‘മുഖ്യശത്രു ആര്‍എസ്എസ്-ബിജെപി’; സുധാകരന്‍ സമീപനം മാറ്റണമെന്ന് മുല്ലപ്പള്ളി; ‘ഞാന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞത് ബോധമില്ലാത്തവര്‍’

കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു സിപിഐഎമ്മാണെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ സ്ഥാനമൊഴിഞ്ഞ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ പ്രധാന ശത്രു ബിജെപി-ആര്‍എസ്എസ് ആണെന്നും കെ സുധാകരന്‍ ഈ സമീപനത്തിലേക്ക് മാറണമെന്നും മുല്ലപ്പള്ളി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

കോണ്‍ഗ്രസിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ മുഖ്യശത്രു ആര്‍എസ്എസും ബിജെപിയുമാണെന്ന് ഞാന്‍ എല്ലാ ഘട്ടത്തിലും പറഞ്ഞിട്ടുണ്ട്. മുഖ്യശത്രുവായി ബിജെപിയേയും ആര്‍എസ്എസിനേയും കാണുന്ന സമീപനമാണ് സുധാകരന്‍ സ്വീകരിക്കേണ്ടത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍

ദേശീയ നേതൃത്വം തന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റിയ രീതിയിലെ അതൃപ്തിയും മുല്ലപ്പള്ളി പരസ്യമാക്കി. നേതൃമാറ്റം വിവാദത്തിലേക്കും പരസ്യ ചര്‍ച്ചയിലേക്കും വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു. മാധ്യമ ചര്‍ച്ചകള്‍ക്കും ആശയക്കുഴപ്പത്തിനും വഴിയൊരുക്കേണ്ടിയിരുന്നില്ല. ഇങ്ങനെ സംഭവിച്ചതില്‍ വലിയ വിഷമമുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. ‘ഉറങ്ങുന്ന കെപിസിസി അദ്ധ്യക്ഷനെ വേണ്ട’ എന്ന ഹൈബി ഈഡന്‍ എംപിയുടെ ഫേസ്ബുക്ക് പ്രസ്താവനയോട് മുതിര്‍ന്ന നേതാവിന്റെ മറുപടി ഇങ്ങനെ.

ബോധമുളളവര്‍ക്ക് അങ്ങനെ പറയാനാകില്ല.

മുല്ലപ്പള്ളി രാമചന്ദ്രന്‍

Also Read: ‘ഒരു ബേജാറുമില്ല’; മറുപടി ഇപ്പോള്‍ തന്നെ വേണോയെന്ന് മുഖ്യമന്ത്രിയോട് കെ സുധാകരന്‍