കൊവിഡ് കേസുകൾ കുതിച്ചുയരുന്ന അമേരിക്കയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷം; ബാക്കിയുള്ളത് മണിക്കൂറുകൾ നേരത്തേക്ക് മാത്രം

ഫ്ലോറിഡ: അമേരിക്കയിൽ കൊവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയർന്നതോടെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നു. അമേരിക്കയുടെ തെക്കൻ സ്റ്റേറ്റുകളിലുള്ള പല പ്രധാന ആശുപത്രികളിലെയും ഓസ്കിജൻ ശേഖരം മണിക്കൂറുകൾ കൂടി മാത്രമേ ബാക്കിയുണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് വ്യാപകമായി കൊവിഡ് ബാധിക്കുന്നതും കുത്തിവെപ്പെടുത്തവരിൽ ഡെൽറ്റാ വകഭേദം പിടിപെടുന്നതുമാണ് അമേരിക്കയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ഫ്ലോറിഡ, സൗത്ത് ക്യാരൊലൈന, ടെക്‌സസ്, ലൂയിസിയാന തുടങ്ങിയ സ്റ്റേറ്റുകളിലാണ് ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരിക്കുന്നത്. ചില ആശുപതികളിലെ ഓക്‌സിജൻ സിലിണ്ടറുകൾ ഉടനടി കാലിയാകുന്ന സ്ഥിതിയാണ്. ആശുപത്രികളിലേക്കുള്ള ഓക്‌സിജൻ വിതരണവും കൃത്യമായി നടക്കുന്നില്ലെന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോണാ ക്രോസ്സിനെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് കേസുകൾ അധികരിച്ചിട്ടും ആനുപാതികമായി ഓക്‌സിജൻ ആശുപത്രികളിൽ ലഭ്യമാകുന്നില്ലെന്ന് ക്രോസ്സ് കുറ്റപ്പെടുത്തുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം മിസ്സസിപ്പിയിലും, വെസ്റ്റ് വിർജീനിയയിലും ജോർജ്ജിയയിലും ഓക്‌സിജൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

സാധാരണനിലയ്ക്ക് ഓക്‌സിജൻ ടാങ്കുകൾ 90 ശതമാനം നിറച്ചാണ് ആശുപത്രികൾ സൂക്ഷിക്കാറുള്ളത്. ഇത് 30-40 ശതമാനത്തിലേക്ക് താഴുമ്പോൾ വിതരണക്കാർ വീണ്ടും ഓക്‌സിജൻ നിറയ്ക്കും. ഈ അളവിൽ മൂന്നുമുതൽ അഞ്ചു ദിവസം വരെ മുടക്കമില്ലാതെ ഓക്‌സിജൻ ലഭ്യമാകും. എന്നാൽ കൊവിഡ് രൂക്ഷമായി ഓക്‌സിജൻ ഡിമാൻഡ് വർധിച്ചതോടെ ആശുപത്രികൾ ടാങ്കുകൾ 10-20 ശതമാനംവരെ കാലിയാക്കിയാണ് ഉപയോഗിക്കുന്നത്. വീണ്ടും വിതരണക്കാർ നിറയ്ക്കുന്നതാകട്ടെ 50 ശതമാനം വരെ മാത്രവും. ഇത് വളരെ ഗുരുതരമായ സാഹചര്യമാണെന്ന് ക്രോസ്സ് വിശദീകരിക്കുന്നു.

വാരാന്ത്യ കണക്കുകൾ പ്രകാരം ഫ്ളോറിഡയിലായിരുന്നു ഏറ്റവും കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച 100,000 ജനസംഖ്യക്ക് 75 രോഗികൾ എന്നതായിരുന്നു ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്കെങ്കിൽ ഈ ശനിയാഴ്ച്ചയായപ്പോൾ അത് 700 രോഗികളായി. എന്നാൽ ഫോളോറിഡയിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്. ആളുകൾ വാക്സിനെടുക്കാത്തതിനാൽ മരിച്ചുവീഴുന്നത് കണ്ടുമടുത്തെന്നാണ് ഫ്ലോറിഡയിലെ ഡോക്ടർ അഹമ്മദ് അൽഹദ്ദാദ്‌ വിവരിക്കുന്നത്. ഡെൽറ്റാ വകഭേദം ആളുകളുടെ ശ്വാസകോശം കാർന്നുതിന്നുകയാണെന്നും മുടങ്ങാതെയുള്ള ഓക്‌സിജൻ ലഭ്യത അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ‘ഈ തരംഗത്തിൽ 30-50 വയസ്സുള്ളവരെയാണ് ഞങ്ങൾ കൂടുതൽ കാണുന്നത്. അവർ ഓക്സിജനുവേണ്ടി പ്രയാസപ്പെടുകയാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ, മുൻപത്തെ അപേക്ഷിച്ച് വേഗത്തിൽ അവർ മരണത്തിന് കീഴടങ്ങുന്നു,’ എന്നും അൽഹദ്ദാദ്‌ സി.എൻ.എന്നിനോട് പറഞ്ഞു.

ALSO READ: 24 ലക്ഷം ജനങ്ങളുള്ള നഗരത്തിൽ ബാക്കിയുള്ളത് 6 ഐസിയു മാത്രം; ഒരു ലക്ഷം പ്രതിദിന കണക്കുകൾ, നിറഞ്ഞുകവിയുന്ന ആശുപത്രികൾ; അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം

അമേരിക്കയിൽ സ്ഥിതി ഗുരുതരമാണെന്നും ഡിസംബർ മാസത്തിനുളളിൽ ഒരു ലക്ഷം അധികം മരണംകൂടി കൊവിഡ് കാരണമായി രാജ്യത്ത് സംഭവിക്കുമെന്നും മുതിർന്ന പകർച്ചവ്യാധി വിദഗ്ദൻ ആന്തണീ ഫൗച്ചി മുന്നറിയിപ്പ് നൽകി. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രവചിക്കാനാവുന്നതായിരുന്നുവെന്നും വാക്‌സിനുകളുള്ള സ്ഥിതിക്ക് പ്രതിരോധിക്കാൻ സാധ്യമാകുമായിരുന്നുവെന്നും വാഷിംഗ്‌ടൺ സർവകലാശാലയുടെ പഠനം മുൻനിർത്തി അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രപരിചരണ വിഭാഗത്തിൽ നിലവിലുള്ള രോഗികളിൽ ഒരാൾ പോലും വാക്‌സിൻ സ്വീകരിച്ചവർ ഇല്ലെന്ന് ഡോ. അൽഹദ്ദാദും സാക്ഷ്യപ്പെടുത്തുന്നു. ഫൗച്ചിയുടെ കണക്കുകൾ പ്രകാരം എട്ട് കോടി അമേരിക്കക്കാർ ഇനിയും വാക്സിനെടുക്കാത്തവരായുണ്ട്.

കൊവിഡ് രൂക്ഷമായ ഫ്ലോറിഡയിൽ 52.4 ശതമാനം ജനങ്ങൾ മാത്രമാണ് വാക്‌സിൻ എടുത്തവർ. സൗത്ത് ക്യാരൊലൈനയിലും ടെക്‌സസിലും ലൂയിസിയാനയിലും ഇത് 50 ശതമാനത്തിനും താഴെയാണ്. രാജ്യത്തെ ആകെ കണക്കുകളെടുത്താൽ ജനസംഖ്യയുടെ 52.1 ശതമാനം ആളുകൾ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.