പൃഥ്വിരാജിനോടൊപ്പം തന്നെയെന്ന് ആഷിഖ് അബു; മന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഐക്യദാര്‍ഢ്യം

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി നടനും സംവിധായകനുമായ ആഷിഖ് അബു. ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ വാളെടുക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണമെന്ന മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് ആഷിഖ് അബു പിന്തുണ അറിയിച്ചിരിക്കുന്നത്.

സജി ചെറിയാന്റെ കുറിപ്പ് ഇങ്ങനെ;

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ വാളെടുക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം.

എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവന കളില്‍ കാണുന്നത്. നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ട്. ഇതില്‍ സാംസ്‌കാരിക കേരളം ഒന്നടങ്കം പൃഥീരാജിനൊപ്പമുണ്ടാകും.

മനോഹരമായ ഒരു ദ്വീപസമൂഹത്തിലെ സൗന്ദര്യവും സംസ്‌കാരവും നശിപ്പിക്കാനും അത് കുത്തകകള്‍ക്ക് അടിയറവയ്ക്കാനുമുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജുഗുപ്‌സാവഹമായ ഭരണപരിഷ്‌കാരങ്ങളില്‍ നൊമ്പരപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാധാരണക്കാരായ ദ്വീപ് നിവാസികളുടെ വേദന പങ്കിട്ടു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അഭിപ്രായം പങ്കു വെച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ സിനിമ അഭിനയത്തിന്റെ ഏറ്റവും അടുത്ത നാള്‍ വരെ കണ്ടും അറിഞ്ഞും അനുഭവിച്ചും പോന്ന ദ്വീപിന്റെ തനതായ വശ്യതയും സൗന്ദര്യവും അന്യം നിന്നു പോകുമെന്ന ആശങ്കയാണ് മലയാളത്തിന്റെ ഈ പ്രിയനടന്‍ പങ്കുവച്ചത്. ദ്വീപ് സമൂഹത്തില്‍ പെട്ട ചങ്ങാതികള്‍ തനിക്ക് അയച്ച സന്ദേശത്തിന്റെ ഗൗരവം ഹൃദയത്തില്‍ ഏറ്റുവാങ്ങിയാണ് ഭരണാധികാരിയുടെ ജനവിരുദ്ധ നീക്കങ്ങളെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാമൂഹ്യ-സാംസ്‌കാരിക പ്രശ്‌നങ്ങളെ ഉത്തരവാദിത്വത്തോട് കൂടി നിരീക്ഷിക്കുന്ന കലാകാരന്‍ എന്ന നിലയില്‍ കേവലമായ അതിരുകള്‍ അല്ല മറിച്ചു മനുഷ്യരും അവരുടെ ജീവിതവും സാംസ്‌കാരിക വിനിമയങ്ങളും ആണ് ഒരു ജനതയുടെ സ്വത്വവും സാംസ്‌കാരിക വിശുദ്ധിയും പ്രകടമാക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട് അതുകൊണ്ട് ലക്ഷദ്വീപ് പോലെ ഭൂമിയിലെ തന്നെ വശ്യമനോഹരമായ ഒരു പ്രദേശത്ത് നടപ്പിലാക്കുന്ന ഏതു പരിഷ്‌കരണവും അവിടുത്തെ ജനതയെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമേ പാടുള്ളൂ എന്നാണ് തികച്ചും പക്വവും സംസ്‌കാരസമ്പന്നവുമായ രീതിയില്‍ പൃഥിരാജ് പറഞ്ഞിട്ടുള്ളത്.

ഇതിന്റെപേരില്‍ അദ്ദേഹത്തിന്റെ അഛന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ സുകുമാരന്റെ പേര് വലിച്ചിഴച്ച് പൃഥീരാജിനെ അപമാനിക്കുന്നത് അത്യന്തം അപലപനീയമാണ്. ഇത്തരത്തില്‍ തികച്ചും ഗര്‍ഹണീയമായ രീതിയില്‍ വാചാടോപവുമായി രംഗത്തെത്തിയിരിക്കുന്നതിനു പിന്നിലെ സംസ്‌കാര വിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും ജനങ്ങള്‍ തിരിച്ചറിയണം.

കേവലം അഭിനേതാവോ കലാകാരനോ മാത്രമല്ല പൃഥിരാജ്. നിര്‍ണായകമായ പല സാമൂഹിക – സാംസ്‌കാരിക വിഷയങ്ങളിലും പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളില്‍ പ്രതിഷേധിക്കുകയും അത്യന്തം പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആളും ആണ് അദ്ദേഹം. ഐക്യദാര്‍ഢ്യം.

Also Read: ‘നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൃഥ്വിരാജ് മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും മാനസികമായി തടവിലാക്കി’; ലക്ഷദ്വീപിനുവേണ്ടി പ്രതികരിക്കുന്ന താരങ്ങള്‍ക്ക് പിന്നില്‍ രാജ്യദ്രോഹികളെന്ന് ദേവന്‍

ലക്ഷദ്വീപിലെ കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജനം ടിവി പൃഥ്വിരാജിനെതിരെ നടത്തിയ അധിക്ഷേപത്തില്‍ പ്രതികരണവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ജനം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചും സെലിബ്രിറ്റികള്‍ രംഗത്തെത്തി. നടന്‍മാരായ അജുവര്‍ഗീസ്, അപ്പാനി ശരത്, ആന്റണി വര്‍ഗീസ്, അസിം ജമാല്‍ തുടങ്ങിയവരും സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസും ജൂഡ് ആന്റണി ജോസഫും പൃഥ്വിരാജിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

പൃഥ്വിരാജിനെതിരെയുള്ള വേട്ട അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പറഞ്ഞു. ഭരണവര്‍ഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്ക് അനുവദിക്കാനാകില്ലെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. ലവ്, ലൈക്ക് ഇമോജികള്‍ക്കൊപ്പം പൃഥ്വിരാജ് മീശിപിരിച്ച് ചിരിച്ചുനില്‍ക്കുന്ന ചിത്രമാണ് നടന്‍ ആന്റണി വര്‍ഗീസ് പോസ്റ്റ് ചെയ്തത്.