ദത്ത് വിവാദത്തില്‍ കുഞ്ഞിന് വേണ്ടി നിയമപോരാട്ടം നടത്തുന്ന അനുപമയ്ക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശം വിവാദത്തില്‍. അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടുന്നതില്‍ സര്‍ക്കാര്‍ എതിരല്ലെന്ന് പറഞ്ഞ മന്ത്രി അനുപമയുടെ അച്ഛന്റേയും അമ്മയുടേയും മനോനില കൂടി മനസിലാക്കണമെന്ന് പ്രതികരിച്ചു. തനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണ് ഇതു പറയുന്നതെന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പിന്റെ വനിതാ ശാക്തീകരണ ക്യാംപെയ്നായ ‘സമം’ പദ്ധതിയുടെ ഭാഗമായി കാര്യവട്ടം ക്യാംപസില്‍ നാടകക്കളരി ഉദ്ഘാടനം ചെയ്യവേയാണ് സജി ചെറിയാന്റെ പ്രതികരണം.
പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്?
സജി ചെറിയാന്
‘ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.’ എന്നും മന്ത്രി പറഞ്ഞു.
അജിത്തിനെതിരെയും മന്ത്രി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ”കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.’

അജിത്തിന്റെ മുന്‍ വിവാഹത്തേക്കുറിച്ചും ബന്ധങ്ങളേക്കുറിച്ചും മന്ത്രി നടത്തിയ പരാമര്‍ശം വാസ്തവ വിരുദ്ധമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അജിത്തിന് ആദ്യ ഭാര്യ നസിയയില്‍ രണ്ട് കുട്ടികളുണ്ടെന്ന പ്രചരണം വ്യാജമാണെന്ന് നസിയ തന്നെ തള്ളിയിരുന്നു. തന്റെ ആദ്യ ഭര്‍ത്താവ് അജിത്തിന്റെ സുഹൃത്തായിരുന്നില്ലെന്ന് നസിയ പറഞ്ഞു. വീട്ടുകാരുടെ നിര്ബന്ധത്തേത്തുടര്ന്ന് 19-ാം വയസില്‍ 46കാരനായ ബീമാപ്പള്ള സ്വദേശിയെ വിവാഹം കഴിക്കേണ്ടി വന്നു. ആ ബന്ധത്തില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷമാണ് അജിത്തിനെ വിവാഹം ചെയ്തത്. അയാളും അജിത്തും തമ്മില്‍ യാതൊരു പരിചയവും ഉണ്ടായിരുന്നില്ലെന്നും നസിയ പറയുകയുണ്ടായി.