ബംഗാളില്‍ വി മുരളീധരന്റെ വാഹനത്തിന് നേരെ വളഞ്ഞിട്ട് ആക്രമണം; സംഘര്‍ഷ സ്ഥലത്തേക്കുള്ള യാത്ര റദ്ദാക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെത്തിയ കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ ആക്രമിച്ചെന്നും സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണെന്നും മുരളീധരന്‍ ആരോപിച്ചു.

വാഹനത്തെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുരളീധരന്‍ തന്നെ പുറത്തുവിട്ടു.

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബംഗാളിലെ പലയിടങ്ങളിലും വലിയ സംഘര്‍ഷങ്ങളാണ് അരങ്ങേറുന്നത്. സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു വി മുരളീധരന്‍ ബംഗാളിലെത്തിയത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയും ബംഗാളില്‍ തമ്പടിച്ചിട്ടുണ്ട്. മിഡ്‌നാപൂരിലേക്കുള്ള മുരളീധരന്റെ യാത്രയ്ക്കിടെയാണ് ആക്രമണമുണ്ടായത്.

ഒരുസംഘമാളുകള്‍ ചേര്‍ന്നാണ് വാഹനവ്യൂഹത്തെ നേരിട്ടത്. മുരളീധരന്റെ വണ്ടിക്കുനേരെ കല്ലെറിയുകയും വാഹനത്തിന്റെ പിന്നിലെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായേക്കുമെന്ന സൂചനയെത്തുടര്‍ന്ന് മുരളീധരന്‍ സന്ദര്‍ശം റദ്ദാക്കി മടങ്ങി.

അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപി വൃത്തങ്ങള്‍ വാദിക്കുന്നത്. മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ടെന്ന് മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള് പറയുന്നു.

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഘര്‍ഷ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരെ ബംഗാളിലേക്ക് അയച്ചിട്ടുണ്ട്.