‘ചിലി ശക്തരായ എതിരാളികള്‍, പക്ഷെ’; ‘മെയിന്‍ കളിക്കാര്‍’ തങ്ങളാകുമെന്ന് അര്‍ജന്റൈന്‍ പരിശീലകന്‍

ചിലിക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാമത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ വ്യക്തമാക്കി അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. എല്ലാ മത്സരങ്ങളേയും പോലും ചിലിയുമായുള്ള കളിയും നേരിടുമെന്ന് സ്‌കലോണി പറഞ്ഞു. ചിലപ്പോള്‍ എതിരാളികള്‍ മുന്നിട്ട് നിക്കാറുണ്ട്. പക്ഷെ, കളിയിലെ പ്രധാനികള്‍ ആകുക എന്നത് തന്നെയാകും അര്‍ജന്റീനയുടെ ലക്ഷ്യമെന്നും പരിശീലകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശക്തരായ എതിരാളികളാണ് മുന്നിലുള്ളത്. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ലയണല്‍ സ്‌കലോണി

യുവതാരങ്ങളായ ക്രിസ്റ്റിയന്‍ റൊമേറോയും യുവാന്‍ ഫോയ്ത്തും സ്റ്റാര്‍ട്ടിങ്ങ് ഇലവനില്‍ ഉണ്ടാകുമെന്ന് സ്‌കലോണി പറഞ്ഞു. പരിശീലനസമയത്ത് കണ്ടതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങളെടുത്തത്. മികച്ച സീസണായിരുന്നു റൊമേറോയുടേത്. റൊമേറോയ്ക്ക് കളിക്കാനും എന്തു ചെയ്യാനാകുമെന്ന് കാണിക്കാനുമുള്ള സമയമായി. ആദ്യമത്സരമാണെങ്കിലും റൊമേറോയ്ക്ക് എല്ലാ ആത്മവിശ്വാസവുമുണ്ട്.

ആക്രമണത്തിലും പ്രതിരോധത്തിലും യുവാന്‍ ഫോയ്ത്ത് ഏറെ മെച്ചപ്പെട്ടു. പ്രതിരോധിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ നമുക്ക് തരുന്ന ഒരു കളിക്കാരന്‍. ഞങ്ങള്‍ക്ക് ഫോയ്ത്തില്‍ വിശ്വാസമുണ്ട്.

ലയണല്‍ സ്‌കലോണി

മാര്‍ട്ടിനെസ്, ഫോയ്ത്ത്, റൊമേറോ, മാര്‍ട്ടിനെസ്, സ്‌ക്വാര്‍ട്ട, ടാഗ്ലിയാഫിക്കോ, പരേഡെസ്, ഒകാംപോസ്, ഡി പോള്‍, മെസ്സി, ഡി മരിയ, ലൗറ്ററോ മാര്‍ട്ടിനെസ് എന്നിവരാണ് ആദ്യ ഇലവനില്‍. എല്ലാ കളിക്കാരും ലഭ്യമല്ലെങ്കിലും നല്ല രീതിയില്‍ പരിശീലനം നേടാന്‍കഴിഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ വ്യക്തമായ ഒരു പദ്ധതിയുണ്ട്.

മെസ്സിയെ എല്ലായ്‌പ്പോഴും കാണുന്നതുപോലെ തന്നെ ഞാന്‍ കാണുന്നു. ദേശീയ ടീമിനൊപ്പം വളരെ സന്തോഷവാനാണ് അദ്ദേഹം. നല്ല രീതിയില്‍ കളിക്കുക, മെസ്സിയെ കൂടുതല്‍ സന്തോഷവാനാക്കുക.

ലയണല്‍ സ്‌കലോണി

ഒകാംപോസിനും ഡി മരിയയ്ക്കും രണ്ട് വിങ്ങുകളിലും കളിക്കാന്‍ കഴിയും. ഞങ്ങള്‍ ഇതിനകം മൂന്ന് പേരെ ഉപയോഗിച്ച് കളിച്ചിട്ടുണ്ട്, അത് വിജയിച്ചിട്ടുമുണ്ട്. ഗെയിം ആവശ്യപ്പെടുന്നതിനനുസരിച്ച് പൊരുത്തപ്പെടേണ്ടിയിരിക്കുന്നു.

കോപ്പ അമേരിക്കയില്‍ മത്സരിക്കാന്‍ പോകും, കളിക്കും, ആകുന്നതിന്റെ പരമാവധി ചെയ്യും.

ലയണല്‍ സ്‌കലോണി