നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ, പഞ്ചാബിലെ പാര്‍ട്ടി ഭിന്നത കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കുമെന്ന് സൂചന. ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ പരസ്യപോരിനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ പ്രതിയോഗികള്‍. അമരീന്ദര്‍ മന്ത്രിസഭയിലെ ചില മന്ത്രിമാരെ കൂട്ടുപിടിച്ച് ചില നീക്കങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് മുന്‍ മന്ത്രി നവ്ജോത് സിങ് സിദ്ദു.
നേരത്തെ അമരീന്ദറിനെതിരെയുള്ള പോരില്‍ സിദ്ദുവിനൊപ്പം നിന്നിരുന്ന മുന്‍ പിസിസി അധ്യക്ഷന്‍ പ്രതാപ് സിങ് ബജ്വയും രാജ്യസഭാ എംപി ഷംഷേര്‍ സിങ് ദുല്ലോയും ഇപ്പോള്‍ പക്ഷേ, മറുഭാഗത്താണ്. സിദ്ദു ഒറ്റയ്ക്കാണ് അമരീന്ദര്‍ പോരിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
മന്ത്രിമാരായ സുഖ്ജിന്ദര്‍ രന്ദവാ, ചരഞ്ജിത്ത് ചന്നി എന്നിവരുമായി സിദ്ദു ഇതിനോടകം കൂടിക്കാഴ്ച നടത്തിയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം. ചില എംഎല്‍എമാരും സിദ്ദുവിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ബര്ഗാരിക്കേസ്, തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പ്പ്, മയക്കുമരുന്ന് മാഫിയ, സംസ്ഥാനത്തെ അനധികൃത ഖനനം തുടങ്ങിവ ഉയര്‍ത്തി മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രതിരോധം തുടങ്ങാനാണ് സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങളായിരുന്നു ഈ രണ്ട് വിഷയങ്ങള്‍.
എന്തെങ്കിലും സ്ഥാനമാനങ്ങളോ മന്ത്രിപദങ്ങളോ അല്ല ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മറിച്ച്, 2022ലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും പാര്‍ട്ടിയില്‍ ഒരു പ്രബല ശക്തിയായി ഉയരുക എന്നതാവും ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന.
അമരീന്ദറുമായുള്ള പിണക്കങ്ങളെത്തുടര്ന്ന് 2019ലാണ് നവ്ജോത് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചത്. രാജി വെക്കുന്നു എന്ന് മാത്രമായിരുന്നു സിദ്ദു രാജിക്കത്തില്‍ എഴുതിയത്. തുടര്‍ന്നിങ്ങോട്ട് അമരീന്ദറും സിദ്ദുവും തമ്മിലുള്ള വാഗ്വാദങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു.
വെല്ലുവിളികളും വാഗ്വാദങ്ങളും ഒരു ഘട്ടത്തില്‍ ഇരുവരും അവസാനിപ്പിച്ചിരുന്നെങ്കിലും, സര്‍ക്കാര്‍ പാലിക്കാതെ പോയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സിദ്ദു ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയതോടെയാണ് സ്ഥിതി വീണ്ടും വഷളായത്. ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ മത്സരിച്ച് ജയിച്ച് കാണിക്കൂ എന്ന് അമരീന്ദര്‍ കഴിഞ്ഞ ദിവസം സിദ്ദുവിനെ പരിഹസിച്ചിരുന്നു. പാട്യാലയില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് സിദ്ദു നേരത്തെ വെല്ലുവിളിച്ചിരുന്നു.