിയിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് സർക്കാർ നിലപാട്. ശക്തമായ സമരപരിപാടികൾ പ്രഖ്യാപിച്ച് പ്രതിപക്ഷവും. വിവാദങ്ങൾ കത്തിനിൽക്കെ ഭൂമിയേറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്താൻ 20 കോടി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. എന്താണ് കെ റെയിൽ പദ്ധതി, അനുകൂല-പ്രതികൂല വാദങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം:

തിരുവനന്തപുരം മുതൽ കാസർകോടുവരെ 529.45 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഗതാഗതം സാധ്യമാക്കുന്ന പദ്ധതിയാണ് സിൽവർലൈൻ സെമി ഹൈ സ്‌പീഡ്‌ റെയിൽവേ പ്രോജക്റ്റ് അഥവാ കെ റെയിൽ. 11 ജില്ലകളിലായി 11 സ്റ്റേഷനുകളാകും കെ റെയിലിനുണ്ടാകുക. പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ കാസർകോട് നിന്നും തിരുവനന്തപുരം വരെ നാലുമണിക്കൂറുകൊണ്ട് യാത്രചെയ്യാനാകും. നിലവിൽ 12 മണിക്കൂറാണ് യാത്രാ സമയം. 2025ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

കേന്ദ്രസർക്കാരിന്റെയും കേരള ഗവൺമെന്റിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്മെന്റ്റ് കോർപറേഷൻ ലിമിറ്റഡാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത്. 63,940 കോടി രൂപ പദ്ധതി ചെലവ് കണക്കാക്കുന്ന കെ-റെയിൽ പിണറായി വിജയൻ സർക്കാറിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നാണ്. പദ്ധതി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടുമെന്നായിരുന്നു ആദ്യ ധാരണയെങ്കിലും പിന്നീട് ചെലവ് സംസ്ഥാന സർക്കാർ ഒറ്റക്ക് വഹിക്കണമെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയുണ്ടായി. തുടർന്ന് ചെലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചു.

എന്തിന് കെ-റെയിൽ?

കേരളത്തിൽ നിലവിലുള്ള റെയിൽവേ സംവിധാനം അതിവേഗം വളരുന്ന സംസ്ഥാനത്തിന്റെ ഭാവിക്ക് പര്യാപ്തമാവില്ല എന്നാണ് കെ റെയിൽ അനുകൂലികളായ വിദഗ്ധർ മുന്നോട്ടുവെയ്ക്കുന്ന അഭിപ്രായം. നിലവിലെ റെയിൽപ്പാതയിലെ വളവും, വേഗതക്കുറയ്‌ക്കലും നിർത്തിയിടലും ഒക്കെയായായി ശരാശരി മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ഗതാഗതം സാധ്യമാകുന്നത്. കെ റെയിൽ വരുന്നതോടെ നിലവിലെ റെയിൽ മാർഗത്തിലെ തിരക്കൊഴിവാകുകയും കൂടാതെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്‌യുകയും ചെയ്യുമെന്നാണ് സർക്കാർ വാദം.

ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയും, റോഡ്-റെയിൽ സംവിധാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ രൂപപ്പെടുകയും വളരുകയും ചെയ്യും, പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കും, ഐ.ടി പാർക്കുകളെയും വിമാനത്താവളങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതുവഴി വികസനം വേഗത്തിലാകും എന്നാണ് മറ്റ് അനുകൂല വാദങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കണക്കുകൾ പ്രകാരം നിർമ്മാണ സമയത്ത് 50,000 ആളുകൾക്കും പിന്നീട് 11,000 പേർക്കും കെ റെയിൽ നേരിട്ട് തൊഴിൽ നൽകും.

