‘രാഹുല്‍ ഗാന്ധിക്ക് നേതാവാകാന്‍ കഴിയുന്നില്ല’; അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു, ബിജെപിയിലേക്ക്

ദിസ്പൂര്‍: അസമില്‍ നാല് തവണ എംഎല്‍എയായിരുന്ന കോണ്‍ഗ്രസ് നേതാവ് രൂപ്‌ജ്യോതി കുര്‍മി രാജിവെച്ച് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. നിയമസഭാംഗത്വവും കുര്‍മി ഉടന്‍ ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ സ്പീക്കര്‍ ബിശ്വജിത്ത് ദൈമേരിക്ക് ഇദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.

അസമിലെ ജോര്‍ഹട്ട് ജില്ലയിലെ മരിയാനിയിലെ എംഎല്‍എയാണ് കുര്‍മി. പാര്‍ട്ടി യുവജനങ്ങള്‍ക്ക് പ്രാതിനിത്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് രാജി. ‘പാര്‍ട്ടിയിലെ യുവനിരയുടെ ശബ്ദം കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെയാണ് മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി ദയനീയാവസ്ഥയിലായിരിക്കുന്നത്. എന്റെ രാജിയുമായി ഞാന്‍ സ്പീക്കറെ കാണും’, കുര്‍മി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിക്ക് നേതൃത്വമേറ്റെടുക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തെ നേതൃസ്ഥാനത്തെത്തിക്കാനാണ് തീരുമാനമെങ്കില്‍ പാര്‍ട്ടിക്കൊരു മുന്നോട്ടുപോക്കുണ്ടാകില്ല’, അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാന്‍ നീക്കം; നിര്‍ണായക തീരുമാനത്തിനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഐയുഡിഎഫുമായി സഖ്യം ചേര്‍ന്നതിനെയും കുര്‍മി കുറ്റപ്പെടുത്തി. ‘ഗുവാഹത്തിയിലെ നേതാക്കള്‍ പ്രായംചെന്നവര്‍ക്ക് മാത്രമാണ് അവസരം നല്‍കന്നത്. കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ നല്ല അവസരമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. എഐയുഡിഎഫുമായി സഖ്യമുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു. കാരണം, തീര്‍ച്ചയായും അതൊരു വലിയ തെറ്റായിരുന്നു’.

എഐയുഡിഎഫുമായി സഖ്യം ചേരാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വിഡ്ഢിത്തം മാത്രമായിരുന്നു. താനതിനെ നഖശിഖാന്തിരം എതിര്‍ത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. അസം കോണ്‍ഗ്രസില്‍നിന്ന് ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന മുന്നറിയിപ്പും കുര്‍മി നല്‍കിയിട്ടുണ്ട്. യുപി കോണ്‍ഗ്രസില്‍നിന്ന് ജിതിന്‍ പ്രസാദ പടിയിറങ്ങിയതിന് പിന്നാലെയാണ് കുര്‍മിയും ബിജെപി പാളയത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം അധികാരം നിലനിര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം മികച്ച പ്രകടനമാണ് ഇത്തവണ നടത്തിയിരുന്നത്. ബിജെപി സഖ്യം 74 സീറ്റ് നേടിയാണ് അധികാരം നേടിയത്. കോണ്‍ഗ്രസ് സഖ്യം 51 സീറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. അധികാരം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബിജെപിക്ക് വെല്ലുവിളിയുയര്‍ത്താനും പ്രതിപക്ഷ നിരയിലേക്ക് നല്ല സംഖ്യ അംഗങ്ങളെയും നല്‍കാന്‍ കഴിഞ്ഞിരുന്നു. അതിനിടെയാണ് അസ്വാരസ്യങ്ങള്‍ പുകയുന്നത്.