പെട്രോള്‍ വില 200ലെത്തിയാല്‍ ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്, വാഹന നിര്‍മ്മാതാക്കള്‍ മൂന്ന് സീറ്റുള്ള വാഹനം നിര്‍മ്മിക്കണം; ബിജെപി അസം സംസ്ഥാന അദ്ധ്യക്ഷന്റെ ആവശ്യങ്ങള്‍ ഇങ്ങനെ

ഗുവാഹത്തി: പെട്രോള്‍ വില 200 രൂപയിലെത്തിയാല്‍ ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം നല്‍കണമെന്ന് അസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബബീഷ് കലിത. തമുല്‍പൂരില്‍ നടന്ന ചടങ്ങിലാണ് കലിത ഇങ്ങനെ പറഞ്ഞത്.

ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണം. വാഹന നിര്‍മ്മാതാക്കള്‍ മൂന്ന് സീറ്റുള്ള വാഹനം നിര്‍മ്മിക്കണമെന്നും കലിത ഇതോടൊപ്പം ആവശ്യപ്പെട്ടു.

നേരത്തെ മന്ത്രിയായിരുന്ന കലിത കഴിഞ്ഞ ജൂണിലാണ് സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തത്. ആഡംബര കാറുകള്‍ ഉപേക്ഷിച്ച് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കണമെന്നും കലിത നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

കലിതയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. മോഡി അച്ഛേ ദിന്‍ വാഗ്ദാനം ചെയ്തത് കലിത ഓര്‍മ്മിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് നേതാവ് ബോബീത ശര്‍മ്മ ചോദിച്ചു.

‘മോഡി അച്ഛേ ദിന്‍ വാഗ്ദാനം ചെയ്തത് കലിത ഓര്‍മ്മിക്കുന്നുണ്ടോ?. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി നേതാക്കള്‍ ഗ്യാസ് സിലിണ്ടര്‍ തലയിലേറ്റിയതും സവാള മാല കഴുത്തിലണിഞ്ഞതും ഓര്‍ക്കുന്നുണ്ടോ?. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും അതിന്റെ നേട്ടം ഉപഭോക്താവിന് നല്‍കാതെ ഇന്ധനവില കൂടിക്കൊണ്ടിരിക്കുകയാണ്’, ബോബീത പ്രതികരിച്ചു.

ഗുവാഹത്തിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 101.80 രൂപയാണ്. ഡീസലിന്റെ വില 94.27 രൂപയും.