കാമില കാബെല്ലോയുടെ സിന്‍ഡ്രല്ല, മോര്‍ട്ടല്‍ കോംബാറ്റ്; ആമസോണ്‍ പ്രൈം വീഡിയോ സെപ്റ്റംബര്‍ റിലീസുകള്‍

പുതിയ ഒരു പിടി സീരീസുകളും ഡോക്യുമെന്ററികളും സിനിമകളുമാണ് ആമസോണ്‍ പ്രൈം വീഡിയോ സെപ്റ്റംബര്‍ മാസത്തില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്.

യെല്ലോ സ്‌റ്റോണ്‍: സീസണ്‍ 1-3

യെല്ലോ സ്‌റ്റോണ്‍

‘വാട്ടര്‍ വേള്‍ഡ്’ എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഓസ്‌കാര്‍ ജേതാവ് കെവിന്‍ കോസ്റ്റ്‌നര്‍ പ്രധാന റോളിലെത്തുന്ന നിയോ വെസ്‌റ്റേണ്‍ ഡ്രാമാ സീരീസ്. അമേരിക്കയിലെ ഏറ്റവും വലിയ റാഞ്ചിന്റെ (കാലിമേച്ചില്‍പ്പുറം) ഉടമകളാണ് ഡട്ടണ്‍ ഫാമിലി. ഡട്ടണ്‍ ഫാമിലിയുടെ ആറാം തലമുറ കൈയ്യേറ്റക്കാരുമായി നിരന്തര സംഘര്‍ഷത്തിലാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പട്ടണം, ഒരു നാഷണല്‍ പാര്‍ക്ക്, ഒരു റെഡ് ഇന്ത്യന്‍ റിസര്‍വ്വേഷന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നതാണ് കാരണം. ടെയ്‌ലര്‍ ഷെരിഡന്‍, ജോണ്‍ ലിന്‍സണ്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന സീരീസിന് ലോകമെമ്പാടും ആരാധകരുണ്ട്. കെവിന്‍ കോസ്റ്റനറെ കൂടാതെ കെല്ലി റെയ്‌ലി, കോള്‍ ഹോസര്‍, ലൂക് ഗ്രിംസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ യെല്ലോ സ്‌റ്റോണ്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്.

സിന്‍ഡ്രല്ല

സിന്‍ഡ്രല്ല

ഏറ്റവും കൂടുതല്‍ തവണ സിനിമയാക്കപ്പെട്ട ക്ലാസിക് കഥകളിലൊന്നാണ് സിന്‍ഡ്രല്ലയുടേത്. ക്യൂബന്‍-അമേരിക്കന്‍ ഗായിക കാമില കാബെല്ലോയാണ് ഇത്തവണ സിന്‍ഡ്രല്ലയാകുന്നത്. രാജകുമാരനെ വിവാഹം കഴിക്കുക എന്നതിനേക്കാള്‍ ഒരു ഫാഷന്‍ ഡിസൈനറായി സ്വന്തം ബ്രാന്‍ഡ് ആരംഭിക്കലാണ് സിന്‍ഡ്രല്ലയുടെ സ്വപ്‌നം. കെയ് കാനണ്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ മൂന്ന് മുതല്‍ സ്ട്രീമിങ് ആരംഭിച്ചു.

