കത്തി കഴുത്തില്‍വെച്ച് പണം ഗൂഗിള്‍ പേ വഴി തട്ടിയെടുത്തു; പിന്നാലെ പൊലീസത്തി അറസ്റ്റ്

മഞ്ചേശ്വരം: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി തൊഴിലാളിയെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉപ്പള മൂളിഞ്ചയിലെ ഇര്‍ഫാന്‍ എന്ന പപ്പുവിനെയാണ് മഞ്ചേശ്വരം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ബാര്‍ബര്‍ തൊഴിലാളിയായ യുപി സ്വദേശി ആലമിന്റെ പരാതിയിലാണ് കേസ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

തൊഴിലാളികള്‍ താമസിക്കുന്ന ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ ഫ്‌ളാറ്റില്‍ ഇര്‍ഫാനും സംഘവും അതിക്രമിച്ച് കയറുകയായിരുന്നു. ആലമിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു വീഴ്ത്തി.

21000 രൂപ തട്ടിയെടുക്കുകയും തുടര്‍ന്ന് കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 5000 രൂപ അയപ്പിച്ചുവെന്നാണ് പരാതി.