കൊവിഡ് രോഗി മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയെന്ന് ആരോപണം; അസമില്‍ യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് ബന്ധുക്കള്‍

ഗുവാഹത്തി: ഓക്‌സിജന്‍ ലഭിക്കാതെയാണ് കൊവിഡ് രോഗി മരിച്ചതെന്ന് ആരോപിച്ച് അസം ഗുവാഹത്തിയില്‍ യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് ബന്ധുക്കള്‍. രോഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ഒരു കൂട്ടം ബന്ധുക്കള്‍ അലുമിനിയം പാത്രങ്ങളും കട്ടകളും ചൂലും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതിന്റെയും നിലത്തിട്ട് മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ മുഖ്യ പ്രതിയെ അടക്കം 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദാലി മോഡേണ്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മര്‍ദ്ദനമേറ്റ ഡോ സ്യൂജ് കുമാര്‍ സേനാപതി മാത്രമായിരുന്നു സംഭവസമയത്ത് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

കൊവിഡ് പോസിറ്റീവായതിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ഗിയാസ് ഉദ്ദിന്‍ എന്ന രോഗി ആശുപത്രിയില്‍ വെച്ച് മരിച്ചത്. ‘രോഗിയുടെ നില ഗുരുതരമാണെന്നും രാവിലെ മുതല്‍ മൂത്രം പോവുന്നില്ലെന്നും രോഗിയെ നോക്കുന്ന നഴ്‌സ് എന്നോടുവന്ന് പറഞ്ഞു. ഞാന്‍ രോഗിയെ നോക്കാന്‍ മുറിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇക്കാര്യം നഴ്‌സിനോട് പറഞ്ഞപ്പോഴേക്കും ബന്ധുക്കള്‍ എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങി’, മര്‍ദ്ദനമേറ്റ ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ‘മാസ്‌ക് വെക്കൂ…’ പ്രതിപക്ഷ നേതാവിനോട് സ്പീക്കര്‍; രണ്ടുതവണ കൊവിഡ് വന്നു, ശ്വാസ തടസമുണ്ടെന്ന് വിഡി സതീശന്‍, പിന്നെ അനുസരണ

‘അവര്‍ ആശുപത്രിയിലേക്ക് ഇരച്ചെത്തി. അവിടെയുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ രക്ഷാര്‍ത്ഥം ഓടി. ഞാന്‍ എന്റെ റൂമിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു. അവര്‍ മുപ്പതോളം പേരുണ്ടായിരുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയില്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഐഎംഎയും അപലപിച്ചു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അസം മെഡിക്കല്‍ സര്‍വീസ് അസോസിയേഷന്‍ ഇന്ന് ഒപികളും സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളും ബഹിഷ്‌കരിച്ചു. കൊവിഡ് വാര്‍ഡുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തനം നടത്തിയത്. പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തിയത്.