ഗെലോട്ട് രാജിവെച്ചേക്കും, പകരം സച്ചിന്‍ പൈലറ്റ്?; നിര്‍ണ്ണായക യോഗത്തിനൊരുങ്ങി രാജസ്ഥാന്‍ കോണ്‍ഗ്രസ്

അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ നേതൃമാറ്റം സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടന്‍. രാജസ്ഥാനില്‍ വിളിച്ചുചേർത്ത അടിയന്തര നിയമസഭാകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. ജയ്പൂരിലെ അശോക് ഗെലോട്ടിന്റെ വസതിയില്‍ വൈകിട്ട് ഏഴുമണിക്ക് യോഗം ആരംഭിക്കും.

സമവായ നീക്കത്തിനായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയ അജയ് മാക്കനും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തില്‍ പങ്കെടുക്കും. അശോക് ഗെലോട്ടിന്റെ വിശ്വസ്ഥനായ സി.പി. ജോഷിയെ മുഖ്യമന്ത്രിസ്ഥാനത്തെത്തിക്കാന്‍ ഗെലോട്ട് പക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും, ഗാന്ധി കുടുംബത്തിന്റെ പിന്തുണ സച്ചിന്‍ പൈലറ്റിനാണ്. മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ദ, എം.എല്‍.എ വാജിബ് അലി തുടങ്ങിയ നേതാക്കളും സച്ചിന്‍ പൈലറ്റിനെ അനുകൂലിച്ചെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ തെരഞ്ഞടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗത്തില്‍ പാസാക്കിയേക്കും.

ഗെലോട്ടിനൊപ്പം ഒരു വിഭാഗം മന്ത്രിമാരും ഈ നീക്കത്തോട് എതിർത്ത് രംഗത്തുണ്ടെങ്കിലും, ഇരട്ട പദവി അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ച സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിന് അനുകൂലമാണ് സാഹചര്യം. അതേസമയം, യോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിയേക്കും. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം- അശോക് ഗെലോട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരിക്കും സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

നേതൃമാറ്റത്തിന്റെ സൂചന നല്‍കി സച്ചിന്‍ പൈലറ്റ് എംഎല്‍എമാരെയും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടർച്ചായി അടുത്ത ദിവസം തന്നെ സ്പീക്കല്‍ സി.പി. ജോഷിയെും സച്ചിന്‍ പൈലറ്റ് സന്ദര്‍ശിച്ചേക്കും. ഭൂരിപക്ഷം എം.എല്‍.എമാര്‍ പിന്തുണയ്ക്കുന്നയാളെ മാത്രമേ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ പാടുള്ളൂ എന്ന ഗെലോട്ടിന്റെ കടുംപിടുത്തം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിന്തുണ ഉറപ്പിക്കുകയാണ് സച്ചിന്‍ പെെലറ്റിന്റെ ലക്ഷ്യം.