ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ തിരിച്ചടിയില്‍ നിരാശ പരസ്യപ്പെടുത്തി ബിജെപി ദേശീയ നേതൃത്വം. അഞ്ചുസീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചു. എന്നാല്‍ സംസ്ഥാനത്ത് പാര്‍ട്ടി തകര്‍ന്നടിയുകയാണുണ്ടായത്. പരാജയം വിലയിരുത്താന്‍ കേരള നേതൃത്വം ശ്രമിക്കുന്നില്ലെന്നുമുള്ള അതൃപ്തി ദേശീയ നേതാക്കള്ക്കടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയില്‍ തുടരുന്ന ബിജെപി നേതൃയോഗത്തിന് ശേഷം പാര്‍ട്ടിയിലും കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടായേക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാളിലെ കനത്ത തിരിച്ചടി പാര്‍ട്ടിയുടെ പ്രതീക്ഷകളെ തകര്‍ത്തു. കേരളത്തില്‍ അഞ്ചു സീറ്റ് വരെ പ്രതീക്ഷിച്ചിടത്ത് ഒരിടത്തുപോലും ജയിക്കാനായില്ല. വിജയസാധ്യതയുള്ള സീറ്റുകളില്‍ നല്ല പ്രകടനം ഉണ്ടായില്ലെന്നുമുള്ള വിമര്‍ശനം ബിജെപി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലുണ്ടായി.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ പാര്‍ട്ടിയിലും സര്‍ക്കാരിലുമൊക്കെ അഴിമതിച്ചുപണി വേണമെന്ന അഭിപ്രായവും ഉയരുന്നിട്ടുണ്ട. ബിജെപി പാര്‍ലമെന്ററി ബോര്‍ഡിലെ അഞ്ച് അംഗങ്ങളുടെ ഒഴിവ് നികത്തുകയും തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കാര്യപ്രാപ്തിയുള്ള നേതാക്കളെ കൊണ്ടുവരണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ട്. പരാജയം നേരിട്ട സംസ്ഥാനങ്ങളില്‍ നേതൃത്വത്തിലും സംഘടന ചുമതലയിലും മാറ്റങ്ങള്‍ വന്നേക്കും.
കേരളത്തിന്റെ സംഘടന ചുമതലയുള്ള ബിഎല്‍ സന്തോഷ് മാറിയേക്കും. ബംഗാളിന്റെ ചുമതലയുള്ള നേതാക്കളിലും മാറ്റങ്ങള്‍ വരും.
കേന്ദ്ര മന്ത്രിസഭയില്‍ ചിലരെ ഒഴിവാക്കി പുതു മുഖങ്ങളെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുമ്പ് മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കും.