‘സമത്വത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം നല്‍കിയ വിപ്ലകാരി’; അഷ്ഫാഖുള്ള ഖാന് ആദരമര്‍പ്പിച്ച് പ്രിയങ്കാ ഗാന്ധി

നൂറ്റി ഇരുപത്തൊന്നാമത് ജന്മവാര്‍ഷികദിനത്തില്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി അഷ്ഫാഖുള്ള ഖാന് ആദരമര്‍പ്പിച്ച് പ്രിയങ്കാ ഗാന്ധി. അഷ്ഫാഖുള്ള ഖാനും പണ്ഡിറ്റ് രാം പ്രസാദ് ബിസ്മില്ലും ബ്രിട്ടീഷുകാര്‍ക്കെതിരെ കൈ കോര്‍ത്ത് പോരാടിയവരാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. രാജ്യത്തെ സഹപൗരന്‍മാര്‍ക്കുള്ള സന്ദേശങ്ങളില്‍ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയും പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഇരുവരും പറഞ്ഞതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

ദേശസ്‌നേഹത്തിന്റേയും സമത്വത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം നല്‍കിയ വിപ്ലകാരി അഷ്ഫാഖുള്ള ഖാന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരങ്ങള്‍ അര്‍പ്പിക്കുന്നു.

പ്രിയങ്കാ ഗാന്ധി

1900 ഒക്ടോബര്‍ 22ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് അഷ്ഫാഖുള്ള ഖാന്‍ ജനിച്ചത്. ഖൈബര്‍ എന്ന പത്താന്‍ വംശത്തില്‍ പെട്ട ഷഫീഖുള്ള ഖാന്റേയും മഹറുന്നീസയുടേയും ആറ് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു അഷ്ഫാഖ്. യൗവനാരംഭത്തില്‍ തന്നെ ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ ഭാഗമായി. ചൗരി ചൗരാ സംഭവത്തിന് ശേഷം മഹാത്മാ ഗാന്ധി നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ പ്രതിഷേധരംഗത്തുണ്ടായിരുന്ന ഒരു വിഭാഗം ചെറുപ്പക്കാര്‍ നിരാശരായി. ഇത് ഇന്ത്യയെ മോചിപ്പിക്കാന്‍ സായുധ വിപ്ലവം തന്നെ നടത്തണമെന്ന തീരുമാനത്തിലേക്കും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ രൂപീകരണത്തിലുമാണ് എത്തിയത്.

വിപ്ലവകാരിയായിരുന്ന രാം പ്രസാദ് ബിസ്മിലിന്റെ അടുത്ത സുഹൃത്തായിരുന്നു അഷ്ഫാഖുള്ള. ഹസ്രത് എന്ന പേരില്‍ അദ്ദേഹം ലേഖനങ്ങളും കവിതകളും എഴുതുമായിരുന്നു. 1925 ഓഗസ്റ്റ് 9ന് നടന്ന പ്രസിദ്ധമായ കകോരി തീവണ്ടിക്കൊള്ളയില്‍ ബിസ്മില്‍, ചന്ദ്രശേഖര്‍ ആസാദ്, രാജേന്ദ്ര ലാഹിരി, താക്കൂര്‍ റോഷന്‍ സിംഗ്, സചീന്ദ്ര ബക്ഷി, ബന്‍വാരിലാല്‍, മുകുന്ദ് ലാല്‍, മന്മഥ് നാഥ് ഗുപ്ത, കേശബ് ചക്രവര്‍ത്തി എന്നിവര്‍ക്കൊപ്പം അഷ്ഫാഖുള്ള ഖാന്‍ പങ്കെടുത്തു. എച്ച്എസ്ആര്‍എയുടെ പോരാട്ടത്തിന് ആയുധങ്ങള്‍ വാങ്ങാനും പ്രവര്‍ത്തനഫണ്ട് കണ്ടെത്താനുമായിരുന്നു ഈ ആക്ഷന്‍.

അഷ്ഫാഖുള്ള ഖാന്‍

1925 സെപ്റ്റംബര്‍ 26ന് രാം പ്രസാദ് ബിസ്മില്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ഖാന്‍ പിടി കൊടുത്തില്ല. ബനാറസില്‍ നിന്നും ബീഹാറിലേക്കു രക്ഷപ്പെട്ട അദ്ദേഹം ദല്‍തോന്‍ഗഞ്ചിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയില്‍ ഗുമസ്തനായി ജോലിക്ക് കയറി. പത്തുമാസത്തോളം അവിടെ കഴിഞ്ഞെങ്കിലും വീണ്ടും വിപ്ലവം സംഘടിപ്പിക്കാനുള്ള ലക്ഷ്യവുമായി ഖാന്‍ ഡല്‍ഹിയിലെത്തി. അവിടെ വെച്ച് കണ്ട മുന്‍സഹപാഠിയുടെ ചതി മൂലം അദ്ദേഹം ബ്രിട്ടീഷ് പിടിയിലകപ്പെടുകയും കക്കോരി കേസില്‍ മറ്റുള്ളവരോടൊപ്പം കുറ്റം ചുമത്തപ്പെടുകയും ചെയ്തു.

വിപ്ലവകാരികള്‍ക്കു വേണ്ടി വാദിക്കാന്‍ മോത്തിലാല്‍ നെഹ്രു അദ്ധ്യക്ഷനായി ഒരു സമിതി രൂപവല്‍ക്കരിക്കപ്പെട്ടു. എന്നാല്‍ ബ്രിട്ടീഷ് നീതിന്യായ കോടതി അഷ്ഫാഖുള്ള ഖാന്‍, രാം പ്രസാദ് ബിസ്മില്‍, രാജേന്ദ്ര ലാഹിരി, റോഷന്‍ സിംഗ് എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചു. മറ്റുള്ളവര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. രാജ്യമെങ്ങും പ്രതിക്ഷേധങ്ങളുയരുന്നതിനിടെ 1927 ഡിസംബര്‍ 19ന് അദ്ദേഹവും മറ്റ് പോരാളികളും തൂക്കിലേറ്റപ്പെട്ടു.

Also Read: ’23 വയസില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു?’; സോഷ്യല്‍ മീഡിയയില്‍ മുഴങ്ങുന്ന സര്‍ദാര്‍ ഉദ്ദം ഡയലോഗ്