‘അമരീന്ദറും സിദ്ധുവും തമ്മിലുള്ള അടി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും’; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരിഷ് റാവത്ത്

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മില്‍ ഇപ്പോഴും ഉരസലുകളിലാണെന്ന റിപ്പോര്‍ട്ടുകള് തള്ളി സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഹരിഷ് റാവത്ത്. അങ്ങനെയൊരു പ്രശ്‌നമുണ്ടെങ്കില്‍ത്തന്നെ അത് പാര്‍ട്ടിക്ക് ഗുണമേ ചെയ്യുകയുള്ളു. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് തര്‍ക്കങ്ങളുണ്ടാവുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ധീരന്മാരുടെ ഭൂമിയാണ് പഞ്ചാബ്. ആളുകള്‍ അവരവരുടെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന ഇടം. ഇത് സ്വരച്ചേര്‍ച്ചയില്ലായ്മയായി കണക്കാക്കുന്നത് വെറും തോന്നല്‍ മാത്രമാണ്. പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണവര്‍. പ്രശ്‌നങ്ങള്‍ പഞ്ചാബ് കോണ്‍ഗ്രസ് തന്നെ പരിഹരിക്കും’, ഹരിഷ് റാവത്ത് വ്യക്തമാക്കി. അതുകൊണ്ടുതന്നെ അമരീന്ദറും സിദ്ധുവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ആത്യന്തികമായി പാര്‍ട്ടിക്ക് ഗുണമേ ചെയ്യുകയുള്ളെന്നും അദ്ദേഹം വിശദീകരിച്ചു.

ഹരിയാനയിലും കേന്ദ്രത്തിലും ഭരണം കയ്യാളുന്ന ബിജെപിക്കെതിരെയും അദ്ദേഹം വലിയ വിമര്‍ശനമുന്നയിച്ചു. ‘കര്‍ഷകരെയും തൊഴിലാളികളെയും വഞ്ചിക്കുകയാണ് ബിജെപി. കര്‍ഷകരുടെ വിളനിലങ്ങളും ചെറുകിട വ്യവസായങ്ങളും അപകടാവസ്ഥയിലാണ്. പൊലീസിനെ ഭയന്നാണ് ഹരിയാനയിലെ കര്‍ഷകര്‍ ജീവിക്കുന്നത്. കര്‍ഷകര്‍ക്കെതിരായ അതിക്രമങ്ങളുടെ വിളനിലമായി മാറിയിരിക്കുകയാണ് അവിടം’.

പഞ്ചാബ് കോണ്‍ഗ്രസിലെ അമരീന്ദര്‍-സിദ്ധു പോര് സര്‍ക്കാര്‍ രൂപീകരണം മുതല്‍ തുടങ്ങിയതാണ്. അതിനിടെ പലകുറി അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നു. സംസ്ഥാനാധ്യക്ഷനായി സിദ്ധുവിനെ തെരഞ്ഞെടുക്കുന്നതില്‍ അമരീന്ദര്‍ ആദ്യം വിയോജിപ്പറിയിച്ചിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സിദ്ധുവിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്ന് അമരീന്ദര്‍ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സിദ്ധുവിന്റെ ഉപദേശകരെ മാറ്റാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ഇരുനേതാക്കളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പോര് തുടരുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ആഘാതമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തലുകള്‍.