റോഡ്‌, റെയിൽ, വ്യോമ സർവീസുകളിലെ യാത്രക്കാരോടും ബന്ധപ്പെട്ട മറ്റു കക്ഷികളോടും സർവേ നടത്തിയാണ്‌ പദ്ധതിരേഖ തയ്യാറാക്കിയത്‌ എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ആരൊക്കെ സിൽവർ ലൈനിലേക്ക്‌ വരും, ഏതെല്ലാം മേഖലകളെ സ്വാധീനിക്കും എന്നിവയുൾപ്പെടെ വിശകലന വിധേയമാക്കി 50 വർഷം മുന്നിൽ കണ്ടാണ് കെ റെയിൽ വിഭാവനം ചെയ്തിരിക്കുന്നത് എന്നാണ് പദ്ധതി ആസൂത്രണ വിഭാഗം ഡയറക്ടർ പി ജയകുമാർ അഭിപ്രായപ്പെടുന്നത്.

കെ-റെയിൽ വ്യത്യസ്തതകൾ

എമു എന്നറിയപ്പെടുന്ന ഇലക്ട്രിക് മൾട്ടിപ്പിൾ ടൈപ്പ് ട്രെയിനുകളാണ് കെ-റെയിൽ പദ്ധതിയിലുണ്ടാകുക. ഓരോ ട്രെയിനിലും ഒൻപതു മുതൽ 12 വരെ കാറുകൾ (ബോഗികൾ) ഉണ്ടാകും. ഒൻപത് കാറുകളുള്ള ട്രെയിനിൽ ബിസിനസ്സ്, സ്റ്റാൻഡേർഡ് ക്ലാസുകളിലായി 675 യാത്രക്കാർക്ക് സഞ്ചരിക്കാം. പ്രതിദിനം 80,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 1.43 മീറ്റർ വീതിയുള്ള സ്റ്റാൻഡേർഡ് ഗേജിലോടുന്ന ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 220 കിലോമീറ്റർ ആയിരിക്കും.

നിലവിലെ രൂപരേഖ പ്രകാരം തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം (കാക്കനാട് ), കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെയാണ് സ്റ്റേഷനുകൾ. ഇതിൽ തിരുവനന്തപുരവും, തൃശൂരും, എറണാകുളവും ഭൂനിരപ്പിന് മുകളിലും കോഴിക്കോട് ഭൂമിക്കടിയിലുമാണ്. പാത കടന്നുപോകുന്നയിടങ്ങളിൽ ഓരോ അഞ്ഞൂറുമീറ്ററിലും സർവീസ് റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് അണ്ടർപാസുകളുണ്ടാകും.

ആകയെയുള്ള 529 കിലോമീറ്ററിൽ 11.5 കിലോമീറ്റർ തുരങ്കങ്ങളും, 13 കിലോമീറ്റർ പാലങ്ങളും ഉണ്ടാകും. 88.41 കിലോമീറ്റർ ഭൂനിരപ്പിൽ നിന്നും ഉയരെ ആയിരിക്കും. ബാക്കി 292.78 കിലോമീറ്റർ ഭൂനിരപ്പിലും.

കെ റെയിൽ പാതയുടെ രൂപരേഖ

പദ്ധതി ഇതുവരെ

പന്ത്രണ്ട് വർഷമായി ചർച്ചയിലുള്ള പദ്ധതിയാണ് കെ റെയിൽ. 2009-2010 വർഷത്തെ ബജറ്റിൽ ഇടതുപക്ഷ സർക്കാരാണ് സിൽവർലൈൻ പദ്ധതി ഔദ്യോഗികമായി പരാമർശിച്ചത്. 2011 സെപ്റ്റംബറിൽ പദ്ധതി നടത്തിപ്പിനായി കേരള ഹൈ സ്‌പീഡ്‌ റെയിൽ കോർപറേഷൻ സ്ഥാപിതമായി. അന്ന് യുഡിഎഫ് സർക്കാരായിരുന്നു അധികാരത്തിൽ. അന്നും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിവിധ കക്ഷികളുമായി കൂടിയാലോചിച്ച് അഭിപ്രായ ഐക്യത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത്. ജനവാസ മേഖലകളിൽ തുരങ്കത്തിലൂടെയായിരിക്കും പാത കടന്നുപോകുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തിയെങ്കിലും വർഷങ്ങളോളം നീണ്ടുപോയി. 2017ൽ കെ റെയിൽ കോർപറേഷൻ നടത്തിയ പൊതുജനാഭിപ്രായ സർവേയിൽ 86 ശതമാനം ആളുകളും പദ്ധതിയെ അനുകൂലിച്ചു എന്നാണ് ഔദ്യോഗിക രേഖ.