വിവേറിയം

വിവേറിയം

സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് വിവേറിയം. ‘സോഷ്യല്‍ നെറ്റ്‌വര്‍ക്’ലൂടെ ശ്രദ്ധേയനായ ജെസ്സെ ഐസന്‍ബെര്‍ഗും ഇമോഗന്‍ ബൂട്‌സുമാണ് പ്രധാന വേഷങ്ങളില്‍. ജീവിക്കാന്‍ ഏറ്റവും മനോഹര സ്ഥലം തേടി ദമ്പതികള്‍ യോണ്ടര്‍ എന്ന നഗരപ്രാന്തത്തിലെത്തുന്നു. ഒരേ പോലുള്ള വീടുകളാണ് യോണ്ടറിന്റെ പ്രത്യേകത. വീട് വാങ്ങേണ്ടെന്ന് വെച്ച് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഇരുവരും തങ്ങള്‍ ഒരു ലൂപ്പിന് അകത്താണെന്ന് തിരിച്ചറിയുന്നു. അപരിചിതനായ ഒരു കുട്ടിയെ വളര്‍ത്തിയെടുക്കലാണ് അവരുടെ മുന്നിലുള്ള പോംവഴി.

ക്യൂന്‍ ഷുഗര്‍: സീസണ്‍ 6

ക്യൂന്‍ ഷുഗര്‍

അവ ഡുവേണേ ക്രിയേറ്ററും ഓപ്ര വിന്‍ഫ്രി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ അമേരിക്കന്‍ ഡ്രാമ സീരിസ്. അകന്ന് കഴിയുകയായിരുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ക്യൂന്‍ ഷുഗര്‍. കുടുംബത്തിലുണ്ടായ ഒരു ദുരന്തം അവരെ വീണ്ടും ഒരുമിപ്പിക്കുന്നു. തങ്ങളുടെ കൈവശമുള്ള 800 ഏക്കര്‍ ഭൂമിയേക്കുറിച്ച് അവര്‍ക്ക് തീരുമാനങ്ങളെടുക്കണം.

ദ വോയേഴ്‌സ്

ദ വോയേഴ്‌സ്

ആമസോണ്‍ പ്രൈം വഴി ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ചെയ്യുന്ന ഒരു അമേരിക്കന്‍ ഇറോട്ടിക് ത്രില്ലറാണ് ദ വോയേഴ്‌സ്. മൈക്കിള്‍ മൊഹാനാണ് കഥയും സംവിധാനവും. പിപ്പയും തോമസും ഒരുമിച്ച് ജീവിക്കാന്‍ പുതിയൊരു വീട്ടിലേക്ക് മാറുകയാണ്. തങ്ങളുടെ വീടിന്റെ ജനാലകള്‍ എതിര്‍വശത്തുള്ള അപ്പാട്‌മെന്റിലേക്ക് നോക്കാവുന്ന തരത്തിലാണെന്ന് അവര്‍ കണ്ടെത്തുന്നു. അയല്‍ക്കാരിലേക്ക് ഇരുവരും ഒളിഞ്ഞുനോട്ടം ആരംഭിക്കുന്നു. അയല്‍ക്കാരായ ദമ്പതികളുടെ സ്വകാര്യജീവിതത്തോടുള്ള കൗതുകം അവരെ അപകടത്തിലേക്ക് കൊണ്ടുപോകുന്നു. സെപ്റ്റംബര്‍ പത്തിനാണ് റിലീസ്.

മിക്‌സ്റ്റെ: സീസണ്‍ 1

മിക്‌സ്റ്റെ

ഒരു ഫ്രഞ്ച് ടീന്‍ ഡ്രാമ സീരീസാണ് മേരി റൗസിന്‍ ഒരുക്കുന്ന മിക്‌സ്റ്റെ (മിക്‌സ്ഡ്). 1963ലെ ഫ്രാന്‍സാണ് സീരീസിന്റെ പശ്ചാത്തലം. അത്രയും നാള്‍ ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന വോള്‍ട്ടയര്‍ ഹൈ മിക്‌സ്ഡ് സ്‌കൂളാക്കാന്‍ തീരുമാനിക്കുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ ആദ്യമായി ഹൈസ്‌കൂളില്‍ എത്തുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് സീരീസില്‍. സെപ്റ്റംബര്‍ 10 മുതല്‍ ആദ്യ സീസണ്‍ കാണാം.

