പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടിക്കാര്‍ മതി, പേഴ്‌സണല്‍ സ്റ്റാഫിന്റെ പശ്ചാത്തലം മുഖ്യമെന്ന് സിപിഐം; മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി സിപിഐഎം. പാര്‍ട്ടിയില്‍നിന്നും മന്ത്രിസഭയിലെത്തിയവരുടെ പേഴ്‌സണല്‍ സ്റ്റാഫുകളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരെത്തന്നെ നിയമിക്കണമെന്നാണ് തീരുമാനം. പ്രൈവറ്റ് സെക്രട്ടറിമാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോ പാര്‍ട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരോ ആകണം.

പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണം മന്ത്രിമാരുടെമേലുണ്ടാകണമെന്നാണ് സിപിഐഎം നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പേഴ്‌സണല്‍ സ്റ്റാഫുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കുറി നിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.

പ്രൈവറ്റ് സെക്രട്ടറിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെയും നിയമനം പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. പേഴ്‌സണല്‍ സ്റ്റാഫുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. പശ്ചാത്തലം പരിശോധിച്ച് മാത്രമേ പേഴ്‌സണല്‍ സ്റ്റാഫായി നിയമനം നല്‍കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും സിപിഐഎമ്മില്‍ തീരുമാനമായി. നിലവിലുള്ളതുപോലെ 25 പേരെ തന്നെ നിലനിര്‍ത്താനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമായത്.

സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്നും ഡെപ്യൂട്ടേഷനില്‍ വരുന്ന സ്റ്റാഫുകളുടെ പരമാവധി പ്രായപരിധി 51 ആക്കി. പ്രായം കൂടിയാല്‍ ഇവര്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് വിമരിക്കുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.