ആര്യന്‍ ഖാന്‍ മന്നത്തില്‍ തിരിച്ചെത്തി; ഒരു രാത്രി കൂടി ജയിലില്‍ കിടക്കേണ്ടി വന്നത് ജൂഹി ചൗള ഫോട്ടോ മറന്നതിനാല്‍

ക്രൂയിസ് ഷിപ്പ് മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ നാല് ആഴ്ച്ചത്തെ തടവിന് ശേഷം ജയില്‍ മോചിതനായി. ഷാരൂഖിന്റെ വാഹന വിന്യാസം 10.45 ഓടെ ആര്‍തര്‍ റോഡ് ജയിലിന് മുന്നിലെത്തിയിരുന്നു. നടന്റെ ബോഡി ഗാര്‍ഡ് രവി സിങ് ജയില്‍ ഓഫീസിലേക്കെത്തി ആര്യനെ പുറത്തേക്ക് ആനയിച്ചു. ആര്യന്‍ ഖാനെ നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്നും ഷാരൂഖും അഭിഭാഷക സംഘവും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ‘വെല്‍കം ഹോം ആര്യന്‍’ പോസ്റ്ററുകളുമായി ഇന്നലെ രാവിലെ മുതല്‍ ഷാരൂഖ് ഖാന്റെ വീടായ മന്നത്തിന് മുന്നില്‍ ആരാധകര്‍ മുതല്‍ തടിച്ചുകൂടിയിരുന്നു.

വ്യാഴാഴ്ച്ച ജാമ്യം ലഭിച്ചിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനേത്തുടര്‍ന്ന് ഇന്നലെ ആര്യനെ പുറത്തിറങ്ങാനായിരുന്നില്ല. രേഖകള്‍ 5:30ന് മുന്‍പ് സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാതിരുന്നതിനേത്തുടര്‍ന്നാണ് ആര്യന്‍ ഖാന്‍ ഒരു രാത്രി കൂടി ആര്‍തര്‍ റോഡ് ജയിലില്‍ ചെലവഴിക്കേണ്ടി വന്നത്.

നടിയും ഷാരൂഖിന്റെ സുഹൃത്തുമായ ജൂഹി ചൗളയാണ് ആര്യന്‍ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ജാമ്യം നിന്നത്. ജാമ്യരേഖകളില്‍ ചേര്‍ക്കേണ്ടിയിരുന്ന രണ്ട് ഫോട്ടോകള്‍ കൊണ്ടുവരാന്‍ നടി വിട്ടു പോയി. ഫോട്ടോ സംഘടിപ്പിച്ച് ചേര്‍ക്കാനുള്ള സമയം കടന്നുപോയതോടെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയായില്ല. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് മകനെ കൊണ്ടുവരാനിറങ്ങിയ ഷാരൂഖിനും സംഘത്തിനും നിരാശരായി മടങ്ങിപ്പോകേണ്ടി വന്നിരുന്നു.

ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയെന്ന കേസില്‍ ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. എട്ടാം തീയതി മുതല്‍ ആര്യന്‍ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ഛ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് 14 വ്യവസ്ഥകളോടെ ആര്യനും മറ്റുള്ളവര്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്.