അസമില്‍ പൊരുതി വീണ് കോണ്‍ഗ്രസ് സഖ്യം; 51 എംഎല്‍എമാര്‍ ഇനി പ്രതിപക്ഷ നിരയില്‍

ഗുവാഹത്തി: അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം അധികാരം നിലനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം മികച്ച പ്രകടനമാണ് ഇത്തവണ നടത്തിയത്. ബിജെപി സഖ്യം 74 സീറ്റ് നേടിയാണ് അധികാരം നേടിയത്. കോണ്‍ഗ്രസ് സഖ്യം 51 സീറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. അധികാരം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപിക്ക് വെല്ലുവിളിയുയര്‍ത്താനും പ്രതിപക്ഷ നിരയിലേക്ക് നല്ല സംഖ്യ അംഗങ്ങളെയും നല്‍കാന്‍ കഴിഞ്ഞു.

ബിജെപിക്ക് വലിയ മുന്‍തൂക്കവും കോണ്‍ഗ്രസിന് ഏതാണ്ട് യാതൊരു പ്രതീക്ഷയുമില്ലാത്ത അവസ്ഥയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കൃത്യമായ ആലോചനകളും മികച്ച രീതിയിലുള്ള പ്രചരണം ഈ അവസ്ഥയെ ആഴ്ചകള്‍ക്കുള്ളില്‍ മാറ്റിക്കളഞ്ഞു.

ഈ വര്‍ഷം ജനുവരി ആദ്യത്തില്‍ കോണ്‍ഗ്രസ് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിനെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ നിരീക്ഷനായി നിയമിച്ചു. തുടര്‍ച്ചയായി ബിജെപി ഭരിച്ചിരുന്ന ചത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം സമ്മാനിച്ചാണ് ഭൂപേഷ് ഭാഗെല്‍ മുഖ്യമന്ത്രിയായത്.

തന്നെ നിരീക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഭൂപേഷ് ഭാഗെല്‍ തന്റെ വിശ്വസ്തരായ നേതാക്കളെയും കൂട്ടി അസമിലെത്തി. മാത്രമല്ല സംസ്ഥാനത്തെ ആകെ 126 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിന് വേണ്ടി ചത്തീസ്ഗഡില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ഇരുപതോളം ടീമുകളെ ഉണ്ടാക്കി. ഈ ടീം സംസ്ഥാനത്തെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും പ്രാദേശിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 2014ലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തരായിട്ടില്ലാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലമാക്കുന്നതിനും വോട്ടര്‍മാരെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടതെന്ന് പഠിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊരു പദ്ധതിയുണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമേകാന്‍ അത് സഹായിച്ചുവെന്ന് ചത്തീസ്ഗഡില്‍ നിന്ന് വന്ന നേതാക്കള്‍ പറയുന്നു.

2014ല്‍ അധികാരം നഷ്ട്പ്പെട്ട് നാല് വര്‍ഷം കഴിഞ്ഞ് തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിലെ വിഭാഗീയത അവസാനിച്ചിരുന്നില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ റിപുണ്‍ ബോറ, നിയമസഭ കക്ഷി നേതാവ് ദേബബ്രത സൈകിയ, പ്രദ്യുത് ബോര്‍ദോലോയ്, ഗൗരവ് ഗൊഗോയ്, മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സുഷ്മിത ദേവ് എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലായിരുന്നു വിഭാഗീയത. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ എല്ലാ നേതാക്കളും വെടിനിര്‍ത്തി പ്രസ്ഥാനത്തിന്റെ കീഴിലേക്ക് ഒതുങ്ങി.

അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം തല്‍ക്കാലം മറക്കാനും ബിജെപിയുടെ സംഘടന ശക്തിയെ മറികടന്ന് ഭീഷണി ഉയര്‍ത്താന്‍ ഒരുമിച്ച് നില്‍ക്കുവാനും അവര്‍ തീരുമാനിച്ചു. ഒരുമിച്ച് എല്ലാ പരിപാടികളിലും പങ്കെടുക്കുകയും മാധ്യമങ്ങളെ കാണുമ്പോള്‍ എല്ലാവര്‍ക്കും ഇടം നല്‍കാനും എല്ലാ നേതാക്കളും ശ്രദ്ധിക്കുകയും ചെയ്തു’, സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു.

2014ലെയും 2019ലെയും ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആകെ 14 സീറ്റുകളില്‍ ആകെ മൂന്നെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 126 സീറ്റുകളില്‍ 26 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ബിജെപി 60 സീറ്റുകളിലും അസം ഗണപരിഷത്ത് 14 സീറ്റുകളിലും ബോഡോലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടി 12 സീറ്റുകളിലും വിജയിച്ചു.

ഭൂപേഷ് ഭാഗെലിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജിതേന്ദ്ര സിങിന് അസമിന്റെ ഉത്തരവാദിത്വം നല്‍കി. ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ ജിതേന്ദ്ര സിങ് രാജസ്ഥാനിലും ചത്തീസ്ഗഡിലും പഞ്ചാബിലും കോണ്‍ഗ്രസിന് വിജയം സമ്മാനിച്ച പ്രചരണ കമ്പനിയായ ഡിസൈന്‍ ബോക്സ്ഡിനെയും കൂട്ടിയാണ് അസമിലേക്ക് വന്നത്.

‘ഞങ്ങള്‍ ജനുവരിയില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യത്തിന് സമയമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന് ഇഇനിയൊരു അവസരം ലഭിക്കില്ല എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ഞങ്ങളെവിടെ പോവുമ്പോഴും ഇത്തവണ ക്ഷീണിച്ച സംഘമാണ്, പത്തോ പതിനഞ്ചോ സീറ്റുകള്‍ ഇക്കുറി ലഭിച്ചേക്കുമെന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്. രണ്ട് പ്രാദേശിക പാര്‍ട്ടികള്‍, അസം ജാതീയ പരിഷത്തും റൈജോര്‍ ദള്‍ എന്നീ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനേക്കാള്‍ ശക്തിയുണ്ടായിരുന്നു’, ഡിസൈന്‍ ബോക്സ്ഡ് സഹസ്ഥാപകന്‍ നരേഷ് അറോറ പറഞ്ഞു.

ഭരണകക്ഷിയായ ബിജെപി എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ട് നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. റോഡുകള്‍ നന്നാക്കുകയും കൊവിഡ് അന്തരീക്ഷത്തെ കുറച്ചു കൂടി മികച്ച രീതിയില്‍ പരിഹരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ കോണ്‍ഗ്രസിന് മറികടക്കാനുള്ളത് വലിയ വെല്ലുവിളിയാണെന്ന് താന്‍ മനസ്സിലാക്കിയെന്ന് നരേഷ് അറോറ പറയുന്നു.

അതിനെ മറികടക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് യാത്രകള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കള്‍ നയിക്കുന്ന നാല് യാത്രകള്‍ അസമിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചു. 14000 കിലോമീറ്ററാണ് ഈ ജാഥകള്‍ പിന്നിട്ടത്. ഇത് താഴെ തട്ടിലെ വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കാനും പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും സഹായിച്ചു.

തെരഞ്ഞെടുപ്പില്‍ ആദ്യ വഴിത്തിരിവുണ്ടാകുന്നത് ഫെബ്രുവരി പകുതിയില്‍ രാഹുല്‍ ഗാന്ധി ശിവസാഗറില്‍ നടന്ന റാലിയില്‍ നടത്തിയ പ്രഖ്യാപനത്തോടെയാണ്. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസമില്‍ നടപ്പിലാക്കില്ലെന്നായിരുന്നു ആ പ്രഖ്യാപനം’, അറോറ പറഞ്ഞു.