2019ൽ ഫ്രഞ്ച് കൺസൾട്ടൻസി സിസ്ട്ര നടത്തിയ പഠനത്തിൽ കൊച്ചി-തിരുവനന്തപുരം വിമാനത്താവളങ്ങളെക്കൂടി ബന്ധിപ്പിച്ചാൽ കെ റെയിൽ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും വിലയിരുത്തി.

2020ലാണ് പദ്ധതിപ്രദേശത്തിന്റെ ഏരിയൽ സർവ്വേ സംഘടിപ്പിക്കുന്നത്. ലിഡാർ സംവിധാനം ഉപയോഗിച്ചായിരുന്നു സർവ്വേ. പാതകടന്നുപോകുന്ന സ്ഥലങ്ങളിലെ വീടുകളെക്കുറിച്ചായിരുന്നു ഈ സർവ്വേയുടെ പഠനം. പിന്നീട് പത്തുജില്ലകളിയായി ഭൂമിയേറ്റെടുക്കുന്നതിന് പിണറായി വിജയൻ സർക്കാർ സമിതിയെ നിയോഗിച്ചു.

കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർ

2020 ഒക്ടോബറിൽ പദ്ധതി രേഖ കേന്ദ്രസർക്കാരിന് മുന്നിലെത്തി. നാലുമാസത്തിന് ശേഷം ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനത്തിനോട് കേന്ദ്രം നിർദ്ദേശിച്ചു. പദ്ധതി ചെലവുകൾക്കായി ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുമായി ബന്ധപ്പെടാനും കേന്ദ്രം ആവശ്യപ്പെട്ടു. 2021 മെയ് മാസത്തിൽ ഹൗസിങ് ആൻഡ് അർബൻ ഡെവലപ്പ്മെന്റ് കോർപറേഷൻ 3000 കോടി രൂപ ഭൂമിയേറ്റെടുക്കലിനായി അനുവദിക്കുകയും ചെയ്‌തു.

എന്നാൽ 2021 ഒക്ടോബർ ആയപ്പോൾ വിദേശ ഫണ്ടിങ്ങിന് പിന്തുണ നൽകുന്നതിൽ നിന്നും പിന്മാറുന്നുവെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. തുടർന്ന് പദ്ധതി ബാധ്യത സംസ്ഥാനം ഏറ്റെടുക്കുന്നുവെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. പദ്ധതി പങ്കാളിത്തത്തിൽ നിന്നും കേന്ദ്രം പിന്മാറിയതോടെ കടമെടുത്ത് മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.

ഭൂമിയേറ്റെടുക്കൽ: ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട ജോലികൾ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞവർഷം ജൂണിലാണ് ഭൂമിയേറ്റെടുക്കലിന് സംസ്ഥാന മന്ത്രിസഭാ അനുമതി നൽകിയത്. ആകെ 1383 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വേണ്ടത്. ഇതിൽ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾക്കായി 20. 05 കോടി രൂപ അനുവദിച്ച് സർക്കാർ 2021 ഡിസംബർ 31ന് ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ ഓഫീസുകളുടെ ചെലവ്, ഉപകരണങ്ങൾ, ഉദ്യോഗസ്ഥർക്കുള്ള ശമ്പളം തുടങ്ങിയ വകയിലാണ് തുക അനുവദിച്ചിരിക്കുന്നത്. 13362.32 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കൽ പ്രക്രിയക്കായി ആവശ്യമായി വരിക.

