കണ്ണൂര്‍: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് നടന് പൃഥ്വിരാജ് പറയുന്നത് പോഴത്തരമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനും പാര്‍ട്ടിയുടെ ലക്ഷദ്വീപ് പ്രഭാരിയുമായ എപി അബ്ദുള്ളക്കുട്ടി. പൃഥ്വിരാജ് ലക്ഷദ്വീപില്‍ പോയി ഒരു സിനിമയെടുത്തു എന്നല്ലാതെ മറ്റെന്താണ് ചെയ്തത്? കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാണ് ലക്ഷദ്വീപ്. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷ്വദീപിനെ രക്ഷിക്കാനായി വരല്ലേ. ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളതെന്നും അബ്ദുള്ളക്കുട്ടി വാദിക്കുന്നു.
‘ലക്ഷദ്വീപിനെ രക്ഷിക്കൂ എന്ന് പറഞ്ഞ് നടക്കുന്ന ക്യാമ്പയിന് ക്രൂരമാണ്. രാഷ്ട്രീയപ്രേരിതമാണ്. ഇവര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരെയും ബിജെപി സര്‍ക്കാരിനെതിരെയും ദ്വീപിലെ ജനങ്ങള്‍ പ്രതിഷേധത്തിലാണെന്ന് പറയുന്നത് കള്ളമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് വാജ്പേയിയാണ്. അവര്‍ക്ക് ആധുനിക വികസനമെത്തിച്ചത് അദ്ദേഹമായിരുന്നു. രണ്ട് ചെറിയകപ്പലുകള് മാത്രമുണ്ടായിരുന്ന അവര്‍ക്ക് എട്ട് വലിയ ഷിപ്പുകള്‍ നല്കി യാത്രാപ്രശ്നം പരിഹരിച്ചു. ജെട്ടികള്‍ നിര്‍മ്മിച്ചു. നരേന്ദ്രമോഡിയും അമിത് ഷാജിയും ദ്വീപ് സന്ദര്‍ശിച്ചു. മോഡി അവര്‍ക്ക് കുടിവെള്ളവും അന്താരാഷ്ട്രനിലവാരമുള്ള വിമാനത്താവളവും നല്കി. അഗത്തി സ്മാര്‍ട്ട് സിറ്റിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതിന് വേണ്ടിയാണ് കെട്ടിടനിര്മ്മാണത്തില് ചില മാറ്റങ്ങള്‍ വരുത്തി. ഇവക്കെതിരെ പ്രചാരണം ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും മുസ്ലിം ലീഗിനും ദ്വീപില്‍ സ്ഥാനമില്ല. അവരെന്നും ദേശീയ പ്രസ്ഥാനത്തിന്റെ കൂടെയാണ്’, അബ്ദുള്ളക്കുട്ടി പറഞ്ഞു.
ലക്ഷദ്വീപിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടുവന്നത്. അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നത്തിലുള്ള ലക്ഷദ്വീപാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഒരുക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്ര ബിജെപി സര്‍ക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങള്‍ നടക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം.
പൃഥ്വിരാജ് പറഞ്ഞത്
“കുറച്ചു ദിവസങ്ങളായി ദ്വീപുകളിലെ അറിയുന്നവരും അറിയാത്തവരില്‍ നിന്നുമായി ആശങ്കാജനകമായ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ നടക്കുന്നത് എന്താണെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അത്. ഞാന്‍ ദ്വീപ് ഭരണാധികാരികള്‍ നടപ്പിലാക്കുന്ന വിചിത്രമായ പരിഷ്കാരങ്ങളേക്കുറിച്ച് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതെല്ലാം ഇതിനോടകം നിങ്ങളില്‍ എത്തിയിട്ടുണ്ടെന്നറിയാം. പക്ഷെ, എനിക്കറിയാവുന്നു ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ അറിയുന്ന ദ്വീപ് നിവാസികള്‍ ആരും അല്ലെങ്കില്‍ എന്നോട് സംസാരിച്ചവരില്‍ ആരും അവിടെ ഇപ്പോള്‍ സംഭവിക്കുന്നതില്‍ ഒട്ടും സന്തുഷ്ടരല്ല.
ഏത് നിയമമാണെങ്കിലും പരിഷ്കാരമാണെങ്കിലും ആ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകും? വളരെ മൃദുലമായ ഒരു ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സുസ്ഥിര വികസനമാകുന്നതെങ്ങനെ.
എനിക്ക് വ്യവസ്ഥിതിയില്‍ വിശ്വാസമുണ്ട്. ജനങ്ങളിലുള്ള വിശ്വാസം അതിലും ഏറെയാണ്. ജനങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അധികാരിയുടെ തീരുമാനങ്ങളാള് ഒരു സമൂഹം മുഴുവന്‍ ദുരിതത്തിലാകുമ്പോള്‍ പ്രവര്‍ത്തിക്കുക അല്ലാതെ മാര്‍ഗമില്ല. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കൂ. അവരുടെ നാടിന് എന്താണ് നല്ലതെന്ന കാര്യം അവര്‍ക്കറിയാമെന്ന് തിരിച്ചറിയൂ. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണത്. അതിനേക്കാള്‍ നല്ല മനുഷ്യരുള്ള ഇടവും.”