അന്ത്യമില്ലാത്ത അമേരിക്കൻ ‘ഭീകരവിരുദ്ധ യുദ്ധ’ത്തിൽ കൊല്ലപ്പെട്ടവർ 10 ലക്ഷം; 8 ട്രില്യൺ ഡോളറിന്റെ പണമൊഴുക്ക്

റോഡ് ഐലൻഡ്: അമേരിക്കയുടെ നേതൃത്വത്തിൽ ഇറാഖ്, സിറിയ, അഫ്‌ഗാനിസ്ഥാൻ ഉൾപ്പടെയുള്ള അനവധി രാജ്യങ്ങളിൽ നടത്തിവരുന്ന ‘ഭീകരവിരുദ്ധ യുദ്ധങ്ങളുടെ’ വ്യാപ്‌തിയും ആഘാതവും അഫ്‌ഗാനിലെ പുതിയ രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും വിശകലനവിധേയമാകുകയാണ്. രണ്ട് പതിറ്റാണ്ടിന് മുകളിൽ നീണ്ടുനിൽക്കുന്ന, ഇപ്പോഴും തുടരുന്ന, അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധങ്ങൾ 10 ലക്ഷത്തിന് മുകളിൽ ആളുകളുടെ ജീവനെടുത്തെന്നും ഏതാണ്ട് 6 കോടിക്ക് മുകളിൽ ജനങ്ങളെ നേരിട്ടും പരോക്ഷമായും പലായനത്തിലേക്ക് തള്ളിവിട്ടുവെന്നുമാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എട്ട് ട്രില്യൺ ഡോളറാണ് (58,36,72,80,00,00,000 ഇന്ത്യൻ രൂപ) അമേരിക്ക ഈ യുദ്ധങ്ങൾക്കായി ഒഴുകിയതെന്നാണ് ബ്രൗൺ സർവ്വകലാശാലയുടെ ഏറ്റവും പുതിയ കോസ്റ്റ് ഓഫ് വാർ കണക്കുകൾ വ്യക്തമാക്കുന്നത്.

സെപ്റ്റംബർ 11ന് 20 വർഷം തികയ്ക്കുന്ന ‘അന്തമില്ലാത്ത യുദ്ധമെന്ന’ വിളിപ്പേരുള്ള അമേരിക്കൻ സൈനിക ഇടപെടലുകൾ 897,000 മുതൽ 929,000 ജനങ്ങളെ വിവിധ രാജ്യങ്ങളിൽ നേരിട്ട് കൊലപ്പെടുത്തി. അവരിൽ കുറഞ്ഞത് 387,072 പേരെങ്കിലും തീർത്തും സാധാരണക്കാരായിരുന്നു. മരണങ്ങളുടെയും പണച്ചെലവിന്റെയും യഥാർത്ഥ കണക്കുകൾ പെന്റഗൺ മുന്നോട്ടുവെക്കുന്നതിനേക്കാൾ വളരെ ഉയരെയാണ്. പ്രത്യക്ഷത്തിലുള്ള കണക്കുകൾ ഇപ്രകാരമാണെങ്കിൽ ഈ യുദ്ധങ്ങൾ സമ്മാനിച്ച സാമൂഹിക ആഘാതവും പരോക്ഷമായ അന്തരഫലങ്ങളും കണക്കെടുക്കാൻ സാധിക്കുന്നതിനേക്കാൾ അപ്പുറത്താണെന്നും ഗവേഷകർ അടിവരയിടുന്നു.

2001 സെപ്റ്റംബർ 11ന് അമേരിക്കയിലെ ലോകവ്യാപാര സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ള്യൂ ബുഷ് ഭീകരവിരുദ്ധ യുദ്ധം പ്രഖ്യാപിക്കുന്നത്. ആക്രമണത്തിന് പിന്നിൽ അൽഖാഇദ ഭീകരരാണെന്ന് വാദിച്ച അമേരിക്ക അവർക്ക് സംരക്ഷണം നൽകിയിരുന്ന താലിബാൻ ഭരിച്ചിരുന്ന അഫ്‌ഗാനിലേക്ക് യുദ്ധം നയിച്ചു. ഭീകരനേതാവ് ഒസാമ ബിൻലാദനെ പിടിക്കുകയും സംഘത്തെ തുടച്ചുനീക്കുകയുമായിരുന്നു പ്രഖ്യാപിത ലക്ഷ്യം. പിന്നീട് തീവ്രവാദം നേരിടാനെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ യുദ്ധങ്ങൾ വിവിധ കാലങ്ങളിൽ വിവിധ പ്രസിഡന്റുമാരുടെ കീഴിൽ മധ്യേഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ചു. ബ്രൗൺ സർവകലാശാലയുടെ കണക്കുകൾ പ്രകാരം 85 രാജ്യങ്ങളിലാണ് ഭീകരവിരുദ്ധ നടപടികൾ എന്ന നിലയിൽ അമേരിക്കൻ സാന്നിധ്യമുള്ളത്.

