അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും; ബിജെപിയുമായി സഖ്യത്തില്‍ തെരഞ്ഞെടുപ്പിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും. കര്‍ഷക പ്രക്ഷോഭത്തില്‍ ഒരു പരിഹാരമുണ്ടാക്കിയതിന് ശേഷം ബിജെപിയുമായും അകാലി ദളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഗ്രൂപ്പുകളുമായും സഖ്യത്തിലെത്തി വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് വിട്ടതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അമരീന്ദര്‍ സിംഗ് സന്ദര്‍ശിച്ചതിന് ശേഷം ബിജെപിയുമായുള്ള സഖ്യസാധ്യതകളെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് താന്‍ അമിത് ഷായെ കണ്ടതെന്നായിരുന്നു അമരീന്ദര്‍ സിംഗ് അന്ന് പ്രതികരിച്ചത്.

കഴിഞ്ഞ നാല്‍പത് വര്‍ഷത്തിലധികം കാലം കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിച്ച, ഇപ്പോള്‍ 79കാരനായ അമരീന്ദര്‍ സിംഗ് പഞ്ചാബിലെ ജനപ്രിയ നേതാക്കളിലൊരാളാണ്. കോണ്‍ഗ്രസില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നാരോപിച്ചാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടത്.

ആ സമയത്ത് തന്നെ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കില്ലെന്നും പുതിയ സാധ്യതകള്‍ അന്വേഷിക്കുമെന്നും അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു. തന്റെ പ്രായമൊരു പ്രശ്‌നമല്ലെന്നും നിങ്ങള്‍ക്ക് 40ല്‍ വൃദ്ധനാവാനും 80ല്‍ യുവാവ് ആവാനും കഴിയുമെന്നും പറഞ്ഞിരുന്നു.

അകാലി ദള്‍ സഖ്യമവസാനിപ്പിച്ചതോടെ പഞ്ചാബില്‍ അധികാര പ്രതീക്ഷകള്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു ബിജെപി. അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത് സ്വാധീനമുള്ള സഖ്യകക്ഷിയെ തേടി നടന്ന ബിജെപിക്ക് ഗുണം ചെയ്യും.