ലുലറിച്ച്

ലുലറിച്ച്

ലുലറോ എന്ന ഇ കൊമേഴ്‌സ്യല്‍ വസ്ത്ര ബ്രാന്‍ഡിന് എന്താണ് സംഭവിച്ചതെന്ന അന്വേഷണമാണ് ഈ ഡോക്യു സീരീസ്. സ്ത്രീകളെ ശാക്തീകരിക്കുന്ന ഒരു ബ്രാന്‍ഡായുള്ള അതിന്റെ വളര്‍ച്ചയും മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് തട്ടിപ്പായുള്ള പരിണിതിയും എങ്ങനെയാണ് ജീവിതങ്ങളെ മാറ്റി മറിച്ചതെന്ന് ലുലറിച്ച് കാണിച്ചുതരുന്നു. നാല് എപ്പിസോഡുകളാണുള്ളത്. റിലീസ് തീയതി സെപ്റ്റംബര്‍ പത്ത്.

മോര്‍ട്ടല്‍ കോംബാറ്റ്

മോര്‍ട്ടല്‍ കോംബാറ്റ്

കൊവിഡ് കാരണം പല ആക്ഷന്‍ പ്രേമികള്‍ക്കും തിയേറ്റര്‍ അനുഭവം മിസ്സായ ചിത്രം. സിമണ്‍ മക് ക്വോയ്ഡ് സംവിധാനം ചെയ്ത മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫാന്റസി. ദുഷ്ടശക്തികളില്‍ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോള്‍ യങ്ങും കൂട്ടാളികളും.

റാഫ നദാല്‍ അക്കാദമി: സീസണ്‍ 1

റാഫ നദാല്‍ അക്കാദമി

ടെന്നീസ് ഐക്കണ്‍ റാഫേല്‍ നദാലിന്റെ മനാകോറിലുള്ള (സ്‌പെയ്ന്‍) അക്കാദമിയെ കേന്ദ്രീകരിച്ചുള്ള മിനി ഡോക്യു സീരീസ്. ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് അക്കാദമിയായാണ് മനാകോര്‍ അക്കാദമി അറിയപ്പെടുന്നത്. അവിടുത്തെ പ്രത്യേക പരിശീലനരീതികള്‍, ഉയര്‍ന്നുവരുന്ന താരങ്ങള്‍ എന്നിവയേക്കുറിച്ച് നാല് എപ്പിസോഡുകളിലൂടെ അറിയാം. സെപ്റ്റംബര്‍ 17നാണ് റിലീസ്.

എവരിബഡി ഈസ് ടോക്കിങ് എബൗട്ട് ജെയ്മി

എവരിബഡി ഈസ് ടോക്കിങ് എബൗട്ട് ജെയ്മി

ജൊനാഥന്‍ ബട്ടെറല്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ഡ്രാമ. സമൂഹത്തിന്റെ മുന്‍വിധികളേയും അധിക്ഷേപിക്കുന്നവരേയും നേരിട്ട് തന്റെ സ്വപ്‌നത്തിലേക്ക് നീങ്ങുന്ന 16കാരന്റെ കഥയാണ് ചിത്രം. മാക്‌സ് ഹാര്‍വുഡ്, സാറ ലങ്കാഷയര്‍, ലെയ്റ്റണ്‍ വില്യംസ്, സാമുവല്‍ ബോട്ടംലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഡോ, റേ ആന്‍ഡ് മി: സീസണ്‍ 1

ക്രിസ്റ്റ്യന്‍ ബെല്‍

അനിമേറ്റഡ് മ്യൂസിക്കല്‍ സീരീസാണ് ഡോ, റേ ആന്‍ഡ് മി. മൂന്ന് പക്ഷികളും സംഗീതാത്മകമായ അവരുടെ ചുറ്റുപാടുമാണ് മൈക്കിള്‍ ഷാര്‍ഫ്, ജാക്കി ടോണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ക്രിസ്റ്റ്യന്‍ ബെല്‍, ടോണ്‍, ലൂക് യങ്ബ്ലഡ് എന്നിവരാണ് വോയ്‌സ് ആര്‍ടിസ്റ്റുകള്‍.