9/ 11-ാനന്തര യുദ്ധങ്ങളുടെ യഥാർത്ഥ മരണക്കണക്കുകൾ ഇന്നോളം തർക്കവിഷയമായിരുന്നെങ്കിലും പത്തുലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് നേരത്തെയും വാദങ്ങൾ ഉയർന്നിരുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരജേതാക്കളായ ഫിസിഷ്യൻസ് ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റി ഗ്രൂപ്പിന്റെ 2015ലെ കണക്കുകൾ പ്രകാരം പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ നേരിട്ടും അല്ലാതെയും ഇറാഖിലും അഫ്‌ഗാനിലും പാകിസ്താനിലും മാത്രമായി കൊല്ലപ്പെട്ടിട്ടുണ്ട്. തുടർന്നുള്ള വർഷങ്ങളിലും പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളിൽ യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുകയുമായിരുന്നു. യുദ്ധത്തിന്റെ സാമ്പത്തിക കണക്കുകൾ ഇപ്രകാരമാണ്: അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി 2.3 ട്രില്യൺ ഡോളർ (16,80,75,49,00,00,000 ഇന്ത്യൻ രൂപ) അമേരിക്ക ചെലവിട്ടപ്പോൾ 2.1 ട്രില്യൺ ഡോളറാണ് (15,34,60,23,00,00,000 ഇന്ത്യൻ രൂപ) ഇറാഖിലും സിറിയയിലും ഇറക്കിയത്. സൊമാലിയയിലും ആഫ്രിക്കയിലെ മറ്റ് മേഖലകളിലും അമേരിക്ക ചെലവാക്കിയത് 355 ബില്യൺ ഡോളറാണ് (25,94,20,86,500 ഇന്ത്യൻ രൂപ).

കഴിഞ്ഞ വർഷത്തെ കോസ്റ്റ് ഓഫ് വാർ റിപ്പോർട്ട് പ്രകാരം ആറ് കോടി ജനങ്ങളാണ് അമേരിക്കൻ യുദ്ധങ്ങൾ കാരണമായി എട്ട് രാജ്യങ്ങളിൽ നിന്നായി സ്വദേശമുപേക്ഷിച്ച് രാജ്യത്തിനുള്ളിലോ പുറത്തേക്കോ പലായനം ചെയ്യാൻ നിർബന്ധിതരായത്. ഇറാഖിലും അഫ്‌ഗാനിലുമുണ്ടായ അമേരിക്കൻ സൈനികരുടെ മരണങ്ങളും അപകടങ്ങളും രേഖപ്പെടുത്താൻ പെന്റഗൺ സംവിധാനമുണ്ട്. എന്നാൽ എതിർപക്ഷത്തെയോ സാധാരണ ജനങ്ങളുടെയോ ജീവനാശം ലിസ്റ്റുചെയ്യുന്ന ഔദ്യോഗിക സംവിധാനങ്ങൾ ഒന്നും നിലവിലില്ല. സൈനിക ഇടപെടലുകൾ തുടരുന്നതിനും ശക്തിപ്പെടുത്തുന്നതിനും അമേരിക്കൻ പ്രതിരോധ വിഭാഗം കണക്കുകൾ പെരുപ്പിച്ചുകാണിച്ചിരുന്നതായും ആരോപണം ശക്തമാണ്.

അമേരിക്കയുടെ അഫ്‌ഗാൻ ഇടപെടലിന് മാത്രമാണ് ഇപ്പോൾ ഔദ്യോഗികമായി വിരാമമായിരിക്കുന്നത്. ആഗോള ‘ഭീകരവിരുദ്ധ’യുദ്ധം അവസാനിപ്പിക്കുന്നു എന്ന് ജോ ബൈഡൻ സൂചനപോലും നൽകിയിട്ടില്ല. മാത്രമല്ല ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാനെ നേരിടുമെന്ന ബൈഡന്റെ പ്രസ്‌താവന യുദ്ധം തുടരുമെന്ന സൂചന തന്നെയാണ്. അമേരിക്ക ഇതിനോടകം തുടങ്ങിവെച്ച നിരവധി പശ്ചിമേഷ്യയിൽ യുദ്ധങ്ങൾ അറുതിയില്ലാതെ നീളുകയുമാണ്.