‘നേഴ്‌സിങ് കഴിഞ്ഞ കൊച്ചാ, അസ്ഥി ഉരുകുന്നപോലെ അവള്‍ ഉരുകി സഹിച്ചു’; അര്‍ച്ചനയുടെ ഭര്‍ത്താവ് തലേദിവസം ഡീസല്‍ വാങ്ങിവെച്ചിരുന്നെന്ന് അച്ഛന്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് അച്ഛന്‍. അര്‍ച്ചന മരിക്കുന്നതിന്റെ തലേന്ന് ഭര്‍ത്താവ് സുരേഷ് ഡീസല്‍ വാങ്ങിവെച്ചിരുന്നു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സംഭവിച്ചത് കൊലപാതമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ച്ചന മരിക്കുന്നതിന്റെ തലേന്ന് സുരേഷിന്റെ അച്ഛന്‍ വീട്ടില്‍വന്ന് അദ്ദേഹത്തിന്റെ മറ്റൊരു മകന് വസ്തു വാങ്ങാന്‍ മൂന്ന് ലക്ഷം രൂപ ചോദിച്ചെന്നും അത് നല്‍കാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ‘വളരെ ബുദ്ധിമുട്ടിയാണ് ഞാന്‍ കല്യാണം നടത്തിത്. ഒരു അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഞാന്‍ ജോലിക്കൊന്നും പോകാതെയിരിക്കുകയാണ്. എല്ലാവരുടെയും സഹായം കൊണ്ടാണ് ഞാന്‍ കല്യാണം നടത്തിയതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആരുടെയെങ്കിലും കടമെങ്കിലും വാങ്ങി പണം നല്‍കാന്‍ അവര്‍ പറഞ്ഞു. കല്യാണവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും ഞാന്‍ ചെയ്തിരുന്നു. എന്നെക്കൊണ്ട് കഴിയുന്നതുപോലെ 18 പവന്‍ സ്വര്‍ണവും പണവും കൊടുത്തിരുന്നു. ചെറിയരീതിയിലാണെങ്കിലും ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു’, അര്‍ച്ചനയുടെ അച്ഛന്‍ പറഞ്ഞു.

‘വലിയ കുഴപ്പമൊന്നുമില്ലാതെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഇറങ്ങിപ്പോവുന്നത് അവന്റെ സ്ഥിരം പരിപാടിയാണ്. ഞാനവളോട് നിര്‍ബന്ധിച്ച് ചോദിക്കുമ്പോള്‍ പറയും, അച്ഛാ ബിയര്‍ കുടിച്ച് വന്നാല്‍ വഴക്കുണ്ടാക്കുമെന്ന്. അതൊന്നും അച്ഛനോട് പറയാത്തതാണ്. അവളുടെ സ്വന്തം ഇഷ്ടത്തിന് പോയതുകൊണ്ട് അവള്‍ പലതും ഒളിച്ചൊളിച്ച് അസ്ഥി ഉരുകുന്നതുപോലെ ഉരുകി. ബിഎസ് സി നേഴ്‌സിങ് പഠിച്ച് പാസായ കൊച്ചാ. അവളെ ജോലിക്ക് വിടില്ല. അവളെല്ലാം സഹിച്ചു. ഞങ്ങളോടൊന്നും പറയില്ല’, അദ്ദേഹം വിശദീകരിച്ചു.

‘സുരേഷിന്റെ അച്ഛന്‍ വന്ന് പണം ആവശ്യപ്പെട്ടു. സുരേഷ് അര്‍ച്ചനയോട് പണം ചോദിച്ചിട്ടുണ്ടായിരിക്കാം. അവള്‍ ഞങ്ങളുടെ സാഹചര്യം അറിയുന്നതുകൊണ്ട് പറയാത്തതാവും. സുരേഷിന് ഇറങ്ങി ഓടുന്ന സ്വഭാവമുണ്ട്. ഇവിടെ താമസിച്ചിരുന്നപ്പോഴും ഒരു ദിവസം അങ്ങനെ ചെയ്തിരുന്നു. വാടക വീട്ടില്‍നിന്നും ഇങ്ങനെയുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ പോവും. ഞാന്‍ ചെല്ലുമ്പോള്‍ എന്റെ കുട്ടി അവിടെ ഒറ്റക്കിരുന്ന് കരഞ്ഞുകൊണ്ടിരിക്കുകയാവും. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇവിടെനിന്ന് സന്തോഷത്തോടെ പോയ മക്കളാണ്. രാത്രി എട്ടരവരെ ഇവിടെ വീട്ടിലുണ്ടായിരുന്നു. ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് പോയത്’.

Also Read: ‘കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ച് പറയൂ’; സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയണമെന്ന് സിതാര

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അച്ഛന്‍ ഉറപ്പിച്ച് പറയുന്നത്. സുരേഷ് തലേദിവസം ഡീസല്‍ വാങ്ങി വെച്ചതും മരണവും കൂടെ നോക്കുമ്പോള്‍ ദുരൂഹതയുണ്ടെന്നുറപ്പാണ്. ഉറുമ്പിന്റെ പേരും പറഞ്ഞ് ഡീസല്‍ വാങ്ങിയത് ഇതിനായിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നെന്നും മകള്‍ സുരേഷിന്റെ കൂടെ ഇറപ്പോയെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും താന്‍ കല്യാണം നടത്തിക്കൊടുത്തെന്നും അച്ഛന്‍ പറയുന്നു. 2020 മെയ് മാസത്തിലായിരുന്നു അര്‍ച്ചനയുടെയും സുരേഷിന്റെയും വിവാഹം.

Also Read: ‘ഇവന്റെയൊക്കെ കുട്ടികളെ നൊന്ത് പെറുന്നതിന് സ്ത്രീധനം ഇങ്ങോട്ട് കിട്ടണം’; സ്ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാന്‍ നില്‍ക്കുന്നവനെ അവഗണിക്കണമെന്ന് പാര്‍വ്വതി ഷോണ്‍

ബുധാനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അര്‍ച്ചനയെ തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയത് അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ കണ്ട സുരേഷ് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ പൊലീസ് സുരേഷിനെ കസ്റ്റഡിയിലെത്തു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.