13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജെഡിയുവിലേക്ക്; ബീഹാറില്‍ വമ്പന്‍ രാഷ്ട്രീയ നീക്കങ്ങള്‍, ചിരാഗിനെ തിരിച്ചടിച്ച് എല്‍ജെപി എംപിമാര്‍ കൂറുമാറി

പട്‌ന: ബീഹാറില്‍ വമ്പന്‍ രാഷ്ട്രീയ നീക്കങ്ങള്‍. എല്‍ജെപി നേതാവ് ചിരാഗ് പസ്വാന് തിരിച്ചടിയുമായി അഞ്ച് ലോക്‌സഭാ എംപിമാര്‍ പശുപതി കുമാര്‍ പക്ഷത്തേക്ക് കൂറുമാറി. ഇതിന് പിന്നാലെ 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ എതിര്‍പക്ഷത്തുള്ള നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേരാന്‍ തീരുമാനിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബീഹാര്‍ നിയമസഭയിലെ 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 13 പേര്‍ ജെഡിയുവില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ തുറന്ന് സമ്മതിച്ചില്ലെങ്കിലും കോണ്‍ഗ്രസ് ആടിയുലയുന്ന കപ്പലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ജെഡിയു ദേശീയാധ്യക്ഷന്‍ ആര്‍സിപി സിങ് പ്രതികരിച്ചു. ‘ബംഗാളിലെ കോണ്‍ഗ്രസിന്റെ പ്രകടനം നോക്കൂ. കോണ്‍ഗ്രസായിരുന്നു ആ സംസ്ഥാനം ഭരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ അവര്‍ പൂര്‍ണമായും അവിടെ അപ്രസക്തരായി. കോണ്‍ഗ്രസില്‍നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും പടിയിറങ്ങിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല’, സിങ് പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജെഡിയുവിലേക്ക് വരുന്നെന്ന അഭ്യൂഹങ്ങളോട് പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന തരത്തിലുള്ള പ്രതികരണവും സിങ് നടത്തി.

മുന്‍ സംസ്ഥാനാധ്യക്ഷന്‍ അശോക് ചൗധരിയും അണികളും ജെഡിയു പാളയത്തിലെത്തിയതുമുതല്‍ ബീഹാര്‍ കോണ്‍ഗ്രസില്‍ ഇത്തരം പടിയിറക്കങ്ങള്‍ സജീവമാണ്. ചൗധരി പിന്നീട് ജെഡിയുവിന്റെ മാസ്റ്റര്‍ ബ്രയിനാവുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ജെഡിയുവിനായി തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വലംകൈ കൂടിയാണി ചൗധരിയിപ്പോള്‍.

Also Read: സിപിഐഎമ്മിന്റെ തണലില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കുന്നു ഇര്‍ഷാദ് അലിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, തരത്തില്‍പോയി കളിക്കെടായെന്ന് നടന്‍. പൊങ്കാല!

ഇന്ന് രാവിലെയാണ് എല്‍ജെപി എംപിമാര്‍ കൂട്ടത്തോടെ വിമത നീക്കം നടത്തിയത്. ചിരാഗ് പസ്വാനൊഴികെയുള്ള അഞ്ചുപേരും പശുപതി പക്ഷത്തേക്ക് മാറുകയും പാര്‍ലമെന്റില്‍ തങ്ങളുടെ നേതാവായി പശുപതിയെ പ്രഖ്യാപിക്കുകയുമായിരുന്നു. കൂടാതെ, തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് പാര്‍ട്ടി വിട്ട ഇവര്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു.

ചിരാഗ് പശ്വാന്റെ അച്ഛന്‍ രാംവിലാസ് പസ്വാന്റെ അനുജനാണ് പശുപതി കുമാര്‍. പശുപതിയുടെ നേതൃത്വത്തിലാണ് ചിരാഗിനെ ഒറ്റപ്പെടുത്തിയുള്ള വിമതനീക്കവും നടന്നിരിക്കുന്നത്. തങ്ങള്‍ പാര്‍ട്ടിയെ സംരക്ഷിക്കാനാണ് നോക്കുന്നതെന്നും എംപിമാര്‍ തനിക്കൊപ്പം നിന്നതോടെ പാര്‍ട്ടി സംരക്ഷിക്കപ്പെടുകയാണുണ്ടായെന്നുമാണ് പശുപതിയുടെ വിശദീകരണം. നിതീഷ് കുമാറുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് പശുപതി കുമാര്‍.

രാംവിലാസ് പസ്വാന്റെ മരണശേഷം പശുപതിയും ചിരാഗും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കാറില്ലായിരുന്നെന്നും കത്തുകളിലൂടെയായിരുന്നു ആശയവിനിമയമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ അകല്‍ച്ചയാണ് ഒടുവില്‍ വിമതനീക്കത്തിലെത്തിയിരിക്കുന്നത്.

Also Read: സിസ്റ്റര്‍ ലൂസി കളപ്പുര പുറത്തുതന്നെ, അപ്പീല്‍ തള്ളി വത്തിക്കാന്‍ സഭാ കോടതി

നിതീഷ് കുമാറിന്റെ അറിവോടെയാണ് എല്‍ജെപിയിലെ ഈ പൊട്ടിത്തെറിയെന്നാണ് ജെഡിയു വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായ എന്‍ഡിഎ വിട്ട ചിരാഗ് ജെഡിയുവിന്റെ ശക്തികേന്ദ്രങ്ങളിലടക്കം എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ജെഡിയുവിന്റെ വോട്ടുബാങ്കുകളെ ഭിന്നിപ്പിക്കുകയും ചെയ്തിരുന്നു. ജെഡിയുവിനെ കാര്യമായി ഈ നീക്കം ബാധിച്ചില്ലെങ്കിലും നേട്ടം ബിജെപിക്കായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നേട്ടം ജെഡിയുവില്‍നിന്നും മാറി ബിജെപിക്ക് സ്വന്തമായി. ഇത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു.