‘ചില രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍’; അയച്ച കവിതകള്‍ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമം ആഴ്ച്ചപ്പതിപ്പിനോട് കവി

മാധ്യമം ആഴ്ച്ചപ്പതിപ്പിന് താന്‍ അയച്ച കവിതകള്‍ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കവി. എഴുത്തുകാരന്‍ എം എന്‍ ശശിധരനാണ് (ശശിധരന്‍ മുകാമി) ജമാ അത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള വാരികയ്ക്ക് കത്തയച്ചത്. ആഗസ്റ്റ് ഏഴ്, സെപ്റ്റംബര്‍ ഒന്ന് തീയതികളിലായി താന്‍ അയച്ച ‘വളര് വളര്’, ‘പിറന്നുതീരാത്ത പെണ്‍കുട്ടി’ എന്നീ കവിതകള്‍ പിന്‍വലിക്കണമെന്ന് ശശിധരന്‍ പത്രാധിപരോട് ആവശ്യപ്പെട്ടു.

ഈ കവിതകള്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കരുതെന്ന് താഴ്മയോടെ ആവശ്യപ്പെടുന്നു.

എംഎന്‍ ശശിധരന്‍

അഫ്ഗാനിസ്താനിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് മാധ്യമം ദിനപത്രവും ജമാ അത് നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളായ മീഡിയ വണ്‍ ചാനലും വെബ്‌സൈറ്റും പുലര്‍ത്തുന്ന സമീപനത്തില്‍ താലിബാന്‍ ചായ്‌വ് ഉണ്ടെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. താലിബാന്‍ അഫ്ഗാന്റെ അധികാരം ആദ്യമായി പിടിച്ചെടുത്ത 1996 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മാധ്യമം പത്രത്തിലെ ഒരു വാര്‍ത്തയുടെ ചിത്രവും ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ‘വിസ്മയം പോലെ താലിബാന്‍ പട’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് വാര്‍ത്ത രൂക്ഷവിമര്‍ശനങ്ങള്‍ക്കിടയാക്കി. അന്നേ ദിവസമിറങ്ങിയ പത്രത്തിന്റെ മുഖലേഖനം ‘പ്രതീക്ഷാ നാളമായി താലിബാന്‍’ എന്നായിരുന്നെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തി.

ക്ലബ്ബ് ഹൗസ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ മാധ്യമത്തിന്റെ നിലപാടിനേക്കുറിച്ച് വാദപ്രതിവാദങ്ങള്‍ തുടരവെ സെപ്റ്റംബര്‍ ഒന്നിലെ ലീഡ് വാര്‍ത്തയുടെ തലക്കെട്ട് വിമര്‍ശനങ്ങളുടെ ആക്കം കൂട്ടി. അഫ്ഗാനിലെ ഇടപെടല്‍ അവസാനിപ്പിച്ച് യുഎസ് സേനാ പിന്മാറ്റം പൂര്‍ത്തിയാക്കിയതിനേക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് ‘അവസാന യുഎസ് സൈനികനും കാബൂള്‍ വിട്ടു, അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍’ എന്ന ഹെഡ്‌ലൈനാണ് പത്രം നല്‍കിയത്. ഇതിനെതിരെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. നഗ്നമായ താലിബാന്‍ അനുകൂല നിലപാടാണിതെന്നാണ് ആരോപണം. ജമാ അത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളോടും പ്രസിദ്ധീകരണങ്ങളോടും സഹകരിക്കരുതെന്ന ആഹ്വാനവുമുയരുന്നുണ്ട്. 20 വര്‍ഷത്തിന് ശേഷം അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ആധിപത്യം അവസാനിപ്പിച്ച് മടങ്ങിയതിനെയാണ് ‘സ്വതന്ത്ര അഫ്ഗാന്‍’ എന്ന് വിശേഷിപ്പിച്ചതെന്നും അതില്‍ താലിബാന് കീഴിലെ അഫ്ഗാന്‍ സ്വതന്ത്രമാണ് എന്ന അര്‍ത്ഥമില്ലെന്നും മറുഭാഗം വാദിക്കുന്നു.

Also Read: ‘രാഷ്ട്രീയവല്‍കരിക്കപ്പെട്ട ഒരു മതം എനിക്ക് വേണ്ട’; താലിബാനെ ആഘോഷിക്കുന്ന ഇന്ത്യയിലെ ചില മുസ്ലീം വിഭാഗങ്ങള്‍ ആഗ്രഹിക്കുന്നത് കിരാത ജീവിതമോയെന്ന് നസീറുദ്ദീന്‍ ഷാ