ദത്ത് വിവാദം: എയ്ഡന്‍ ഇനി അമ്മയുടെ കൈകളിലേക്ക്, കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി കോടതി

തിരുവനന്തപുരം: ഏറെ കോളിളക്കങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ദത്ത് വിവാദത്തില്‍ കോടതി വിധി. കുഞ്ഞിനെ അമ്മ അനുപമയ്ക്ക് വിട്ടുനല്‍കാന്‍ വഞ്ചിയൂര്‍ കുടുംബകോടതി തിരുവനന്തപുരം: ഏറെ കോളിളക്കങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ദത്ത് വിവാദത്തില്‍ കോടതി വിധി. കുഞ്ഞിനെ അമ്മ അനുപമയ്ക്ക് വിട്ടുനല്‍കാന്‍ വഞ്ചിയൂര്‍ കുടുംബകോടതി വിധിച്ചു. ഇതോടെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. നഷ്ടപ്പെട്ട് ഒരുവര്‍ഷത്തിനും ഒരുമാസത്തിനും ശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുന്നത്. ജഡ്ജി ബിജു മേനോന്റെ ചേംബറില്‍ വെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.

കുഞ്ഞിനെ ജഡ്ജിയുടെ ചേംബറിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. വലിയ പൊലീസ് അകമ്പടിയോടെയായിരുന്നു കുട്ടിയെ കോടതിയിലെത്തിച്ചത്.

ഡിഎന്‍എ ഫലം അനുകൂലമായതോടെ കുട്ടിയെ വിട്ടുകിട്ടാന്‍ അനുപമയും അജിത്തും അഡ്വാന്‍സ് പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരില്‍നിന്നും വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷമാണ് കോടതി കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സി.ഡബ്ല്യു.സി കോടതിക്ക് കൈമാറിയിരുന്നു. കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാരും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സി.ഡബ്ല്യു.സി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.

കേസിന്റെ നാള്‍വഴി

2020 ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഒക്ടോബര്‍ 22ന് അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. 2021 ഏപ്രില്‍ 19ന് അനുപമയും അജിത്തും കുഞ്ഞിനെ കാണാനില്ലെന്നും കണ്ടെത്തി നല്‍കണമെന്നുമാവശ്യപ്പെട്ട് പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഡിജിപിക്കും പരാതി നല്‍കി. മേയില്‍ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് അനുപമയുടെ മൊഴിയെടുത്തു. ജൂലൈയില്‍ കുഞ്ഞിനെ ദത്ത് നല്‍കാനായുള്ള വിവരങ്ങള്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി വെബ്‌സൈറ്റില്‍ ചേര്‍ത്തു. ഓഗസ്റ്റ് ഏഴിന് ആന്ധ്രയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ താല്‍ക്കാലിക ദത്ത് നല്‍കാന്‍ ദത്തുസമിതി തീരുമാനിച്ചു. ഓഗസറ്റ് 11ന് കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ ശിശുക്ഷേമസമിതിക്ക് മുമ്പാകെയെത്തി. സമിതി അംഗങ്ങള്‍ മറ്റൊരു കുഞ്ഞിനെ അനുപമയെ കാണിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ അനുപമ സിഡബ്ല്യുസിക്ക് അപേക്ഷ നല്‍കി. ഒക്ടോബര്‍ ഏഴിന് ആ കുട്ടി അനുപമയുടേതല്ലെന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലമെത്തി. ഇതോടെയാണ് അനുപമ വിഷയമുന്നയിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത്. വിഷയം വിവാദമായതോടെ ഓക്ടോബര്‍ 18ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 21ന് വനിതാ കമ്മീഷനും കേസെടുത്തു.

അനുപമയും അജിത്തും Photo:BBC

നവംബര്‍ 11 മുതല്‍ കുട്ടിയെ തിരികെ വേണമെന്നാവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുമ്പില്‍ സമരമാരംഭിച്ചു. നവംബര്‍ 18ന് കുട്ടിയെ ആന്ധ്രയില്‍നിന്നും കേരളത്തിലെത്തിക്കാനും ഡിഎന്‍എ പരിശോധന നടത്താനും സിഡബ്ല്യുസി ഉത്തരവിട്ടു. തുടര്‍ന്ന് നവംബര്‍ 21ന് കുട്ടിയെ ആന്ധ്രയിയെ ദമ്പതികളില്‍ നിന്നും ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിച്ചു. നവംബര്‍ 23ന് കുഞ്ഞ് അനുപമയുടേതാണെന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം വന്നു. നവംബര്‍ 24ന് വഞ്ചിയൂര്‍ കുടുംബ കോടതി കുഞ്ഞിനെ അനുപമയ്ക്ക് കൈമാന്‍ ഉത്തരവിട്ടു. കുഞ്ഞിനെ കൈമാറി.

ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ദത്ത് വിഷയത്തില്‍ സി.ഡബ്ല്യു.സിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കി വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. കുട്ടിയെ തിരികെ നല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടിട്ടും സി.ഡബ്ല്യു.സി ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ അടക്കമുള്ളവരെ അനുപമ നേരില്‍കണ്ട് ആവശ്യമുന്നയിച്ചിട്ടും കുഞ്ഞിനെ തിരികെ നല്‍കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറി.