‘മോഹന്‍ലാലിന്റെ മാര്‍ക് മസ്‌കരാനസാണ് ആന്റണി പെരുമ്പാവൂര്‍’; സന്തോഷ് ടി കുരുവിള

മോഹന്‍ലാലിനെ വലിയൊരു ബിസിനസ് ബ്രാന്‍ഡാക്കിയത് ആന്റണി പെരുമ്പാവൂരാണെന്ന് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. മലേക്കുടി ജോസഫ് ആന്റണി അഥവാ ആന്റണി പെരുമ്പാവൂരിനെ വിനോദ വ്യവസായത്തിലെ മാര്‍ക്ക് മസ്‌കരാനസായാണ് ഞാന്‍ കാണുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്ററെ ഇന്നു കാണുന്ന ലോകോത്തര ബ്രാന്‍ഡിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ നേതൃത്വം നല്‍കിയ വിദഗ്ധനായിരുന്നു മസ്‌കരാനസ്. മോഹന്‍ലാലുമായുള്ള സംസര്‍ഗ്ഗം ആന്റണി പെരുമ്പാവൂരിനെ ഒരു വന്‍മതില്‍ പോലെ അതികായകനാക്കിയെന്നും നിര്‍മ്മാതാവ് പറഞ്ഞു.

മോഹന്‍ലാല്‍ എന്ന അഭിനേതാവ് ഒരു ബിഗ് ബിസിനസ് ബ്രാന്‍ഡായ് പരിണമിക്കുകയും അദ്ദേഹം വിനോദ വ്യവസായത്തിന്റെ നെടുംതൂണായ് മാറുകയും ചെയ്തപ്പോള്‍ ഒരു കരുത്തുറ്റ സാന്നിധ്യമായ് തന്റെ ‘ലാല്‍ സാറിനൊപ്പം’ ശ്രീ ആന്റണി പെരുമ്പാവൂര്‍ എന്നും എപ്പോഴുമുണ്ട്.

സന്തോഷ് ടി കുരുവിള

വിജയങ്ങള്‍ മാത്രം കൊയ്യുന്ന ചലച്ചിത്ര നിര്‍മ്മാണ സംരംഭങ്ങളുടെ ഒരു ശ്രേണി തന്നെ അദ്ദേഹം സൃഷ്ടിച്ചു. അത് അനുസ്യൂതം ജൈത്രയാത്ര നടത്തുകയും ചെയ്യുന്നത് വിസ്മയകരമാണ്. വ്യക്തി ജീവിതത്തിലും ബിസിനസിലും ആന്റണി പുലര്‍ത്തുന്ന നിഷ്ഠയും തന്ത്രങ്ങളും എല്ലാ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും സംരഭകര്‍ക്കും വലിയ ഒരു പാഠം തന്നെയാണ്. വ്യക്തിപരമായ് അദ്ദേഹമെനിക്ക് ജ്യേഷ്ഠ സഹോദരനേപ്പോലെയാണ്, ആ ആഴത്തിലുള്ള ആത്മബന്ധം സിനിമാ വ്യവസായത്തില്‍ വലിയ ഒരു തുണയാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. അദ്ദേഹത്തോട് മാത്രമല്ല ആ കുടുംബത്തിലെ എല്ലാവരോടും എനിയ്ക്ക് നിസ്സീമമായ സ്‌നേഹവും കടപ്പാടുമാണുള്ളത്, തിരിച്ചും അവര്‍ പുലര്‍ത്തുന്ന സ്‌നേഹ വാത്സല്യം എനിയ്ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ കരുത്താണ്.

ലോകത്ത് എവിടെയിരുന്നാലും ദിനേനയെന്നോണം ഞാന്‍ ആശയവിനിമയം നടത്താറുള്ള ഒരു വ്യക്തിയാണ് ആന്റണി ചേട്ടന്‍ ,കുഞ്ഞാലി മരയ്ക്കാര്‍ എന്ന മഹാ ചലച്ചിത്ര സംരംഭത്തില്‍ അദ്ദേഹത്തോടൊപ്പം സഹ നിര്‍മ്മാതാവായ് പങ്കാളിയാകുവാന്‍ കഴിഞ്ഞു എന്നത് ജീവിതത്തിലെ വലിയ ഒരു നേട്ടമായ് തന്നെയാണ് ഞാന്‍ വിലയിരുത്തുന്നത്, ഭാവിയിലും അത്തരം അവസരങ്ങള്‍ ഉണ്ടാവാന്‍ ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും ആന്റണി പെരുമ്പാവൂരിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പില്‍ സന്തോഷ് ടി കുരുവിള കൂട്ടിച്ചേര്‍ത്തു.