‘കൊവിഡ് റിപ്പോര്‍ട്ടിങ്ങിനിടെ തുടരെ ഇത്തരം കോളുകള്‍ വന്നപ്പോള്‍ നിയന്ത്രണം വിട്ടുപോയി’; ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തക

ഫോണില്‍ വിളിച്ച വ്യക്തിയോട് നടത്തിയ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തക. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പ്രതികരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി ആര്‍ പ്രവീണ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ബംഗാളിലെ അക്രമങ്ങള്‍ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോണ്‍ കോളുകള്‍ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികള്‍ക്ക് മറുപടി പറയേണ്ടി വന്നപ്പോള്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയതാണെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് വേണ്ടത്ര പ്രാധാന്യം കൊടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാരോപിച്ച് ബിജെപി അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്ന്‍ നടത്തിയിരുന്നു. ചാനല്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടും ചിലര്‍ രംഗത്തെത്തി. ഇതിനിടെയാണ് കോട്ടയം സ്വദേശിനി ഏഷ്യാനെറ്റ് ന്യൂസ് ഹെഡ്ക്വാട്ടേഴ്‌സിലേക്ക് വിളിച്ച് ബംഗാളിലെ അക്രമങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്താണെന്ന് ചോദിച്ചത്. ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഇവരോട് അമര്‍ഷത്തോടെയാണ് പ്രതികരിച്ചത്. ഈ സംഭാഷണത്തിന്റെ കോള്‍ റെക്കോഡ് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ മാധ്യമപ്രവര്‍ത്തകയ്ക്കും ചാനലിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

Also Read: ‘ടെലിഫോണില്‍ വിളിച്ച വ്യക്തിയോട് അപക്വമായ പരാമര്‍ശം നടത്തി’; സഹപ്രവര്‍ത്തകയ്‌ക്കെതിരെ നടപടി സ്വീകരിച്ചെന്ന് ഏഷ്യാനെറ്റ് ന്യൂസ്; ഖേദപ്രകടനം

സംഭവത്തില്‍ ഖേദപ്രകടനം നടത്തി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകയുടെ പ്രതികരണത്തില്‍ അനാവശ്യവും അപക്വവും ആയ പരാമര്‍ശങ്ങള്‍ കടന്നു കൂടിയന്നെും തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അറിയിച്ചു.