സാമൂഹിക ആഘാത പഠനം: പദ്ധതിയുടെ സാമൂഹിക ആഘാത പഠനം ആരംഭിക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. കണ്ണൂരിൽ നിന്നാണ് സർവേ ആരംഭിക്കുന്നത്. ഇതിനോടകം പദ്ധതിക്കായി കല്ലിട്ട മേഖലകളിലായിരിക്കും ആദ്യം പഠനം. കോട്ടയം ആസ്ഥാനമായ കേരള വൊളന്ററി ഹെൽത്ത് സർവീസസ് (കെ.വി.എച്ച്.എസ്) എന്ന ഏജൻസിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 100 ദിവസത്തിനകം പദ്ധതി പൂർത്തിയാക്കണം എന്നാണ് നിർദേശം. സാമൂഹിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുക. കുടിയൊഴിപ്പിക്കേണ്ടവരുടെയും പുനരധിവസിപ്പിക്കേണ്ടവരുടെയും എണ്ണം, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ, തൊഴിലവസരങ്ങൾ നഷ്ടമാകുന്നവർ തുടങ്ങിയ വിഷയങ്ങളാണ് സാമൂഹിക പഠന ആഘാതത്തിൽ പ്രധാനമായും ഉൾപ്പെടുക.

കേന്ദ്രസർക്കാർ കെ റെയിൽ പദ്ധതിക്ക് നിലവിൽ പ്രാഥമിക അംഗീകാരം മാത്രമാണ് നൽകിയിട്ടുള്ളത്. സാമ്പത്തിക-സാങ്കേതിക പഠനങ്ങൾക്ക് ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചത്.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തുന്നു.

എന്തുകൊണ്ട് എതിർക്കപ്പെടുന്നു?

യുഡിഎഫും ബിജെപിയും ഒട്ടനവധി മറ്റ് സംഘടനകളും കെ റെയിലിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമരം ഏകോപിപ്പിക്കുന്നതിനായി കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള 17 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ ‘വളരെ വലിയ അഴിമതിയാണ്’ പദ്ധതിയെന്നാണ് അഭിപ്രായപ്പെടുന്നത്. കേരളത്തെ വികസനത്തിലേക്ക് നയിക്കുന്നതിന് പകരം കടത്തിലേക്ക് കൂപ്പുകുത്തിക്കുക മാത്രമായിരിക്കും സിൽവർലൈൻ എന്നാണ് വിമർശനം. ലാഭസാധ്യത ഒട്ടുമില്ലാത്ത പദ്ധതിയാണെന്നും 30000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പ്രളയവും, ഉരുൾപൊട്ടലും, കടൽ കയറ്റവും സ്ഥിരമായി മാറിക്കഴിഞ്ഞ സംസ്ഥാനത്ത് വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും കെ റെയിൽ സമ്മാനിക്കുന്ന എന്നതാണ് മറ്റൊരു വാദം. ഹിമാലയത്തിന്റെ ഒരു ഭാഗം നശിപ്പിച്ച് ഝാർദ്ധം ഹൈവേ പദ്ധതി നടപ്പാക്കിയത് ഉത്തരാഖണ്ഡിൽ ദുരന്തമായതിന് സമാനമായ അനുഭവമായിരിക്കും കേരളത്തിലും സംഭവിക്കുക എന്നാണ് കെ റെയിൽ വിരുദ്ധ സമരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിശദമാക്കിയത്. കെ റെയിൽ സമ്മാനിക്കുന്ന കടബാധ്യത താങ്ങാൻ കേരളത്തിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 5000 കോടി രൂപ പലിശയിനത്തിൽ മാത്രം ഓരോ വർഷവും കേരളത്തിന് ബാധ്യതയായുണ്ടാകും.

