മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന് ചെയ്യണമെന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്നെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാംപെയന്‍ ഇന്നലെ രാത്രിയോടെ ആരംഭിച്ചു. അനക്സ് ഇടുക്കി വിത്ത് ടിഎന്‍ എന്ന ഹാഷ്ടാഗില് നിരവധി പ്രതികരണങ്ങള്‍ ട്വിറ്ററിലെത്തുന്നുണ്ട്. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം ഹാഷ്ടാഗ് സെലിബ്രിറ്റികളടക്കം ഏറ്റെടുത്ത് പ്രതികരണങ്ങള്‍ തുടരവെയാണിത്.
‘ഇടുക്കി ജില്ലയെ തമിഴ്നാടിനോട് ചേര്‍ക്കുന്നതാണ് ശാശ്വത പരിഹാരം, ഇടുക്കി ജില്ലയില്‍ തമിഴ് സംസാരിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്, മുല്ലപ്പെരിയാര്‍ ഡാം മാത്രമല്ല ഇടുക്കിയും തമിഴ്നാടിന്റേതാണ്, ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ത്താല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, മുല്ലപ്പെരിയാര്‍ ഡാമും ഇന്നത്തെ ഇടുക്കി ജില്ലയും ബ്രിട്ടീഷ് ഭരണകാലത്ത് മധുരൈ ജില്ലയുടെ ഭാഗമായിരുന്നു, അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണം, നഷ്ടപ്പെട്ടുപോയ തമിഴ് മണ്ണ് തിരിച്ചുപിടിക്കാനുള്ള മുന്നേറ്റമാണിത്’ എന്നിങ്ങനെയെല്ലാമാണ് പ്രതികരണങ്ങള്‍. പഴയ മാപ്പുകളും ഇടുക്കി ജില്ലയില്‍ തമിഴ് സംസാരിക്കുന്നവരുടെ ജനസംഖ്യയുമെല്ലാം ട്വീറ്റുകള്ക്കൊപ്പമുണ്ട്. ക്യാംപെയ്ന് മറുപടി നല്‍കിക്കൊണ്ട് ഒരു വിഭാഗം മലയാളി ട്വിറ്റര്‍ ഹാന്‍ഡിലുകളും രംഗത്തുണ്ട്.
മുല്ലപ്പെരിയാര്‍ പൊളിച്ചുമാറ്റണമെന്ന നടന് പൃഥ്വിരാജിന്റെ പ്രതികരണം തമിഴ്നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തേനി ജില്ലാ കളക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. പൃഥ്വിരാജ് സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചെന്ന് എഐഎഫ്ബി തേനി ജില്ലാ സെക്രട്ടറി എസ് ആര് ചക്രവര്‍ത്തി ആരോപിച്ചു. തെറ്റിദ്ധാരണാജനകമായ പ്രസ്താവനയാണ് നടന് നടത്തിയത്. ഇത് ചൂണ്ടിക്കാട്ടി നടനെതിരെയും അഡ്വ. റസ്സല്‍ ജോയിക്കെതിരേയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയെന്നും ഫോര്‍വേഡ് ബ്ലോക്ക് വ്യക്തമാക്കി.
പൃഥ്വിരാജിനേയും മറ്റ് മലയാളി അഭിനേതാക്കളേയും തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി എംഎല്‍എ വേല് മുരുകന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട് സ്വീകരിക്കണം. പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്നാടിന്റെ താല്പര്യത്തിന് എതിരാണെന്നും എംഎല്‍എ ആരോപിച്ചു.