‘പ്രോജക്റ്റ് നിംബസ് ഉപേക്ഷിക്കുക’; ഇസ്രയേൽ ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഗൂഗിൾ, ആമസോൺ ജീവനക്കാരുടെ തുറന്ന കത്ത്

കാലിഫോർണിയ: ഇസ്രയേൽ സേനയുമായി ചേർന്ന് പ്രോജക്ട് നിംബസ് എന്ന ക്ലൗഡ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കമ്പനി മേധാവികൾക്ക് തുറന്ന കത്തെഴുതി ഗൂഗിൾ-ആമസോൺ ജീവനക്കാർ. നിംബസ് പ്രോജക്ട് എന്ന അപകടകരമായ സാങ്കേതിക വിദ്യ ഇസ്രയേൽ സൈന്യത്തിനും സർക്കാരിനും കൈമാറാൻ തങ്ങളുടെ കമ്പനി മേധാവികൾ തീരുമാനിച്ചുവെന്നും ഈ ടെക്‌നോളജി ഇസ്രയേൽ പലസ്തീനികൾക്കുമേൽ നടപ്പിലാക്കുന്ന കുടിയിറക്കലുകളും വിവേചനങ്ങളും കൂടുതൽ ക്രൂരമായി മാറാൻ കാരണമാകുമെന്നുമാണ് ഗാർഡിയൻ പത്രത്തിൽ എഴുതിയ തുറന്ന കത്തിൽ ഇവർ പറയുന്നത്. ഗൂഗിളിലെ 90 ജോലിക്കാരും ആമസോണിലെ 300 പേരും ചേർന്നാണ് കത്തെഴുതിയിരിക്കുന്നത്.

‘ഞങ്ങൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യകൾ ജനങ്ങളെ സഹായിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയൂം ചെയ്യണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ കമ്പനികളെ മുന്നോട്ടുനയിക്കാൻ പണിയെടുക്കുന്നവർ എന്ന നിലയിൽ ഈ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനമുണ്ടാകുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ ഞങ്ങൾ ധാർമ്മികമായി ബാധ്യസ്ഥരാണ്,’ എന്നാണ് ‘മനസാക്ഷിയുള്ള ജോലിക്കാർ’ എന്ന് സ്വയം വിശേഷിപ്പിച്ച ഇവർ തുറന്ന കത്തിൽ അഭിപ്രായപ്പെടുന്നത്. തങ്ങൾക്കുനേരെ പ്രതികാര നടപടികൾ ഉണ്ടായേക്കുമെന്നതിനാലാണ് പേരുകൾ വെളിപ്പെടുത്താത്തതെന്നും അവർ പറയുന്നു.

ഇസ്രായേൽ സൈന്യം നടപ്പിലാക്കുന്ന 1.2 ശതകോടി ഡോളറിന്റെ പദ്ധതിയാണ് പ്രോജക്ട് നിംബസ്. ഗൂഗിളും ആമസോണുമാണ് ഇത് വികസിപ്പിക്കുവാനുള്ള ടെൻഡർ നേടിയത്. ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ ആക്രമണം നടത്തുകയും 60 കുട്ടികൾ ഉൾപ്പടെ 250ഓളം പലസ്തീനികൾ കൊലപ്പെടുകയും ചെയ്‌ത അതേ ആഴ്ചയിൽ തന്നെയാണ് പ്രോജക്ട് നിംബസിന്റെ കരാർ ഒപ്പുവെച്ചതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പലസ്തീനികളെക്കുറിച്ചുള്ള അനധികൃത ഡാറ്റാ ശേഖരണവും അതുവഴിയുള്ള നിയമവിരുദ്ധ കുടിയേറ്റവുമാണ് നിംബസ് വഴി ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും ഇവർ ആരോപിക്കുന്നു.

‘ഞങ്ങൾ നിർമ്മിക്കുന്ന ടെക്‌നോളജികൾ പലസ്തീനിയൻ ജനതയുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കാനും, സ്വന്തം വീടുകളിൽ നിന്നും അവരെ കുടിയിറക്കാനും, അവർക്കുമേൽ അക്രമങ്ങൾ അഴിച്ചുവിടാനും ഉപയോഗിക്കുമ്പോൾ ഞങ്ങൾക്ക് അതിനോട് മുഖംതിരിച്ച് നിൽക്കാനാവില്ല. സാങ്കേതിക വിദ്യ എല്ലാ ജനങ്ങളെയും ഒന്നിപ്പിക്കുകയും അവരുടെ ജീവിതങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാവിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. ഈ മനോഹരമായ ഭാവി സാധ്യമാകണമെങ്കിൽ അമേരിക്കയ്ക്കും പുറത്തുമുള്ള സൈനികവൽക്കപ്പെട്ട സ്ഥാപങ്ങളുമായുള്ള ഇടപാടുകൾ കമ്പനികൾ അവസാനിപ്പിക്കേണ്ടതുണ്ട്,’ എന്ന് കത്തിൽ തുടരുന്നു.

അമേരിക്കൻ പ്രതിരോധ വകുപ്പ്, ഇമ്മിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്, പൊലീസ് തുടങ്ങിയവർക്ക് സാങ്കേതിക വിദ്യ വിൽക്കുന്നതിനെയും കത്തിൽ വിമർശിക്കുന്നു.

കത്തിലെ ആരോപണങ്ങളോട് നേരിട്ട് മറുപടി പറയാതെയാണ് ആമസോൺ പ്രതികരിച്ചത്. തങ്ങളുടെ എല്ലാ ഉപയോക്താക്കൾക്കും ലോകോത്തര സാങ്കേതികവിദ്യ ഉറപ്പാക്കുകയാണ് ആമസോൺ വെബ് സർവീസ് ലക്‌ഷ്യം വെക്കുന്നതെന്ന് കമ്പനി വക്താവ് ദി ഹില്ലിനോട് പറഞ്ഞു. എന്നാൽ ഗൂഗിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആമസോണും ഗൂഗിളും വിവാദ കരാറുകളിൽ ഏർപ്പെടുന്നതും ജീവനക്കാരുടെ പ്രതിഷേധം നേരിടേണ്ടിവരുന്നതും ആദ്യമായല്ല. ‘പ്രോജക്റ്റ് മാവൻ’ എന്നപേരിൽ ഡ്രോൺ വിഡിയോകളിലെ വ്യക്തികളെ തിരിച്ചറിയാൻ ഗൂഗിളും അമേരിക്കൻ പ്രതിരോധ ഡിപ്പാർട്ടമെന്റും തമ്മിൽ 2018ൽ ധാരണയായ കരാർ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വ്യക്തികളുടെ മുഖം തിരിച്ചറിയാനുള്ള ആമസോണിന്റെ സാങ്കേതിക വിദ്യക്കെതിരെയും വലിയ പ്രതിഷേധം ഉയരുകയുണ്ടായി. എന്നാൽ മൂന്നാം കക്ഷികൾ വഴി സൈന്യങ്ങളും പോലീസുമായി കരാറിൽ ഏർപ്പെടുന്നത് ഇരു കമ്പനികളും തുടരുകയാണെന്നും ഹിൽ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.