നിരവധി പാടശേഖരങ്ങളെയും, പുഴകളെയും മറ്റു ജലാശയങ്ങളെയും കെ റെയിൽ തുടച്ചുനീക്കുമെന്നാണ് പാരിസ്ഥിതിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പാതയിലെ മലകളെ നിരപ്പാക്കുകയും താഴ്‌ന്ന പ്രദേശങ്ങൾ നിരത്തുകയും ചെയ്യേണ്ടിവരുമെന്ന് പദ്ധതി രേഖ തന്നെ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ആസ്ഥാനമായ ഗവേഷണ സ്ഥാപനം ‘സെന്ററർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റാണ് ‘ 2020ൽ പദ്ധതിയുടെ റാപ്പിഡ് എൻവയോൺമെന്റ് പഠനം നടത്തിയത്. എന്നാൽ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ കേന്ദ്രസർക്കാർ അനുമതിയുള്ള ഏജൻസിയായിരുന്നില്ല ഇത്. കേരളത്തിലെ സാഹചര്യത്തിൽ വർഷത്തിലെ എല്ലാ സീസണുകളിലും വിശദമായ പഠനം നടത്തി തയാറാക്കുന്ന ‘കോംപ്രിഹെൻസീസ് എൻവയോൺമെന്റ് ഇമ്പാക്റ്റ് അസ്സസ്മെന്റ്’ തന്നെ നിർബന്ധമായും നടത്തണം എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ഏജൻസി സമർപ്പിച്ച റാപിഡ് റിപ്പോർട്ടിൽ പദ്ധതിയുടെ ഗുണപരമായ വശങ്ങൾ മാത്രമാണ് പ്രതിപാദിക്കുന്നതെന്നും പ്രശ്നങ്ങളെ കണ്ടെത്തുകയോ അവ പരിഹരിക്കാനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയോ ചെയ്യുന്നില്ല എന്നുമാണ് പ്രധാന ആരോപണങ്ങൾ. ആഗോള ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നായ പശ്ചിമ ഘട്ടത്തിന് സമാന്തരമായിട്ടാണ്‌ പദ്ധതിയെന്നതിനാൽ വിശദമായ പഠനം ആവശ്യമാണെന്ന് ഈ റിപ്പോർട്ടും പറയുന്നുണ്ട്.

വിശദമായ പരിസ്ഥിതി പഠനം നടത്താതെ കെ റെയിലുമായി മുന്നോട്ടുപോകരുതെന്നാണ് പ്രതിപക്ഷ ആവശ്യങ്ങളിൽ ഒന്ന്. സിപിഐഎം അനുകൂല സംഘടനായ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തും വിശദ പഠനമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.

കെ റെയിൽ പാത

കെ റെയിലിനെക്കുറിച്ച് പഠിക്കാൻ മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ നേതൃത്വത്തിൽ പതിനൊന്നംഗ സമിതിയെ യുഡിഎഫ് നിയോഗിച്ചിരുന്നു. അവരുടെ കണ്ടെത്തലുകൾ ഇങ്ങനെയാണ്:

  1. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, ഭൂമിശാസ്ത്ര പ്രത്യേകതകൾക്ക് ചേർന്നതല്ല സിൽവർലൈൻ പ്രോജക്റ്റ്.
  2. പദ്ധതിമൂലമുണ്ടാകുന്ന പാരിസ്ഥിതിക, സാമൂഹിക പ്രശ്‌നങ്ങളും അധികമാകാൻ പോകുന്ന വാഹന ഗതാഗതക്കുരുക്കും സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും.
  3. അങ്ങേയറ്റം അശാസ്ത്രീയമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌.
  4. കെ റെയിലിനെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകാത്തതിനാൽ ഇതൊരു സുതാര്യ പദ്ധതിയല്ല.
  5. പദ്ധതി മൂലമുണ്ടാകാൻ പോകുന്ന വലിയ സാമ്പത്തിക ഭാരത്തെക്കുറിച്ച് ജനങ്ങളെ ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
  6. കുടിയിറക്കപ്പെടുന്നവരിലും പദ്ധതി നേരിട്ടോ അല്ലാതെയോ പദ്ധതി ബാധിക്കുന്നവരിലും വലിയ മാനസിക ആഘാതങ്ങളും സിൽവർലൈൻ സൃഷ്ടിക്കും.

