ബിവറേജിന് മുന്നിലെ നീണ്ട ക്യൂവിന്റെ വീഡിയോ പങ്കുവെച്ച് സംവിധായകന് പ്രിയദര്ശന്. സമൂഹമാധ്യമങ്ങളില്‍ വൈറലായ പാലക്കാട് മേനോന്‍പാറ ബിവറേജിന്റെ മുന്നിലെ ദൃശ്യങ്ങളാണ് മുതിര്‍ന്ന സംവിധായകന് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് പ്രിയദര്ശന് പറഞ്ഞു.
വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു. നമ്മള് കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?
പ്രിയദര്ശന്
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ച ആദ്യ ദിവസം റെക്കോര്‍ഡ് വില്പനയുണ്ടായിരുന്നു. ആദ്യദിനമായ വ്യാഴാഴ്ച ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം കേരളത്തില്‍ വിറ്റഴിച്ചത് 52 കോടി രൂപയുടെ മദ്യം. സാധാരണ ശരാശരി 49 കോടി രൂപയുടെ മദ്യമാണ് വില്‍ക്കാറുണ്ടായിരുന്നത്.
ബിവറേജസ് കോര്പറേഷന് കീഴില്‍ തുറന്ന 256 ഔട്ട്ലെറ്റുകളിലെ മാത്രം കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള പ്രദേശങ്ങളിലെ 40 ഔട്ട്യലെറ്റുകള് തുറന്നിരുന്നില്ല. പാലക്കാട് തേന്‍കുറിശ്ശിയിലാണ് ഏറ്റവുമധികം വില്പന നടന്നത്. തേന്‍കുറിശിയിലെ ഒറ്റ ഔട്ട്ലെറ്റിലൂടെ 69 ലക്ഷം രൂപയുടെ മദ്യം വിറ്റുപോയി. തമിഴ്നാടുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ കച്ചവടം കൂടുതലുണ്ടായതെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.