സമാധാനത്തിനുള്ള നോബേല്‍: സാധ്യതാപട്ടികയില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരും, ടെെം മാഗസിന്‍ റിപ്പോർട്ട്

ന്യൂഡൽഹി: ഈ വർഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ടവരില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും. ടൈം മാഗസീന്‍ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. 251 വ്യക്തികളും 92 സംഘടനകളും അടക്കം നാമനിർദേശം ചെയ്യപ്പെട്ട 343 അംഗ പട്ടികയിലെ പത്ത് പ്രധാനപ്പെട്ട നോമിനേഷനുകളാണ് മാസിക പുറത്തുവിട്ടിരിക്കുന്നത്. പീസ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉദ്ദരിച്ചാണ് ഈ പട്ടിക പ്രസദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബർ 7, വെള്ളിയാഴ്ചയാണ് പുരസ്കാര പ്രഖ്യാപനം.

”ഹിന്ദു ദേശീയവാദികളായ ബിജെപി അടക്കമുള്ള പാർട്ടികള്‍ ഇസ്ലാംവിരുദ്ധ-വിവേചന നിലപാട് സ്വീകരിക്കുന്നെന്ന ആരോപണമുയരുന്ന ഇന്ത്യയില്‍, വ്യാജവാർത്തകളുമായി നിരന്തരം പോരാടുന്നവരാണ്- ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരും മാധ്യമപ്രവർത്തകരുമായ പ്രതീക് സിൻഹയും മുഹമ്മദ് സുബൈറും. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളെ ശാസ്ത്രീയമായി പൊളിച്ചെടുക്കുന്ന അവർ വിദ്വേഷ പ്രസംഗകരെ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യുന്നു”, എന്നാണ് ടെെം മാഗസീന്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകരെ കുറിച്ച് നല്‍കിയിരിക്കുന്ന വിവരണം.

ഇന്ത്യയിലെ വ്യാജ വാർത്താ പ്രചാരണങ്ങളെ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെ പ്രതീക് സിന്‍ഹയാണ് 2017 ഫെബ്രുവരിയില്‍ അഹമ്മദാബാദ് ആസ്ഥാനമാക്കി ആള്‍ട്ട് ന്യൂസ് സ്ഥാപിച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന വ്യാജ പ്രചാരണങ്ങളുടെ വസ്തുതകളാണ് വെബ്സെെറ്റിന്റെ ഉള്ളടക്കം. ഈ വർഷത്തിന്റെ തുടക്കത്തില്‍ രാജ്യത്തിന് പുറത്തുള്ള പലവേദികളിലും ഇന്ത്യയിലെ വ്യാജപ്രചാരണങ്ങളുടെ വസ്തതുകളെക്കുറിച്ച് പ്രതീക് സിന്‍ഹ സംസാരിച്ചിരുന്നു.

ഇതിനിടെയാണ്, 2018 ലെ ഒരു ട്വീറ്റിന്റെ പേരിൽ 2022 ജൂണില്‍ ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റുചെയ്തത്. പ്രകോപനപരവും വിദ്വേഷം പടർത്തുന്നതുമായ ട്വീറ്റുവഴി, മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്താനും, മതവികാരം വ്രണപ്പെടുത്താനും ശ്രമം നടത്തിയെന്നായിരുന്നു സുബെെറിനെതിരായ കേസ്. ഇന്ത്യക്ക് പുറത്തും പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായ ഈ നടപടിയില്‍, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും ആഗോള സംഘടനയായ കമ്മറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റും കേന്ദ്രസർക്കാർ നടപടിയെ അപലപിച്ചിരുന്നു.

ഒരു മാസത്തെ ജയില്‍വാസത്തിനൊടുവില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ ജൂലൈ 20നാണ് തിഹാർ ജയിലിൽ നിന്നും സുബെെർ മോചിതനായത്. സുബൈറിനെതിരെ യുപി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളിലും ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്.

ഇതിന് പുറമെ ഇന്ത്യയില്‍ നിന്ന്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവർത്തകനുമായ ഹർഷ് മന്ദറിനെയും അദ്ദേഹത്തിന്റെ സംഘടനയായ കർവാൻ-ഇ-മൊഹബത്തിനെയും പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്‌ലോ (പിആർഐഒ) ഡയറക്ടർ ഹെന്റിക് ഉര്‍ദാല്‍ നോബേല്‍ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തിട്ടുണ്ട്. യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി, യുഎൻ അഭയാർത്ഥി സംഘടന, ലോകാരോഗ്യ സംഘടന, റഷ്യൻ വിമതനും വ്‌ളാഡിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവാൽനി എന്നിവരാണ് സമാധാന പുരസ്കാരത്തിനുള്ള മത്സരത്തിലുള്ള മറ്റ് പ്രമുഖർ.