മുൻ ഡൽഹി മെട്രോ മേധാവിയും പിന്നീട് ബിജെപിയിൽ ചേർന്ന ഇ. ശ്രീധരനും കെ റെയിലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കൃത്യമായ ആലോചനയോടെ തയാറാക്കിയ പദ്ധതിയല്ല സിൽവർലൈൻ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അടിസ്ഥാന പാതയുടെ വീതിയിലെ മാറ്റം ഉൾപ്പെടെ തിരുത്തലുകൾ വേണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒന്നുകിൽ ഭൂമിക്കടിയിലൂടെയോ അല്ലെങ്കിൽ ഭൂനിരപ്പിൽ നിന്നും ഉയർത്തിയോ മാത്രമേ ലോകത്തെവിടെയും അതിവേഗ റെയിൽ പാതകൾ നിർമിക്കാറുള്ളൂ എന്നും അതുതന്നെ കേരളത്തിലും പിന്തുടരാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ലോകത്തെ 90 ശതമാനം അതിവേഗപാതയും ഭൂനിരപ്പിലാണെന്നാണ് കെ റെയിൽ എംഡി വി അജിത്കുമാർ അവകാശപ്പെടുന്നത്.

സിൽവർലൈൻ പദ്ധതിയുടെ ‘വിശദ പദ്ധതിരേഖ’ സംസ്ഥാന സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാമൂഹിക ആഘാത പഠനം നടത്താൻ നിയോഗിച്ച ഏജൻസിക്കുപോലും ഈ രേഖ കൈമാറിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പടെയുള്ള ആളുകൾ എത്രയും പെട്ടന്ന് വിശദ പദ്ധതിരേഖ ലഭ്യമാക്കണമെന്ന് ആവശ്യപെടുന്നു. സംസ്ഥാന മന്ത്രിസഭ പാസാക്കിയ വിശദ പദ്ധതി രേഖ (ഡി.പി.ആർ) കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിച്ചതിനുശേഷം മാത്രമേ കെ-റെയിലിന്റെ വിശദ പദ്ധതിരേഖ പ്രസിദ്ധീകരിക്കാനാകൂ എന്നാണ് കെ-റെയിൽ കോർപ്പറേഷന്റെ നിലപാട്. പദ്ധതിക്ക് എത്രയും വേഗം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബർ ആറിന് കത്തെഴുതുകയും ചെയ്‌തു.

പകരമെന്ത്?

നിലവിലെ റോഡ്-റെയിൽ മാർഗങ്ങൾ കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നാണ് കെ റെയിലിനെ എതിർക്കുന്നവർ അഭിപ്രായപ്പെടുന്നത്. നിലവിലെ റെയിൽ സംവിധാനം മെച്ചപ്പെടുത്തി വേഗത വർധിപ്പിക്കുന്നതിന് 10,000 കോടി രൂപ മാത്രമേ ചെലവ് വരികയുള്ളൂ എന്നാണ് റെയിൽവേ സാങ്കേതിക വിദഗ്ധൻ അലോക് വർമ്മ അഭിപ്രായപ്പെടുന്നത്.

പൊതുജനങ്ങളെ വലിയ അളവിൽ പങ്കെടുപ്പിച്ചുകൊണ്ട് ജനകീയ സമരത്തിന് പദ്ധതിയിടുകയാണ് പ്രതിപക്ഷ കക്ഷികളും വിവിധ സമര സമിതികളും. എതിർപ്പുകൾ രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്ന് വാദിക്കുന്ന സിപിഐഎം പദ്ധതിയുടെ ഗുണവശങ്ങളെക്കുറിച്ച് ബോധവൽകരണ പരിപാടികളും ആലോചിക്കുന്നുണ്ട്.

ALSO READ: കെ റെയില്‍ പദ്ധതി: വിത്തെടുത്ത് കുത്തി വാങ്ങുന്ന പാരിസ്ഥിതിക ദുരന്തം