‘അങ്ങനെയുള്ള മികച്ച പ്രകടനം നടത്താന്‍ മറ്റാളുകള്‍ക്ക് അവസരമൊരുക്കാന്‍ വേണ്ടിയാണ്’; ശൈലജയെ ഒഴിവാക്കിയതിനേക്കുറിച്ച് എംബി രാജേഷ്

രണ്ടാം പിണറായി സര്‍ക്കാരില്‍ കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതികരണവുമായി എംബി രാജേഷ്. ആരോഗ്യമന്ത്രിയായിരുന്ന സമയത്തെ പ്രവര്‍ത്തനം കൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടേതുള്‍പ്പെടെ പ്രശംസ ഏറ്റുവാങ്ങിയ ആളായിരുന്നില്ലേ കെ കെ ശൈലജ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് തൃത്താല എംഎല്‍എയുടെ മറുപടി ഇങ്ങനെ.

അങ്ങനെയുള്ള മികച്ച പ്രകടനം നടത്താന്‍ മറ്റാളുകള്‍ക്ക് അവസരമൊരുക്കാന്‍ വേണ്ടിയാണ്.

എംബി രാജേഷ്

സ്പീക്കര്‍ സ്ഥാനം പാര്‍ട്ടി നിശ്ചയിക്കുന്ന ചുമതലയാണ്. ഇതിന് മുമ്പ് നിശ്ചയിച്ചിട്ടുള്ള ചുമതലകളെല്ലാം നിറവേറ്റിയ പോലെ പാര്‍ട്ടി അര്‍പ്പിക്കുന്ന വിശ്വാസവും, ഒപ്പം ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസവും കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കും. സ്പീക്കര്‍ എന്നത് ഒരു ജനാധിപത്യ സ്ഥാപനത്തിലെ, നിയമസഭയിലെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. എല്ലാ അംഗങ്ങളുടേയും ജനാധിപത്യപരമായ അവകാശം സംരക്ഷിക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കും.

സ്പീക്കര്‍ക്ക് കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നേയുള്ളൂ. രാഷ്ട്രീയപരമായ നിലപാടുകളൊക്കെ എടുക്കാം. കക്ഷിരാഷ്ട്രീയത്തിന്റെ പരിമിത വൃത്തത്തിന് അപ്പുറം രാഷ്ട്രീയത്തിന്റെ കുറച്ചുകൂടി വിശാലമായ മേഖലയില്‍ ഇടപെടാന്‍ ഈ പദവി സഹായിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. പി ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുന്‍ സ്പീക്കര്‍മാരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുക.

ലോക്‌സഭയും നിയമസഭയും തമ്മില്‍ നടപടിക്രമങ്ങളുടെ കാര്യത്തില്‍ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. കാതലായ മാറ്റങ്ങളില്ല. അത് വളരെ പെട്ടെന്ന് പഠിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ ചുമതല നിര്‍വ്വഹിക്കാന്‍ പാര്‍ലമെന്റിലെ പത്ത് വര്‍ഷത്തെ അനുഭവം വലിയ ബലം നല്‍കുന്നുണ്ടെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

വി ടി ബല്‍റാമില്‍ നിന്ന് തൃത്താല പിടിച്ചെടുത്ത എം ബി രാജേഷിന് പ്രമുഖ വകുപ്പില്‍ മന്ത്രിസ്ഥാനമുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. പോഷകസംഘടനകളിലെ രാഷ്ട്രീയ പ്രവര്‍ത്തന അടിത്തറയും എംപി എന്ന നിലയിലെ അനുഭവ പരിചയവും മുതല്‍ക്കൂട്ടാകുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. പുതുമുഖപ്പട്ടികയില്‍ ഇടം നേടിയ ആര്‍ ബിന്ദു, മുഹമ്മദ് റിയാസ് എന്നിവര്‍ ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്ററി സ്ഥാനം വഹിക്കുന്നത്.

Also Read: എംബി രാജേഷിന് മന്ത്രിസ്ഥാനമില്ല, സ്പീക്കര്‍ പദവി; ശൈലജയ്ക്ക് വേണ്ടി സംസ്ഥാന സമിതിയില്‍ വാദിച്ചത് ഏഴ് പേര്‍ മാത്രം