മേയര്‍ക്കെതിരായ എംപിയുടെ അധിക്ഷേപ പരാമര്‍ശം; മുരളീധരനെതിരെ പരാതി നല്‍കി ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: കെ മുരളീധരന്‍ എം.പിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമനടപടിക്കൊരുങ്ങി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. മുരളീധരനെതിരെ മേയര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. കാണാന്‍ നല്ല സൗന്ദ്യര്യമുണ്ടെങ്കിലും മേയറുടെ വായില്‍നിന്നു വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ആര്യയുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷമാവും പൊലീസ് കേസെടുക്കുക.

കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോണ്‍ഗ്രസ് സമരവേദിയിലായിരുന്നു മുരളീധരന്റെ പരാമര്‍ശം. ‘എം.പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അത് കൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വ്വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ടുപാടിക്കരുത് എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്’, കെ മുരളീധരന്‍ പറഞ്ഞതിങ്ങനെ.

പരാമര്‍ശത്തില്‍ മുരളീധരനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കറുത്ത നിറമുള്ളവര്‍ സാധാരണ തെറി പറയുന്നവര്‍ എന്ന് കൂടിയാണ് മുരളീധരന്‍ പറഞ്ഞു വയ്ക്കുന്നതെന്നും മലിനമായ മനസുമായി നടക്കുന്നവരാണ് ഇന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം കുറ്റപ്പെടുത്തി.