ദ റൂക്കി: സീസണ്‍ 1-3

ദ റൂക്കി

ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു സംഭവത്തിന് ശേഷം ലോസ് ആഞ്ചലസ് പൊലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ഒരു ജോലിയെന്ന സ്വപ്‌നം പിന്തുടരുകയാണ് ജോണ്‍ നൊളാന്‍. സഹപ്രവര്‍ത്തകരുടെ തീര്‍പ്പുകളും അവിശ്വാസവും നൊളാന് നേരിടേണ്ടി വരുന്നു. 40കാരന്റെ പുതുമയുള്ള പൊലീസ് അനുഭവങ്ങളാണ് റൂക്കി പ്രേക്ഷകരിലെത്തിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ലഭ്യമാണ്.

ഡിന്നര്‍ ക്ലബ്ബ്: സീസണ്‍ 1

ഡിന്നര്‍ ക്ലബ്ബ്:

ഫുഡ് ട്രാവല്‍ ഡോക്യു സീരീസാണ് ഡിന്നര്‍ ക്ലബ്ബ്. ഷെഫ് കാര്‍ലോ ക്രാക്കോ ആറ് ഇറ്റാലിയന്‍ സെലിബ്രിറ്റികളോടൊപ്പം ഇറ്റലിയിലൂടെ യാത്ര ചെയ്യുന്നു. അധികം പ്രശസ്തമല്ലാത്ത രുചിക്കൂട്ടുകള്‍, സംസ്‌കാരം, ആഹാര രീതികള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

ഗോലിയാത്ത്: സീസണ്‍ 4

ബില്ലി ബോബ് ത്രോന്റണ്‍, ഗോലിയാത്ത്

അമേരിക്കന്‍ ലീഗല്‍ ഡ്രാമ. ‘ഫാര്‍ഗോ’യിലൂടെ സീരീസ് പ്രേക്ഷകരുടെ മനസ് കവര്‍ന്ന ബില്ലി ബോബ് ത്രോന്റണ്‍ പ്രധാന വേഷത്തിലെത്തുന്നു. താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത സ്ഥാപനത്തിനെതിരെ പ്രതികാരം ചെയ്യാന്‍ ബില്ലി മക്‌ബ്രൈഡ് എന്ന അഭിഭാഷകന്‍ നടത്തുന്ന ശ്രമങ്ങളാണ് സീരീസിന്റെ പ്രമേയം. നാലാം സീസണ്‍ സെപ്റ്റംബര്‍ 24നെത്തും.

സാവേജ് എക്‌സ് ഫെന്റി ഷോ വോള്യം 3

പോപ് സ്റ്റാര്‍ റിഹാനയുടെ ഉടമസ്ഥതയിലുള്ള നിശാവസ്ത്ര ബ്രാന്‍ഡ് സാവേജ് എക്‌സ് ഫെന്റിയുടെ പുതിയ കളക്ഷന്‍ അവതരിപ്പിക്കുന്നു. മോഡലുകളും നടന്‍മാരും കലാകാരന്മാരും മൂന്നാം പതിപ്പിലുമുണ്ട്. സെപ്റ്റംബര്‍ 24നാണ് റിലീസ്.

