തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കേരളം കണ്ട ഏറ്റവും ഹീനകരമായ ദുരഭിമാന കുറ്റകൃത്യമാണ് നടന്നതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് എം.എല്‍.എ കെ.കെ രമ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഇടപെടല്‍ നടത്തി. കുറ്റകൃത്യത്തിന് ഭരണകക്ഷിയുടെ ഉന്നത നേതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒപ്പം നിന്നെന്നും രമ ആരോപിച്ചു.
ആറുമാസം കേസെടുക്കാത്തവരാണ് ഇപ്പോള്‍ അമ്മയ്ക്കൊപ്പമെന്ന് പറയുന്നത്. വിഷയത്തിലെ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. ശിശുക്ഷേമ സമിതിയും പൊലീസും അനാവശ്യ ഇടപെടലുകള്‍ നടത്തി. കേസ് രജിസ്റ്റര്‍ ചെയ്യാതെ ആറുമാസം പൊലീസ് ഒത്തുകളിച്ചു. ശുശുക്ഷേമ സമിതി പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. ദുരഭിമാന കുറ്റകൃത്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ അനുപമയുടെ അച്ഛനുള്‍പ്പെടെയുള്ള ആളുകള്‍ ശ്രമിച്ചെന്നും കെ.കെ രമ പറഞ്ഞു. താന്‍ തോറ്റുപോയെന്ന് പി.കെ ശ്രീമതി ടീച്ചര്‍ പറഞ്ഞതും എം.എല്‍.എ ചൂണ്ടിക്കാട്ടി.
കെ.കെ രമ സംസാരിക്കുന്നതിനിടെ സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ എം.ബി രാജേഷ് മൈക്ക് ഓഫ് ചെയ്തു. ഒരു മിനിറ്റ് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞായിരുന്നു സ്പീക്കറുടെ ഇടപെടല്‍. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ വിഷയം സഭയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണെന്നും സ്പീക്കര്‍ പറഞ്ഞു.
എന്നാല്‍, ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിക്കൊണ്ട് മന്ത്രി വീണാ ജോര്‍ജ് വാദിച്ചത്. എല്ലാ നടപടികളും പാലിച്ചാണ് ദത്ത് നല്‍കിയത്. അമ്മത്തൊട്ടിലില്‍ നിന്നും ലഭിക്കുന്ന കുട്ടി ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലാണ്. എന്നിരുന്നാല്‍പ്പോലും അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിക്കണെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും മന്ത്രി വിശദീകരിച്ചു.