യമനി കുഞ്ഞുങ്ങളുടെ നിലവിളി ആര് കേൾക്കാൻ? സൗദിക്ക് 650 ദശലക്ഷം ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക

യമൻ സംഘർഷം തുടരുന്നതിനിടെ സൗദി അറേബ്യക്ക് 650 ദശലക്ഷം ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്കൻ തീരുമാനം. സൗദി നേതൃത്വത്തിൽ യമനിൽ നടക്കുന്ന യുദ്ധത്തിനെതിരെ അന്താരാഷ്ട്ര വികാരം ശക്തമായിരിക്കെയാണ് പശ്ചിമേഷ്യൻ രാജ്യവുമായുള്ള ജോ ബൈഡന്റെ ആയുധ വിൽപ്പന. പെന്റഗൺ സൗദിയുമായി നടത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കച്ചവടങ്ങളിൽ ഒന്നാണ് 280 എയർ-ടു-എയർ മിസൈലുകളുടെ ഈ ഇടപാട്. ഇതോടെ ലോകത്തിലെ രാഷ്ട്രീയ പ്രതിസന്ധികളിലൊന്നായി മാറിയ യമൻ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാക്കുമെന്നാണ് വിലയിരുത്തൽ.

കരാർ പശ്ചിമേഷ്യയിലെ സാമ്പത്തിക-രാഷ്ട്രീയ പുരോഗതിയുടെ ചാലക ശക്തിയും തങ്ങളുടെ സുഹൃദ് രാജ്യവുമായ സൗദിയുടെ സുരക്ഷ ഉറപ്പാക്കുകയും നിലവിലെയും ഭാവിയിലെയും ഭീഷണികൾ നേരിടുന്നതിന് സഹായിക്കുകയും ചെയ്യുമെന്നാണ് പെന്റഗൺ വിശദീകരണം. അതേസമയം തന്നെ അമേരിക്കൻ വിദേശ നയത്തെയും ആഭ്യന്തര സുരക്ഷയെയും ഈ കരാർ സംരക്ഷിക്കുമെന്നും പെന്റഗൺ പ്രസ്‌താവിച്ചു. മസാച്യുസെറ്റ് കേന്ദ്രമായ റേത്തിയൺ എന്ന കരാർ കമ്പനി വഴിയാണ് ‘എ.ഐ.എം 120C-7/C-8’ ഗണത്തിൽ പെടുന്ന വർദ്ധിത ശക്തിയുള്ള മധ്യനിര മിസൈലുകൾ അമേരിക്ക സൗദിക്ക് വിൽക്കുന്നത്. ആയുധക്കച്ചവടം പൂർത്തിയാകാൻ കോൺഗ്രസ്സിന്റെ അനുമതി സാധാരണ നിലക്ക് നിർബന്ധമില്ല, എന്നാൽ എം.പിമാർക്ക് സെനറ്റിലും പ്രതിനിധി സഭയിലും വിസമ്മത ബില്ല് കൊണ്ടുവന്ന് കരാർ തടസ്സപ്പെടുത്താവുന്നതാണ്.

സൗദി യമനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണ സൈനീക നീക്കങ്ങളെ സഹായിക്കുന്ന അമേരിക്കൻ സമീപനങ്ങൾ അവസാനിപ്പിക്കുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ കരാർ. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്റെ സമയത്ത് യമൻ യുദ്ധത്തിന്റെ പേരിലും സൗദി മാധ്യമപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗ്ഗി യുടെ കൊലപാതകത്തിന്റെ പേരിലും സൗദിക്കെതിരെ കടുത്ത ഭാഷയിലായിരുന്നു ബൈഡന്റെ പ്രതികരണങ്ങൾ. ‘നീചമായ’ നിലപാടുകളുള്ള രാജ്യമെന്നുപോലും ഒരു ഘട്ടത്തിൽ സൗദിയെ ബൈഡൻ വിശേഷിപ്പിച്ചിരുന്നു. എന്നാൽ സാഹചര്യങ്ങൾ തൽസ്ഥിതിയിൽ തുടരവേ അതേ സൗദിക്ക്‌ തന്നെ ആയുധങ്ങൾ വിൽക്കുന്നതിനെനതിരെ വലിയ വിമർശനമാണ് ഉയരുന്നത്. എന്നാൽ യമൻ സംഘർഷം നയതന്ത്ര തലത്തിൽ തീർപ്പാക്കണമെന്ന അമേരിക്കൻ നിലപാടിനോട് ചേർന്നുനിൽക്കുന്നത് തന്നെയാണ് പുതിയ കരാറെന്നും

ഇറാൻ പിന്തുണയുള്ള ഹൂതി വിമതരിൽ നിന്നുമുള്ള അക്രമങ്ങളെ പ്രതിരോധിക്കാൻ സൗദിക്ക് മിസൈലുകൾ സഹായകമാകുമെന്നുമാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവിന്റെ വിശദീകരണം.

യമനിലെ മാരിബ് പ്രവിശ്യയിലെ കനത്ത സംഘർഷം തുടരുകയാണ്.

പശ്ചിമേഷ്യയിലെ സമാധാനം ഉപ്പാക്കുകയെന്നതോ വിമതരെ നേരിട്ട് സംഘർഷങ്ങൾക്ക് അറുതി വരുത്തുകയെന്നതോ അല്ല ഈ ആയുധ ഇടപാടിന്റെ പ്രചോദനം എന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. ലോകത്തെ മികച്ചതാക്കുക എന്നതേയല്ല, അമേരിക്കയുടെ പ്രതിരോധ സാമ്പത്തികരംഗം ഉഷാറാക്കുവാനുള്ള ഇടപാട് മാത്രമാണ് ഇതെന്നാണ് എഴുത്തുകാരിയും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന മേരിയാൻ വില്യംസൺ അഭിപ്രായപ്പെടുന്നത്. ‘മരണത്തെ കച്ചവടമാക്കികൊണ്ടാവരുത് അമേരിക്കയുടെ സാമ്പത്തിക രംഗം കരുപ്പിടിപ്പിക്കേണ്ടത് എന്നും അവർ കൂട്ടിച്ചേർക്കുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള യമൻ യുദ്ധം വരുത്തിവെച്ച മനുഷ്യത്വ പ്രതിസന്ധിയുടെ കാരണമായി ഓരോ 10 മിനിറ്റിലും ഒരു കുട്ടിവീതം ഈ തെക്കൻ അറബ് രാജ്യത്ത് മരണപ്പെടുകയാണെന്നാണ് അമേരിക്കയുടെ കരാറിനോട് പ്രതികരിച്ചുകൊണ്ട് യുദ്ധവിരുദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന കോഡ് പിങ്ക് സംഘടന ട്വിറ്ററിൽ കുറിച്ചത്.

2015ലാണ് സൗദിയുടെ നേതൃത്വത്തിൽ യമനിൽ സൈനിക നീക്കങ്ങൾ ആരംഭിക്കുന്നത്. യമൻ തലസ്ഥാനമായ സൻആഉം രാജ്യത്തിൻറെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത ഹൂതി സായുധ വിമതർക്കെതിരെയാണ് സൗദിയും സഖ്യകക്ഷികളും യുദ്ധം ആരംഭിച്ചത്. വർഷങ്ങൾ നീണ്ട യുദ്ധത്തിൽ12,000 സിവിലിയൻസ്‌ ഉൾപ്പടെ 1,30,000 ആളുകൾ നേരിട്ട് കൊല്ലപ്പെട്ടു. ജീവൻ പൊലിഞ്ഞ സാധാരണക്കാരിൽ 25 ശതമാനവും കുട്ടികളാണ്. സംഘർഷ കാരണമായി നേരിട്ടല്ലാതെ മരണപ്പെട്ട പതിനായിരങ്ങളും ചേർന്ന് 2,33,000ന് മുകളിലാണ് മരണക്കണക്ക്. 40 ലക്ഷം ജനങ്ങളാണ് കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്‌തത്‌. 2.4 കോടി യമനികളിലെ 80 ശതമാനവും തീരാദുരിതത്തിലാണ്. സകല അന്താരാഷ്ട്ര യുദ്ധ നിയമങ്ങളും ലംഘിക്കുന്നതും യുദ്ധക്കുറ്റകൃത്യങ്ങൾ നിരന്തരം ചെയ്തുകൂട്ടുന്നതുമാണ് സൗദിയുടെ യമൻ ഇടപെടൽ എന്നാണ് 2021 ജനുവരിയിൽ ഹ്യൂമൻ റൈറ്സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ട് ആരോപിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലടക്കം സൗദി സഖ്യവും ഹൂതികളും റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് അക്രമണങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. മഅരിബ് ഉൾപ്പടെയുള്ള മേഖലകളിൽ കനത്തയുദ്ധം തുടരുകയാണ്.

ഇറാന്റെ നിഴൽപ്പോരാളികളാണ് ഹൂതികൾ എന്നാണ് സൗദിയുടെയും അമേരിക്കയുടെയും ആരോപണം. എന്നാൽ ഈ ആരോപണം തെഹ്‌റാൻ നിഷേധിക്കുന്നു. മേഖലയിലെ ‘ഇറാൻ ഭീഷണി’ നേരിടാനുള്ള അമേരിക്കയുടെ നീക്കങ്ങളിൽ സുപ്രധാനമാണ് സൗദിയുമായുള്ള സൗഹൃദം.

സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ കണക്കുകൾ പ്രകാരം യമൻ യുദ്ധം തുടങ്ങിയ ആദ്യ അഞ്ചുവർഷം, അതായത് 2015 മുതൽ 2019 വരെ, ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായിരുന്നു സൗദി. മുൻകാലയളവുകളെ അപേക്ഷിച്ച് 130 ശതമാനത്തിന്റെ വർധനവാണ് ഈ അഞ്ചുവർഷം രേഖപ്പെടുത്തിയത്. സൗദിയുടെ 73 ശതമാനം യുദ്ധക്കോപ്പുകളും അമേരിക്കയിൽ നിന്നാണ്. 13 ശതമാനം യു.കെയിൽ നിന്നും.