‘അണ്‍എത്തിക്കല്‍ ആന്‍ഡ് അണ്‍പ്രൊഫഷണല്‍’; മരണത്തിന് മുമ്പ് കൊവിഡ് രോഗിക്ക് കലിമ ചൊല്ലിക്കൊടുത്ത ഡോക്ടര്‍ക്കെതിരെ സി രവിചന്ദ്രന്‍

പാലക്കാട് പട്ടാമ്പിയില്‍ മരണാസന്നയായ കൊവിഡ് രോഗിക്ക് ‘കലിമ’ ചൊല്ലിക്കൊടുത്ത ഡോക്ടര്‍ക്കെതിരെ യുക്തിവാദ പ്രഭാഷകന്‍ സി രവിചന്ദ്രന്‍. മരിക്കാന്‍ പോകുന്ന രോഗി 20 മിനിറ്റ് വെന്റിലേറ്ററിന് പുറത്ത് മരണം കാത്തുകിടന്നപ്പോള്‍ രോഗിയുടെ അഭ്യര്‍ത്ഥനയോ ആവശ്യപ്പെടലോ ഇല്ലാതെയാണ് ഫിസിഷ്യന്‍ ഇടപ്പെട്ടതെന്ന് രവിചന്ദ്രന്‍ ആരോപിച്ചു. ഫിസിഷ്യന്‍ തനിക്ക് പരിചിതമായ അന്ധവിശ്വാസധാരണകള്‍ അനുസരിച്ച് അവരോട് എന്തോ പറയുകയും അവര്‍ അതനുസരിച്ച് സവിശേഷരീതിയില്‍ ശ്വാസം വിട്ടെന്ന് സങ്കല്‍പ്പിക്കുകയും ചെയ്തു. പുറത്തുള്ള ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടാണോ അങ്ങനെ ചെയ്തതെന്നു വ്യക്തമല്ലെന്നും കൊല്ലം എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളെജ് അദ്ധ്യാപകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ടായാലും രോഗി ആവശ്യപെടാതെ ഇങ്ങനെയൊരു കാര്യം ചെയ്തത് ഡോക്ടറെന്ന നിലയില്‍ അണ്‍എത്തിക്കല്‍ ആന്‍ഡ് അണ്‍പ്രൊഫഷണല്‍ ആണെന്നതില്‍ സംശയമില്ല.

രവിചന്ദ്രന്‍ സി

പട്ടാമ്പി സേവന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃത്താല പട്ടിത്തറ സ്വദേശിയായ വീട്ടമ്മയ്ക്ക് ഫിസിഷ്യന്‍ ഡോ. രേഖ ആര്‍ കൃഷ്ണ ‘ശഹാദത്ത് കലിമ’ ചൊല്ലിക്കൊടുത്തത് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. മരിക്കും മുന്‍പ് ‘കലിമ’ ചൊല്ലിക്കേള്‍ക്കുന്നതും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഏറ്റുചൊല്ലുന്നതും സ്വര്‍ഗപ്രവേശനം എളുപ്പമാക്കുമെന്നാണ് ഇസ്ലാം വിശ്വാസം. ഡോക്ടറെ പ്രശംസിച്ച് ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നു. 17 ദിവസമായി കൊവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ ഗുരുതരാവസ്ഥയിലായിരുന്നു. മരണസമയത്ത് കൊവിഡ് അത്യാഹിത വിഭാഗത്തില്‍ ഡോ. രേഖയും നേഴ്‌സും മാത്രമാണ് വീട്ടമ്മയുടെ അടുത്തുണ്ടായിരുന്നത്. ബന്ധുക്കളാരും അടുത്തില്ലാത്തതിനാല്‍ താന്‍ തന്നെ അത് ചെയ്‌തെന്ന് ഡോ. രേഖ പറഞ്ഞു. എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കാനാണ് മാതാപിതാക്കള്‍ പഠിപ്പിച്ചതെന്നും മനുഷ്യനെ മനസിലാക്കുന്നതാണ് പ്രധാനമെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.