‘അങ്ങനെ കൂട്ടംതെറ്റിച്ച് എറിഞ്ഞ് കൊല്ലാമെന്ന് വ്യാമോഹമുണ്ടെങ്കില്‍ നിന്നുകൊടുക്കില്ല’; മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ നടപടിയെന്ന് ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം: ഓഫീസിലേക്ക് വിളിച്ച പ്രേക്ഷകയോട് പരിധിവിട്ട് പ്രതികരിച്ചു എന്ന ആരോപണത്തിന് പിന്നാലെ സ്ഥാപനത്തിലെ ലേഖികയ്ക്ക് നേരെയുണ്ടാവുന്ന സൈബര്‍ ആക്രമണത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്. ലേഖിക തെറ്റ് പരസ്യപ്പെടുത്തിയിട്ടും എഡിറ്റര്‍ ഖേദമറിയിച്ചിട്ടും തുടരുന്ന ബലാത്സംഗ-വധഭീഷണികളില്‍ നടപടി സ്വീകരിക്കുമെന്നാണ് ചാനല്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘ലേഖികയെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്നും വധിക്കണമെന്നുമുള്ള തരത്തില്‍ അതി നിഷ്ഠൂരമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീക്കെതിരെയല്ല, ഒരു വ്യക്തിക്കെതിരെ പോലും നടത്തരുതാത്ത അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് സൈബര്‍ കൊട്ടേഷന്‍ സംഘങ്ങളാണ് ആഹ്വാനം നല്‍കുന്നത്. അത് മുഖമില്ലാത്തവരുടെ മാത്രമല്ല, മുഖമുള്ളവരുമുണ്ട് ഈ ആഹ്വാനത്തിന് പിന്നില്‍. അത് അങ്ങേയറ്റം അപലപനീയമാണ്. വകവെച്ചുകൊടുക്കുന്ന പ്രശ്‌നമില്ല. തെറ്റുതിരുത്തി എന്ന് പറയുമ്പോള്‍ത്തന്നെ അങ്ങനെ കൂട്ടംതെറ്റിച്ചെറിഞ്ഞ് കൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിന് നിന്നുകൊടുക്കുന്ന പ്രശ്‌നമില്ല. ശക്തമായ നടപടി അക്കാര്യത്തില്‍ സ്വീകരിക്കും’, ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി. നമസ്‌തേ കേരളം പരിപാടിയിലായിരുന്നു ചാനല്‍ നിലപാട് വ്യക്തമാക്കിയത്.

ബംഗാളിലെ അക്രമങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ഓഫീസിലേക്ക് വിളിച്ച പ്രേക്ഷകയുടെ ചോദ്യം. തുടര്‍ന്ന് ലേഖിക നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ലേഖികയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തില്‍ വീഴ്ച വന്നെന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ, കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ ഇത്തരം വിളികള്‍ക്ക് മറുപടി പറയേണ്ടി വന്നപ്പോള്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയതാണെന്ന് വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയെ സംഘം ചേര്‍ന്ന് പീഡിപ്പിക്കണമെന്നും വധിക്കണമെന്നുമുടക്കമുള്ള ആഹ്വാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം കേന്ദ്രങ്ങളില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ബോയ്‌ക്കോട്ട് ഏഷ്യാനെറ്റ് ക്യാമ്പയിനുകളും ശക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നതിങ്ങനെ;

ബംഗാള്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രേക്ഷകരിലൊരാള്‍ ഞങ്ങളുടെ ഓഫീസിലേക്ക് വിളിച്ചപ്പോള്‍ സഹപ്രവര്‍ത്തകരിലൊരാള്‍ അവരോട് സംസാരിച്ച രീതി പരിധി വിട്ടു. അതില്‍ സ്ഥാപനത്തിന് തെറ്റ് ബോധ്യപ്പെടുകയും എഡിറ്റര്‍ ഖേദമറിയിക്കുകയും വീഴ്ചവരുത്തിയ ലേഖിക തെറ്റ് പരസ്യപ്പെടുത്തുകയും ചെയ്തു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനം എന്ന നിലയില്‍ മാതൃകാപരമായ നടപടിയെടുത്തു എന്ന് എഡിറ്റര്‍ പരസ്യമായി അറിയിച്ചു. അതിന് ശേഷവും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാപകമായ പ്രചരണം ഒരുഭാഗത്ത് നടക്കുകയാണ്.

അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴുണ്ടായ ക്ഷോഭത്തില്‍ പറഞ്ഞതാണെങ്കില്‍ പോലും അതൊരു വീഴ്ചയായി കണ്ട് സ്വയം തിരുത്തുകയും സ്ഥാപനം മാതൃകാപരമായ നടപടിയെടുക്കുകയും ചെയ്തതിന് ശേഷവും സ്ഥാപനത്തിനെതിരെ നടക്കുന്ന ആഹ്വാനങ്ങള്‍ ഒരു പരിധിവരെ മനസിലാക്കാം. മുമ്പും അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്.

പക്ഷേ, ആ ലേഖികയെ പരസ്യമായി ബലാത്സംഗം ചെയ്യണമെന്നും വധിക്കണമെന്നുമുള്ള തരത്തില്‍ അതി നിഷ്ഠൂരമായ സൈബര്‍ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീക്കെതിരെയല്ല, ഒരു വ്യക്തിക്കെതിരെ പോലും നടത്തരുതാത്ത അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് സൈബര്‍ കൊട്ടേഷന്‍ സംഘങ്ങളാണ് ഈ ആഹ്വാനം നല്‍കുന്നത്. അത് മുഖമില്ലാത്തവരുടെ മാത്രമല്ല, മുഖമുള്ളവരുമുണ്ട് ഈ ആഹ്വാനത്തിന് പിന്നില്‍. അത് അങ്ങേയറ്റം അപലപനീയമാണ്. വകവെച്ചുകൊടുക്കുന്ന പ്രശ്‌നമില്ല.

തെറ്റുതിരുത്തി എന്ന് പറയുമ്പോള്‍ത്തന്നെ അങ്ങനെ കൂട്ടംതെറ്റിച്ചെറിഞ്ഞ് കൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിന് നിന്നുകൊടുക്കുന്ന പ്രശ്‌നമില്ല. ശക്തമായ നടപടി അക്കാര്യത്തില്‍ സ്വീകരിക്കുമെന്ന് സ്‌നേഹത്തോടുകൂടി ഓര്‍മ്മപ്പെടുത്തുന്നു. കാരണം, ഉത്തരവാദിത്വപ്പെട്ട സ്ഥാപനമെന്ന നിലയ്ക്ക് തിരുത്തലുകള്‍ വരുത്തിയതിന് ശേഷമാണ് അക്കാര്യം പറയുന്നത്.

Also Read: ‘കൊവിഡ് റിപ്പോര്‍ട്ടിങ്ങിനിടെ തുടരെ ഇത്തരം കോളുകള്‍ വന്നപ്പോള്‍ നിയന്ത്രണം വിട്ടുപോയി’; ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തക

ഏഷ്യാനെറ്റ് ന്യൂസ് വെള്ളിയാഴ്ച നടത്തിയ ഖേദപ്രകടനം;

അറിയിപ്പ്

ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

എഡിറ്റര്‍

Also Read: ‘മനുഷ്യസ്‌നേഹിയായ താങ്കള്‍ ശാഖയില്‍ വഴിതെറ്റിക്കയറിയതാണോ രാജേട്ടാ’; എല്‍ഡിഎഫ് വിജയാഘോഷദിനം ദീപം തെളിയിച്ച് ഒ രാജഗോപാല്‍, ഹാഷ്ടാഗ് സേവ് ബംഗാള്‍