18 കോടിക്കുവേണ്ടി ആര്യനെ തട്ടിക്കൊണ്ടുപോയതാണ്, പ്ലാന്‍ പൊളിഞ്ഞത് ഒരു സെല്‍ഫിയില്‍; ഗൂഢാലോചന വാങ്കഡെയുടെ അറിവോടെയെന്ന് മന്ത്രി നവാബ് മാലിക്

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ യഥാര്‍ത്ഥത്തില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. തട്ടിക്കൊണ്ടുപോയവരുടെ കള്ളി പൊളിച്ചത് ഒരു സെല്‍ഫിയാണ്. എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ആര്യന്‍ ഖാനെപ്പോലെയുള്ള ഒരു വ്യക്തിയെ കപ്പലിലെ ലഹരിമരുന്ന് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരന്‍ ബിജെപി നേതാവ് മോഹിത് കാംബോജാണെന്നും നവാബ് മാലിക് പറഞ്ഞു. കഴിഞ്ഞ മാസമാണ് മുംബൈയിലെ ആഢംബര കപ്പലിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സമീര്‍ വാങ്കഡെയും സംഘവും ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഒരുമാസത്തോം നീണ്ട ജയില്‍ വാസത്തിന് ശേഷം ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിക്കുകയായിരുന്നു.

‘ആഢംബരക്കപ്പലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാന്‍ ടിക്കറ്റെടുത്തിരുന്നില്ല. പ്രതീക് ഗാബയും അമീര്‍ ഫര്‍ണിച്ചര്‍വാലയുമാണ് ആര്യനെ കപ്പലിലെത്തിച്ചത്. ഇതൊരു മോചനദ്രവ്യം ഉദ്ദേശിച്ചുള്ള തട്ടിക്കൊണ്ടുപോകലാണെന്ന് ഞാന്‍ ഉറപ്പിച്ചുപറയുന്നു’, നവാബ് മാലിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മോഹിത് കാംബോജിന്റെ ബന്ധുവഴിയാണ് കെണിയൊരുക്കിയതെന്നും മന്ത്രി ആരോപിച്ചു. ‘ആദ്യം ആര്യന്‍ ഖാനെ അവിടേക്കെത്തിച്ചു. തട്ടിക്കൊണ്ടുപോയി 25 കോടി മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കളികളാണ് പിന്നീട് നടന്നത്. 18 കോടി രൂപയ്ക്ക് ഡീല്‍ ഉറപ്പിച്ചു. 50 ലക്ഷം രൂപ നല്‍കുകയും ചെയ്തു. പക്ഷേ, ഒരു സെല്‍ഫി ഈ കളികളെല്ലാം പൊളിച്ചു. ഇതാണ് സത്യം’, അദ്ദേഹം പറഞ്ഞു.

ആരുടെയും പേര് വെളിപ്പെടുത്താതെയായിരുന്നു നവാബ് മാലിക്കിന്റെ വെളിപ്പെടുത്തല്‍. ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ വൈറലായ സെല്‍ഫി സ്വകാര്യ ഡിക്ടക്റ്റീവ് കെ.പി ഗോസാവിയുടേതായിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോര്‍ മോഹിത് കാംബോജിന്റേതായിരുന്നെന്ന് ആരോപിച്ച മന്ത്രി, മോഹിതിന് സമീര്‍ വാങ്കെഡെയുമായി ബന്ധമുണ്ടെന്നും പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനില്‍നിന്നും പണം തട്ടാന്‍ മഹാരാഷ്ട്രയിലെ ചില മന്ത്രിമാര്‍ ശ്രമം നടത്തുന്നുണ്ടെന്ന് മോഹിത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ ആരോപണം കേസില്‍നിന്നുള്ള ശ്രദ്ധ തിരിക്കാന്‍ മാത്രമുദ്ദേശിച്ചുള്ളതാണെന്നും ചില കാര്യങ്ങള്‍ ഞായറാഴ്ച വെളിപ്പെടുത്തുമെന്നുമായിരുന്നു മാലിക് അന്ന് നല്‍കിയ മറുപടി.

കേസുമായി ബന്ധപ്പെട്ട് 25 കോടി രൂപ ആവശ്യപ്പെട്ടെന്നും 18 കോടിക്ക് ഡീലുറപ്പിച്ചിരുന്നെന്നും 50 ലക്ഷം നല്‍കിയിരുന്നെന്നും സാക്ഷിപട്ടികയിലുള്ള പ്രഭാകര്‍ സെയില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍ എന്നാണ് വിവരം. ഗോസാവിയും സാം ഡിസൂസയും 18 കോടിയുടെ ഇടപാട് ഏര്‍പ്പെട്ടിരുന്നെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്കുള്ളതാണ് ഗോസാവി പറഞ്ഞെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.