ലണ്ടന്‍ ഫീല്‍ഡ്‌സ്

ലണ്ടന്‍ ഫീല്‍ഡ്‌സ്

ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി മാത്യു കള്ളന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍. ആംബര്‍ ഹേഡ് പ്രധാന റോളിലുള്ള ചിത്രം 2018ല്‍ തിയേറ്ററുകളിലെത്തിയിരുന്നു. നിക്കോള സിക്‌സ് എന്ന യുവതിക്ക് അതീന്ദ്രീയ ജ്ഞാനമുണ്ട്. താന്‍ കൊല്ലപ്പെടാന്‍ പോകുകയാണെന്ന ഭൂതോദയം നിക്കോളയ്ക്കുണ്ടാകുന്നു. തീര്‍ത്തും വ്യത്യസ്തരായ മൂന്ന് പുരുഷന്‍മാരുമായി നിക്കോള ബന്ധമാരംഭിക്കുന്നു. അവരിലൊരാളാണ് തന്നെ കൊല്ലാന്‍ പോകുന്നതെന്നും നിക്കോളയ്ക്ക് അറിയാം. സെപ്റ്റംബര്‍ 27ന് പ്രൈം വീഡിയോയിലെത്തും.

ട്രൂ സ്‌റ്റോറി അവെക്: സീസണ്‍ 2

ട്രൂ സ്‌റ്റോറി അവെക്

പ്രശസ്ത യുട്യൂബര്‍മാരും ഫ്രെഞ്ച് സെലിബ്രിറ്റികളും അനുഭവകഥകള്‍ പങ്കുവെയ്ക്കുന്നു. ഈ കഥകള്‍ വെറുതെ പറഞ്ഞാല്‍ മാത്രം പോരാ, യുട്യൂബര്‍മാര്‍ അവ ഭാവനയില്‍ കണ്ട് അഭിനയിച്ച് കാണിക്കണം.

സ്യൂട്‌സ് (2011-2019)

സ്യൂട്‌സ്

ആമസോണ്‍ ആര്‍ക്കൈവ്‌സിലെ പ്രധാന ഐറ്റങ്ങളിലൊന്നാണ് സ്യൂട്‌സ് എന്ന ലീഗല്‍ ഡ്രാമ സീരീസ്. കൊവിഡ് കാലത്ത് പുതിയ സീരീസ് തേടിയ മലയാളി പ്രേക്ഷകരില്‍ ചിലര്‍ സ്യൂട്‌സ് ഏറ്റെടുത്തിട്ടുണ്ട്. ന്യൂയോര്‍ക് നഗരത്തിലെ ഒരു ലോ ഫേമിലെ മൈക് റോസ്, ഹാര്‍വി ഡെന്റ് എന്നീ അഭിഭാഷകരുടെ കഥ. കോളേജ് ഡ്രോപ് ഔട്ടാണ് മൈക്. ഹാര്‍വാഡ് ലോ സ്‌കൂളില്‍ പഠിച്ചിട്ടില്ലെന്ന് മാത്രമല്ല മൈക്കിന് നിയമബിരുദം പോലുമില്ല. കേസുകള്‍ ജയിച്ച് മുന്നോട്ടുപോകുന്നതിനിടെ മൈക്കിന്റെ ഈ രഹസ്യവും സംരക്ഷിക്കപ്പെടണം. പാട്രിക് ജെ ആഡംസ്, ഗബ്രിയേല്‍ മാച്ച് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദ ബിഗ് സിക് (2017)

ദ ബിഗ് സിക്

ഒരു സെന്‍സിറ്റീവ് റൊമാന്റിക് കോമഡി ചിത്രമാണ് ദ ബിഗ് സിക്. ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ എമിലി വി ഗോര്‍ഡന്‍, കുമെയ്ല്‍ നന്‍ജിയാനി എന്നിവരുടെ യഥാര്‍ത്ഥ പ്രണയകഥയെ ആസ്പദമാക്കിയാണ് ബിഗ് സിക് ഒരുക്കിയിരിക്കുന്നത്. പാകിസ്താനി-അമേരിക്കന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുമെയ്ല്‍, എമിലി എന്ന സൈക്കോളജി വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലാകുന്നു. ഇതിനിടെ എമിലി രോഗബാധിതയാകുന്നു. കുടിയേറി പാര്‍ക്കുന്നവരായ തന്റെ മാതാപിതാക്കളോട് കുമെയ്‌ലിന് മറുപടി പറയേണ്ടതുണ്ട്. എമിലിയുടെ മാതാപിതാക്കളുടെ സ്‌നേഹവും പിടിച്ചുപറ്റണം. നാന്‍ജിയാനി, സോയ കസാന്‍, ഹോളി ഹന്റര്‍, റെയ് റൊമാനോ, അദീല്‍ അക്തര്‍, അനുപം ഖേര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്.

