‘ഭീകരവാദം പൊറുക്കില്ല, സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ല’; പാകിസ്താന് താക്കീതുമായി അമിത് ഷാ

പനാജി: അതിര്‍ത്തികള്‍ കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ലെന്ന് പാകിസ്താന് താക്കീത് നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ നാഷണല്‍ ഫൊറന്‍സിക് സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലൊരു പ്രധാനപ്പെട്ട പ്രവര്‍ത്തനത്തിലൂടെ ഇന്ത്യ ശക്തമായൊരു സന്ദേശം ലോകത്തിന് നല്‍കുകയായിരുന്നു. അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനത്തിന് ആരും മുതിരേണ്ടതില്ലെന്ന സന്ദേശമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യയുടെ അതിര്‍ത്തികള്‍ കടന്ന് ഭീകരര്‍ വരികയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലുള്ളവര്‍ ഒന്നും ചെയ്തിരുന്നില്ല. 2016ല്‍ ഭീകരര്‍ ജമ്മു കശ്മീരിലെ ഉറിയില്‍ ആക്രമണം നടത്തി. പക്ഷെ ഇന്ത്യ ആദ്യമായി അതിന് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രൂപത്തില്‍ നല്ല മറുപടി നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.

ചര്‍ച്ചകള്‍ മാത്രം നടക്കുന്നൊരു സമയമുണ്ടായിരുന്നു. പക്ഷെ ഇന്ത്യ ഇപ്പോള്‍ അവര്‍ക്ക് മനസിലാവുന്ന രീതിലുള്ള മറുപടിയാണ് നല്‍കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരില്‍ ഭീകരര്‍ നിയന്ത്രണരേഖ ലംഘിക്കുകയും ഏറ്റുമുട്ടലില്‍ ഒരു മലയാളി അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.

അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ എച്ച്. വൈശാഖിന്റെ മൃതദേഹം വ്യാഴാഴ്ച സംസ്്കരിച്ചു. കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ.എന്‍ ബാലഗോപാല്‍ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.