‘നിങ്ങള്‍ പക്ഷപാതമില്ലാതെയാവണം പെരുമാറേണ്ടത്’; സ്പീക്കര്‍ എംബി രാജേഷിനെ ‘നിങ്ങള്‍’ എന്ന് വിളിച്ച് ഷംസീര്‍, അങ്ങനെ വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് സെബാസ്റ്റ്യന്‍ പോള്‍

സ്പീക്കര്‍ എംബി രാജേഷിനെ നിങ്ങള്‍ എന്ന് അഭിസംബോധന ചെയ്ത് എഎന്‍ ഷംസീര്‍ എംഎല്‍എ. നിങ്ങള്‍ എന്ന് സ്പീക്കറെ വിളിച്ചതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗതെത്തി. മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സാംക്രമിക രോഗങ്ങള്‍ ബില്ലിന്റെ ചര്‍ച്ചക്കിടെ സമയം നിയന്ത്രിക്കണമെന്ന് സ്പീക്കര്‍ ഷംസീറിനെ ഓര്‍മ്മിച്ചപ്പോഴാണ് ഷംസീറിന്റെ നിങ്ങള്‍ വിളി. നിങ്ങള്‍ പ്രതിപക്ഷ അംഗങ്ങളോട് ഇങ്ങനെ പറഞ്ഞില്ലല്ലോ സ്പീക്കര്‍ പക്ഷപാതമില്ലാതെയാവണം പെരുമാറേണ്ടത് എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.

എന്നാല്‍ പ്രസംഗം അധികം നീട്ടാതെ സ്വയം നിയന്ത്രിക്കണമെന്ന് എല്ലാവരോടും താന്‍ പറഞ്ഞിരുന്നു. അതാണ് ഷംസീറിനെ ഓര്‍മ്മിപ്പിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. നിങ്ങള്‍ വിളി ഷംസീര്‍ പിന്‍വലിക്കണമെന്ന് സണ്ണി ജോസഫും താക്കീത് ചെയ്യണമെന്ന് പിടി തോമസും പറഞ്ഞു.

സ്പീക്കറെ സാര്‍ എന്ന് വിളിക്കുന്നത് തുടരണമോ എന്ന കാര്യം ആലോചിക്കുമെന്ന് എംബി രാജേഷ് സ്ഥാനം ഏറ്റെടുത്ത ഉടന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ വിളി പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഉചിതമായ സംബോധന സാധ്യമാകാത്ത ഭാഷാപരമായ പ്രതിസന്ധി ചിലപ്പോള്‍ ഉണ്ടാകും. പ്രതിഭ പാട്ടീല്‍ രാഷ്ട്രപതി ആയപ്പോള്‍ സ്ത്രീയെ പതിയെന്നു വിളിക്കാമോ എന്ന സംശയമുണ്ടായി. മീരാ കുമാര്‍ സ്പീക്കര്‍ ആയപ്പോള്‍ സര്‍ എന്നാണോ മാഡം എന്നാണോ വിളിക്കേണ്ടതെന്ന് സന്ദേഹമുണ്ടായി. വനിതാ ജഡ്ജിയെ യുവര്‍ ലോര്‍ഡ്ഷിപ് എന്നും മിലോഡ് എന്നും വിളിക്കുമ്പോള്‍ അഭിഭാഷകര്‍ക്കും ചെറിയ തോതില്‍ പ്രശ്‌നമുണ്ടാകും. മൈ ലേഡി എന്നു വിളിച്ചാല്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. നിയമസഭയില്‍ സ്പീക്കറെ സര്‍ എന്നാണ് വിളിക്കുന്നത്. സര്‍ വിളി തുടരണമോ എന്ന കാര്യം ആലോചിക്കുമെന്ന് എം ബി രാജേഷ് സ്പീക്കറായ ഉടന്‍ പറഞ്ഞു. അപ്പോള്‍ മുതല്‍ ഒരു പകരം വാക്കിനെക്കുറിച്ച് ഞാന്‍ ആലോചിക്കുകയായായിരുന്നു. വാക്കുകള്‍
പൊ ടുന്നനെ നൈസര്‍ഗ്ഗികമായി ഉണ്ടാകുന്നു. സഭയില്‍ സ്പീക്കറെ നിങ്ങള്‍ എന്നു സംബോധന ചെയ്ത എ എന്‍ ഷംസീര്‍ സംബോധനയില്‍ പുതിയ പരീക്ഷണം നടത്തുകയായിരുന്നു. നിങ്ങള്‍ എന്നത് ബഹുമാനക്കുറവില്ലാത്ത പ്രാദേശിക വിളിയാണെന്ന് ഷംസീര്‍ വിശദീകരിച്ച സാഹചര്യത്തില്‍ സ്പീക്കറുടെ പരിഗണനാപ്പട്ടികയില്‍ അതു കൂടി ഉള്‍പ്പെടുത്താവുന്നതാണ്.

സെബാസ്റ്റ്യന്‍ പോള്‍