ഫ്യുജിറ്റീവ് പീസസ് (2007)

ഫ്യുജിറ്റീവ് പീസസ്

ആന്‍ മൈക്കിള്‍സ് ഇതേ പേരിലെഴുതിയ കനേഡിയന്‍ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. രണ്ടാം ലോകമഹായുദ്ധത്തിനിടെ പോളണ്ടില്‍ വെച്ച് അനാഥനാക്കപ്പെട്ട ജേക്കബ് ബിയറിനെ രക്ഷിക്കുന്നത് ഒരു ഗ്രീക്ക് ആര്‍ക്കിയോളജിസ്റ്റാണ്. എഴുത്തുകാരനായ ജേക്കബിനെ ഹോളോകോസ്റ്റ് ഓര്‍മ്മകള്‍ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ഗെയിം ഓഫ് ത്രോണ്‍സിലെ സ്റ്റാനിസ് ബറാത്തിയനിലൂടെ സീരീസ് പ്രേക്ഷകരുടെ പ്രിയങ്കരനായ സ്റ്റീഫന്‍ ഡില്ലെയ്ന്‍ ആണ് കേന്ദ്ര കഥാപാത്രം. റോസമണ്ട് പൈക്കും പ്രധാന വേഷത്തിലെത്തുന്നു. 2007 ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഓപ്പണിങ് ചിത്രമായിരുന്നു ഫ്യുജിറ്റീവ് പീസസ്. ചിത്രത്തില്‍ ആര്‍ക്കിയോളജിസ്റ്റിനെ അവതരിപ്പിച്ച റെയ്ഡ് സെര്‍ബെഡ്‌സിയ റോം ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടുകയുണ്ടായി.

സിറ്റി ഓഫ് ഗോഡ് (2002)

സിറ്റി ഓഫ് ഗോഡ്

ഏറെ പ്രേക്ഷക-നിരൂപ പ്രശംസയേറ്റുവാങ്ങിയ ബ്രസീലിയന്‍ ചിത്രം. ഫെര്‍ണാണ്ടോ മെയ്‌റെല്ലസ് യഥാര്‍ത്ഥ സംഭവങ്ങളേയും നോവലിനേയും ആസ്പദമാക്കിയാണ് സിറ്റി ഓഫ് ഗോഡിന് മനോഹരമായ ആവിഷ്‌കാരം നല്‍കിയത്. 1960കളിലും 80കളിലും റിയോ ഡി ജനീറോയ്ക്ക് സമീപത്തുള്ള സിഡാഡെ ഡെ ഡ്യൂസ് എന്ന ചേരിയിലെ ജീവിതങ്ങളില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ ഒരു ഭാഗമായിരുന്നതിനെ വരച്ചുകാട്ടുന്നു. 2004ല്‍ മികച്ച ഛായാഗ്രഹണം, മികച്ച സംവിധായകന്‍, മികച്ച എഡിറ്റിങ്ങ്, മികച്ച അവലംബിത തിരക്കഥ എന്നിങ്ങനെ നാല് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ സിറ്റി ഓഫ് ഗോഡിന് ലഭിക്കുകയുണ്ടായി. കാണാത്തവര്‍ക്ക് മസ്റ്റ് വാച്ചും കണ്ടവര്‍ക്ക് വീണ്ടും കാണാവുന്ന ഒരു ക്ലാസിക്കുമാണിത്.