‘ഡിവൈഎസ്പി വെറുക്കപ്പെട്ടവന്‍, എസിപി ഇടതുസഹയാത്രികന്‍, പ്രതി സിപിഐ’; കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പിണറായിയോട് എഎന്‍ രാധാകൃഷ്ണന്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ വാദിയെ പ്രതിയാക്കി ബിജെപിയെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെയും അന്വേഷണ സംഘത്തിന്റെയും ലക്ഷ്യമെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. ബിജെപി നേതാക്കള്‍ ഒന്നിച്ചെത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപിയെ തകര്‍ക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ക്യാപ്റ്റനാവുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ പൊതുസമൂഹത്തിന് മുന്നില്‍ തേജോവധം ചെയ്യാനാണ് നീക്കം നടക്കുന്നത്. നിയമസഭയില്‍ പോലും പിണറായി വിജയനും വിഡി സതീശനും ചേട്ടനും അനിയനും കളിക്കുകയാണ്. ബിജെപി ഇല്ലാത്ത വേദിയില്‍ ബിജെപിയെ കുറിച്ച് ആക്ഷേപം പറഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവും സായൂജ്യമണിയുകയാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുകയാമെന്നും എഎന്‍രാധാകൃഷ്ണന്‍ പറഞ്ഞു.

അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സോജന്‍ വെറുക്കപ്പെട്ട വ്യക്തിയാണ്. മറ്റൊരു എസിപി വി കെ രാജു ഇടതു സഹയാത്രികനാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധം പുറത്തു വിടാത്തതെന്താണെന്നും എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പ്രതി മാര്‍ട്ടിന്‍ സിപിഐ പ്രവര്‍ത്തകനാണ്. മാര്‍ട്ടിന്റെ രേഖകള്‍ പരിശോധിച്ചാല്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയെ ചോദ്യം ചെയ്യേണ്ടി വരുമെന്നും രാധാകൃഷ്ണന്‍ ആരോപിക്കുന്നു.

കൊടകരയില്‍ നടന്നത് കുഴല്‍പ്പണമാണ് എങ്കില്‍ എന്തുകൊണ്ട് ഇഡിയെ ഏല്‍പ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ‘റൂമെടുത്തു കൊടുത്തതിനാണ് ഞങ്ങളുടെ ജില്ലാ പ്രസിഡണ്ടിനെ പൊലീസ് വിളിപ്പിച്ചത്. അങ്ങനെയാണ് എങ്കില്‍ പിണറായി വിജയനെയും മകളെയും ഒക്കെ പിടിച്ച് ജയിലില്‍ ഇടേണ്ടി വരില്ലേ? ഇതൊക്കെ കാണിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്. റജിന്റെ ഫോണ്‍ സന്ദേശം പരിശോധിച്ചാല്‍ ഇവിടെയുള്ള എല്ലാ പ്രമാണിമാരും അകത്താകും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ നേതാക്കന്മാരും അറസ്റ്റാലാകും. എന്താണ് അയാളെ വിളിപ്പിക്കാത്തത്’ അദ്ദേഹം ചോദിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ജയിലിലായതുകൊണ്ടാണ് സുരേന്ദ്രന്റെ മകനെയും കുടുക്കാന്‍ ശ്രമിക്കുന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.