സൂര്യയുടെ ഉടൻപിറപ്പേയിലൂടെ ആര്യ ദയാലിന്റെ സിനിമാ അരങ്ങേറ്റം; പ്രതിഭയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഡി ഇമ്മൻ

സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലൂടെ ഗായിക ആര്യ ദയാലിന് സിനിമ പിന്നണിയിൽ അരങ്ങേറ്റം. ‘ഉടൻപിറപ്പേ’യ്ക്ക് വേണ്ടി സം​ഗീത സംവിധായകൻ ഡി ഇമ്മൻ ഈണമിട്ട മെലഡിയാണ് ആര്യദയാൽ ആലപിച്ചത്. ​​ഗായിക പ്രതിഭയായ ആര്യാ ദയാലിനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡി ഇമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. ആഹ്ലാദവും സ്റ്റുഡിയോ റെക്കോർഡിങ്ങിനിടെയിലെ ചിത്രങ്ങളും പങ്കുവെച്ച് ആര്യാ ദയാലും രം​ഗത്തെത്തി.

ആര്യാ ദയാലിന്റെ വാക്കുകൾ

“ഉടൻ പിറപ്പെയിലൂടെ ഞാൻ ആദ്യമായി സിനിമാ​ഗാനം ആലപിച്ചു. എന്തുപറയണമെന്ന് അറിയില്ല. ഡി ഇമ്മൻ സാറിന് വേണ്ടി മനോഹരമായ ഒരു പാട്ട് പാടാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. എനിക്ക് യോജിച്ച ഒരു പാട്ട് കമ്പോസ് ചെയ്യുമ്പോൾ വിളിക്കുമെന്ന് ഒരു വർഷം മുൻപ് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. അദ്ദേഹം വാക്കുപാലിച്ചു. പാടാൻ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. പക്ഷെ, അദ്ദേഹം എനിക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നൽകി. സ്റ്റുഡിയോയിൽ ‍ഞങ്ങളോടൊപ്പം ചേർന്നതിന് ഇറ ശരവണൻ സാറിന് ഏറെ നന്ദി. അത്രയ്ക്ക് ധൈര്യമില്ലാത്തതുകൊണ്ടാണ് താങ്കൾക്കൊപ്പം ഒരു ഫോട്ടോ എടുക്കാതിരുന്നത്.”

ജ്യോതികയേയും എം ശശികുമാറിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണനാണ് ഉടൻപിറപ്പേ സംവിധാനം ചെയ്യുന്നത്. മാതം​ഗി, വൈരവൻ എന്നീ സഹോദരി-സഹോദരൻമാരുടെ സ്നേഹബന്ധവും കുടുംബങ്ങൾ തമ്മിലുള്ള സംഘർഷവുമാണ് ചിത്രത്തിന്റെ പ്രമേയം. സമുദ്രക്കനി, സൂരി, കലൈയരശൻ, നിവേദിത, സതീഷ്, സിദ്ധു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ടുഡി എന്റർടെയ്മെന്റ് നിർമ്മിക്കുന്ന ഈ ഇമോഷണൽ ഫാമിലി ഡ്രാമ ഒക്ടോബറിൽ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

അടുത്ത നാല് മാസത്തിനിടെ നാല് ചിത്രങ്ങളാണ് സൂര്യയും ജ്യോതികയും ആമസോൺ പ്രൈമിലൂടെ പുറത്തിറക്കുന്നത്. ഉടൻ പിറപ്പെ കൂടാതെ, ‘ജയ് ഭീം’, ‘ഓ മൈ ഡോ​ഗ്’, ‘രാമേ ആന്ദാളും രാവണേ ആന്ദാളും’ എന്നീ സിനിമകളും ഒടിടിയിലൂടെ പ്രേക്ഷകരിലെത്തും. സൂര്യ, പ്രകാശ് രാജ്, റാവു രമേഷ്, ലിജോമോൾ ജോസ്, രജിഷ വിജയൻ, മണികണ്ഠൻ എന്നിവർ അണിനിരക്കുന്ന ലീ​ഗൽ ഡ്രാമയാണ് ജയ് ഭീം. അർണവ് വിജയ്, അരുൺ വിജയ്, വിജയ് കുമാർ, മഹിമ നമ്പ്യാർ, വിനയ് റായി എന്നിവർ അഭിനയിക്കുന്ന കുട്ടികളുടെ ചിത്രമായാണ് ഓ മൈ ഡോ​ഗ് എത്തുന്നത്. രാമേ ആന്ദാളും രാവണേ ആന്ദാളും രമ്യ പാണ്ഡ്യൻ, വാണി ഭോജൻ, മിഥുൻ മാണിക്കം, വടിവേൽ മുരുകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ്.