കൊച്ചി: ചികിത്സയിലുള്ള മുതിര്‍ന്ന നടി കെപിഎസി ലളിത സുഖം പ്രാപിച്ചുവരികയാണെന്ന് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്. ആശങ്കപ്പെടേണ്ടതില്ല. അമ്മയുടെ ആരോഗ്യാവസ്ഥയില്‍ ശ്രദ്ധ പുലര്‍ത്തുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിക്കുകയാണെന്നും നടന് ഫേസ്ബുക്കില്‍ കുറിച്ചു.
വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ലളിത. നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് മാത്രമേ തുടര്‍ചികിത്സയില്‍ തീരുമാനമെടുക്കൂ എന്നുമാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
പതിനൊന്ന് ദിവസം മുമ്പാണ് 74കാരിയായ നടിയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നടിയുടെ കരള്‍ മാറ്റി വെയ്ക്കേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും കെപിഎസി ലളിത സിനിമകളിലും ടെലിവിഷന്‍ പ്രോഗ്രാമുകളിലും സജീവമാണ്. ഈയിടെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ച് തിരിച്ചെത്തിയതിന് ശേഷമാണ് രോഗം വഷളായത്. നടിയുടെ വിദഗ്ധ ചികിത്സക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കെപിഎസി ലളിത കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിക്കുന്നുണ്ട്.