അറോറയും 350 അംഗ സംഘവും അസമിന്റെ വിവിധ ഭാഗങ്ങളിലായും 150 അംഗ സംഘവും മൊഹാലിയിലെ ഓഫീസിലുമായി പ്രവര്‍ത്തിച്ച് കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞു. ജിതേന്ദ്ര സിങിന്റെ ഉപദേശങ്ങള്‍ കൂടി സ്വീകരിച്ചു കൊണ്ടായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. ഗുവാഹത്തിയില്‍ പഞ്ചനക്ഷത്ര സ്ഥലത്ത് ഒരു ഫ്ളോര്‍ വാടകക്കെടുത്തായിരുന്നു പ്രവര്‍ത്തനം.
2016ല്‍ 13 സീറ്റുകളില്‍ വിജയിച്ച എഐയുഡിഎഫുമായും ഇടതുപാര്‍ട്ടികളുമായും കോണ്‍ഗ്രസ് സഖ്യം ചേര്‍ന്നു. നേരത്തെ ബിജെപിയുടെ ഘടകകക്ഷിയായിരുന്ന ബോഡോലാന്‍ഡ് പിപ്പിള്‍സ് ഫ്രണ്ട് പിന്നീട് ഘടകകക്ഷിയായത് സഖ്യത്തിന് വലിയ ആവേശമാണുണ്ടാക്കിയത്. 2016ല്‍ ബിപിഎഫ് 12 സീറ്റുകള്‍ നേടിയിരുന്നു. ബോഡോ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയായിരുന്നു ഈ മുഴുവന്‍ സീറ്റുകളും.

യാത്രകള്‍ നല്‍കിയ ആവേശത്തില്‍ കോണ്‍ഗ്രസ് അഞ്ച് ഉറപ്പുകള്‍( ഗാരണ്ടി) പ്രഖ്യാപിച്ചു. പൗരത്വ നിയമം നടപ്പാക്കില്ല, വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ, 200 യൂണിറ്റ് വൈദ്യുതി സൗജന്യം, 500,000 സര്‍ക്കാര്‍ ജോലികള്‍, തേയില തൊഴിലാളികളുടെ ദിവസ വേതനം 365 രൂപയാക്കും എന്നിവയായിരുന്നു ആ ഉറപ്പുകള്‍. മാര്‍ച്ചില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇവ പ്രഖ്യാപിച്ചത്.

‘ആദ്യമായാണ് ഒരു പാര്‍ട്ടി വാഗ്ദാനങ്ങള്‍ക്ക് പകരം ഉറപ്പുകള്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടികളോട് ജനങ്ങളോടുള്ള വിശ്വാസ്യത കുറയുന്നു എന്ന് കണ്ടതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഉറപ്പ് എന്ന വാക്ക് തന്നെ ഉപയോഗിച്ചത്. ഞങ്ങളുപയോഗിച്ച വാക്കിന്റെ അര്‍ത്ഥം എല്ലാ അസം ജനതക്കും മനസ്സിലായതും ഞങ്ങളെ സഹായിച്ചു’, അറോറ പറഞ്ഞു.

എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദ്ദറുദ്ദീന്‍ അജ്മലിനെ വര്‍ഗീയപരമായി ആക്രമിക്കുകയും കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ അസം സംസ്‌കാരം നഷ്ടപ്പെടും എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ നടത്തുകയല്ലാതെ വ്യക്തിപരമായി വോട്ടര്‍മാര്‍ക്ക് നേട്ടമുണ്ടാവുന്ന ഒരു പ്രഖ്യാപനവും നടത്താതിരുന്നതിനാല്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഉറപ്പുകള്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷികള്‍ക്ക് സീറ്റ് വിതരണം വളരെയധികം പരിശോധിച്ചതിന് ശേഷമാണ് നടത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും സൂക്ഷ്മത ഉണ്ടായി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ പന്ത്രണ്ടോളം റാലികളും കോണ്‍ഗ്രസിനെ വലിയ തോതില്‍ സഹായിച്ചു.